താമരശ്ശേരി: ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എസ്.എന്‍. ഡി.പി.യോഗം തിരുവമ്പാടി യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ നാരായണ വനിതാ സ്വാശ്രയ അപ്പക്‌സ് സംഘം യൂണിയന് കീഴിലുള്ള തെരെഞ്ഞെടുക്കപ്പെട്ട സ്വാശ്രയ സംഘങ്ങള്‍ക്ക് സൗജന്യമായി ഇഞ്ചി, മഞ്ഞള്‍, തുടങ്ങിയ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു. വിതരണം ചെയ്ത വിത്തുകള്‍ കൃഷി ചെയ്തു ലഭിക്കുന്ന നടീല്‍ വസ്തുക്കള്‍ കര്‍ഷകരില്‍ നിന്നും യോഗം സമാഹരിക്കുകയും തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. ഈ രീതിയില്‍ തിരുവമ്പാടി യൂണിയനില്‍ ആകമാനം ജൈവ കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയാണ് എസ്.എന്‍.ഡി.പി.യോഗം ആവിഷ്‌കരിക്കുന്നത്.
താമരശ്ശേരി ശാഖയില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ വൈസ്പ്രസിഡന്റ് എം.കെ.അപ്പുക്കുട്ടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖാ പ്രസിഡന്റ് വി.രാഘവന്‍ അധ്യക്ഷത വഹിച്ചു. വനിതാ സംഘം കൗണ്‍സിലര്‍ കെ.എം.നളിനാക്ഷി, ശാഖാ വൈസ് പ്രസിഡന്റ് വത്സന്‍ മേടോത്ത് സംസാരിച്ചു. കെ.ടി. രാമകൃഷ്ണന്‍ സ്വാഗതവും ഷൈജു തേറ്റാമ്പുറം നന്ദിയും പറഞ്ഞു.
















