വടകര: കോണ്‍ഗ്രസ് നേതാവിനെതിരെ അനാശാസ്യ ആരോപണവുമായി ഡിവൈഎഫ്‌ഐ. എന്നാല്‍ ഡിവൈഎഫ്‌ഐ സദാചാരപോലീസ് ചമഞ്ഞ് പോലീസുമായി ഒത്തുചേര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം. ഇന്നലെ വടകരയിലാണ് സംഭവങ്ങളുടെ അരങ്ങേറ്റം.
കോണ്‍ഗ്രസ് നേതാവും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിക്കെതിരെയാണ് അനാശാസ്യ ആരോപണവുമായി ഡിവൈഎഫ്‌ഐ രംഗത്തുവന്നത്. വടകരയിലെ സ്വാല്‍കോ സഹകരണ സ്ഥാപനത്തില്‍ജോലിക്കെത്തിയ യുവതിയെയും സ്വാല്‍കോ പ്രസിഡന്റുകൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയെയും ഒരുപറ്റം ഡിവൈഎഫ്‌ഐക്കാര്‍ മുറിക്കകത്താക്കി ഷട്ടര്‍ അടച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കളായ പി.കെ. രാജേഷ്, രമേശ് നൊച്ചാട്, അനൂപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വടകര പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. വടകര പോലീസിനെതിരെ ഒറ്റയാള്‍പോരാട്ടം നടത്തിയതിനാല്‍ തിരുവള്ളൂര്‍ മുരളിക്കെതിരെ പോലീസിന്റെ പകപോക്കിയതാണെന്ന് നേതാക്കള്‍ പറഞ്ഞു. മെഡിക്കല്‍ പരിശോധന നടത്തണമെന്ന മുരളിയുടെ ആവശ്യത്തെതുടര്‍ന്ന് പരിശോധനക്ക് ശേഷം ഇവരെ വിട്ടയച്ചു. പോലീസ് സ്റ്റേഷനിലും സമീപത്തും ഇതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി.
കോണ്‍ഗ്രസിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രകടനങ്ങള്‍ തമ്മില്‍ നഗരത്തില്‍ ഏറ്റുമുട്ടി. ഗസ്റ്റ്ഹൗസ് പരിസരത്ത് നടന്ന സംഘര്‍ഷത്തെതുടര്‍ന്ന് പോലീസ് ലാത്തിവീശി. ഇരുവിഭാഗത്തിലുമായി ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് ഹര്‍ത്താലാചരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി ചാനലിനെയടക്കം തയ്യാറാക്കി നിര്‍ത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ഡിവൈഎഫ്‌ഐ സദാചാര ഗുണ്ടകള്‍ ആവുകയായിരുന്നുവെന്ന് നേതൃത്വം ആരോപിച്ചു.
















