കോഴിക്കോട്: ചുരുങ്ങിയ വിലയില്‍ മേന്മയുള്ള സൈക്കിള്‍ വിതരണം ചെയ്യാനുള്ള പദ്ധതി ആള്‍കേരള ബൈസ്സൈക്ലിംഗ് പ്രൊമോഷന്‍ കൗണ്‍സില്‍ ഉപേക്ഷിക്കുന്നു. സൈക്കിള്‍ സവാരിക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു പ്രോത്സാഹനവും പരിഗണനയും നല്‍കാത്തതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായത്. ചൈനയില്‍ നിന്ന് സൈക്കിള്‍ ചുരുങ്ങിയ ചിലവില്‍ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചുശതമാനം വാറ്റുനികുതി ചുമത്തുന്നത് ശ്രമത്തിന് തിരിച്ചയായി.
പദ്ധതിക്ക് വന്‍ സ്വീകാര്യതയും അംഗീകാരവുമാണ് പൊതുജനങ്ങളില്‍ നിന്നും ദൃശ്യ-മാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്. സ്ഥാപനങ്ങളും, വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പെടെ അനവധിപേര്‍ സൈക്കിള്‍ വാങ്ങാന്‍ മുന്നോട്ടുവന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൗണ്‍സില്‍ സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടിനും, നിവേദനങ്ങള്‍ക്കും, കേന്ദ്രസര്‍ക്കാരില്‍ നിന്നും മാത്രമാണ് അനുകൂല മറുപടി ലഭിച്ചത്. ”മെയ്‌ക്ക് ഇന്‍ ഇന്ത്യ” പദ്ധതിയില്‍ ബൈസിക്കിള്‍ ഉല്‍പാദിപ്പിക്കുവാന്‍ എല്ലാ പ്രോത്സാഹനവും, തീരുവ ഇളവുകളും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കുന്നതിന് സൗജന്യമായി സ്ഥലവും, സാങ്കേതിക സഹകരണവും കര്‍ണാടക സര്‍ക്കാ റും, ദാവന്‍കരയിലെ സൈ ക്കിള്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷനും കൗണ്‍ സിലിന് വാഗ്ദാനംചെയ്തു. എന്നാല്‍ കേരള സര്‍ക്കാര്‍ വാറ്റ് നികുതി ഒഴിവാക്കാന്‍ തയ്യാറല്ല എന്ന ധനമന്ത്രിയുടെ മറുപടി മാത്രമാണ് ലഭിച്ചത്. മുഖ്യമന്ത്രി, ഗതാഗതമന്ത്രി, പൊതുമരാമത്ത് മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മറ്റ് ബന്ധപ്പെട്ടവരില്‍ നിന്നൊ ന്നും യാതൊരു നടപടിയോ, അതിനുള്ള മറുപടിയോ നാളിതുവരെ ലഭിച്ചിട്ടില്ല.
എയര്‍കേരള, മോണോറെയില്‍, ലൈറ്റ്‌മെട്രോ, സീപ്ലെയിന്‍, ബുള്ളറ്റ് ട്രെയിന്‍ തുടങ്ങി ഇന്നത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പ്രായോഗികമല്ലാത്ത വന്‍ സ്വപ്നപദ്ധതികള്‍ക്ക് കണ്‍സള്‍ട്ടന്‍സി ഫീസ്, സാധ്യതാപഠനം, വിദേശയാത്ര എന്നിവയ്‌ക്ക് ചിലവാക്കുന്ന തുക ബൈസിക്കളിള്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനും, തിരക്കുള്ള ജംഗ്ഷനുകളില്‍ ഫ്‌ളൈഓവര്‍ നിര്‍മ്മിച്ച് ഗതാഗതക്കുരുക്ക് ലഘൂകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. സംസ്ഥാന സര്‍ക്കാറിന്റെ ഈ ആവശ്യത്തോടുള്ള നിസ്സഹകരണം കാരണമാണ് ചുരുങ്ങിയവിലയ്‌ക്ക് സൈക്കിള്‍ വിതരണപദ്ധതി ഉപേക്ഷിക്കാന്‍ അസോസിയേഷന്‍ നിര്‍ബന്ധമാക്കാന്‍ കാരണമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെവ. സി.ഇ.ചാക്കുണ്ണി പറഞ്ഞു..
















