കാഞ്ഞങ്ങാട്: കിഴക്കൂലോം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് തലയില്‍ പൂക്കൊട്ടയുമേന്തി പൂക്കാര്‍ സംഘം പുറപ്പെട്ടു.
മൂത്തേടത്ത് കുതിര് എന്നറിയപ്പെടുന്ന വെള്ളിക്കോത്ത് അടോട്ട് പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഇളയിടത്ത് കുതിര് എന്നറിയപ്പെടുന്ന കാഞ്ഞങ്ങാട് കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് നിന്നുമാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടുകൂടി ആചാരപെരുമയോടെ പൂക്കാര്‍ സംഘം പുറപ്പെട്ടത്. സംഘം ഇന്ന് ഉച്ചയോടെ കാട്ടുര്‍ തറവാട്ടിലും തുടര്‍ന്ന് തുളുര്‍വനത്ത് ഭഗവതി ക്ഷേത്രത്തിലുമെത്തും. പച്ചയോല മെടഞ്ഞ് പ്രത്യേകം തയ്യാറാക്കിയ പൂക്കൊട്ട തലയിലേന്തി 45 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് പൂക്കാര്‍ സംഘം തുളുര്‍വനത്തെത്തുന്നത്.
അടോട്ട് പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും തുളുര്‍വനത്ത് ഭഗവതിയെയും ക്ഷേത്ര പാലകനെയും, മുന്നായരീശ്വരന്‍ കുടികൊള്ളുന്ന കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തുനിന്നും മൂന്നായരീശ്വരനെയും പൂക്കൊട്ടകളില്‍ കുടിയിരുത്തി മഞ്ഞടുക്കത്തേക്ക് എഴുന്നള്ളിക്കുന്നു എന്നാണ് സങ്കല്‍പം. പൂക്കൊട്ടകളിലുള്ള പൂവുകള്‍ തുളുര്‍വനത്ത് ഭഗവതിയും, ക്ഷേത്ര പാലകനും, മുന്നായരീശ്വരനുമായി സങ്കല്‍പ്പിച്ചാണ് പൂക്കാര്‍ വരുന്നത്.
പരമ്പരാഗത വഴിയില്‍ കൂടിയുള്ള സംഘത്തിന്റെ യാത്രയില്‍ ചില കാവുകളിലും ക്ഷേത്രങ്ങളിലും മാത്രമെ പൂക്കാര്‍ക്ക് തങ്ങാനും ക്ഷീണം തീര്‍ക്കാനും പാടുള്ളു. യാത്രാവഴിയില്‍ തീയ സമുദായങ്ങളില്‍പെട്ട ചില വീടുകളിലാണ് സ്ഥിരമായി ഇവര്‍ക്ക് സദ്യ നല്‍കി വരുന്നത്. അതാതു ദേശക്കാര്‍ ഭക്തിയും ശുദ്ധിയോടും കൂടി ഇവരെ വരവേറ്റ് ഭക്ഷണം നല്‍കി പിന്നീട് യാത്രയാക്കും. എല്ലാ വര്‍ഷവും മഹാശിവരാത്രി നാളില്‍ രാത്രി 12 മണിക്ക് ശേഷം ക്ഷേത്രത്തിലെ തെക്കേന്‍ വാതില്‍ എന്നറിയപ്പെടുന്ന സത്യപടി തുറക്കുന്നതോടെയാണ് കളിയാട്ടത്തിന് തുടക്കമാവുന്നത്.
മൂന്നാം കളിയാട്ടനാളില്‍ കുതിരുകളില്‍ നിന്നും പുറപ്പെടുന്ന പൂക്കാര്‍ നാലാം കളിയാട്ട നാളില്‍ തുളുര്‍വനത്ത് ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പേ പാണത്തൂര്‍ കാട്ടുര്‍ തറവാട്ടിലെത്തുന്ന പൂക്കാര്‍ സംഘത്തെ തറവാട്ടമ്മ വിളക്കും താലവുമേന്തി എതിരേല്‍ക്കും. തുടര്‍ന്ന് അവിടുന്ന് പുറപ്പെടുന്ന പൂക്കാര്‍ സംഘം സന്ധ്യയോടെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുക.
ആറാം കളിയാട്ട ദിനത്തില്‍ കുതിരുകളുടെ നേതൃത്വത്തില്‍ ഇവര്‍ കൊണ്ടുവന്ന പൂവുകളുമായി കലശ നിവേദ്യം നടത്തും. കളിയാട്ടം കഴിയുന്നതുവരെ ക്ഷേത്രകാവില്‍ തങ്ങുന്ന സംഘം തുടര്‍ന്ന് 16ന് തിരിച്ച് ദേവസ്ഥാനങ്ങളിലേക്ക് യാത്രയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: