വനിതാ ദിനത്തില്‍ പാര്‍ലമെന്റില്‍ വനിതകള്‍ മാത്രം പ്രസംഗിക്കട്ടെ! പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വെച്ച നിര്‍ദ്ദേശം ഏവരാലും സ്വീകരിക്കപ്പെട്ടു. ഇന്നലെ സഭയില്‍ നടന്ന ചര്‍ച്ചകളില്‍ ഏറെ തിളങ്ങിയതും വനിതാ അംഗങ്ങള്‍ തന്നെ.
ലോക്സഭയില്‍ ആകെ 62 വനിതാ അംഗങ്ങളാണുള്ളത്. സഭയിലെ ആകെ അംഗങ്ങളുടെ 11 ശതമാനം. ലോക്സഭയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശതമാനമാണ് ഇതെങ്കിലും വിഷയങ്ങള്‍ ഉന്നയിക്കുന്നതിലോ ശ്രദ്ധ പിടിച്ചുപറ്റുന്നതിലോ വിരലിലെണ്ണാവുന്ന വനിതാ അംഗങ്ങള്‍ക്ക് മാത്രമാണ് വിജയിക്കാനാകുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പിഡിപി നേതാവ് മെഹബൂബ മുഫ്തി, എന്‍സിപി നേതാവ് ശരദ് പവാറിന്റെ മകള്‍ സുപ്രിയ തുടങ്ങിയ പ്രശസ്തര്‍ സഭയിലുണ്ടെങ്കിലും ഇവരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുക അപൂര്‍വ്വമാണ്. എന്നാല്‍ ബിജെപിയുടെ വനിതാ അംഗങ്ങളാണ് പാര്‍ലമെന്റിലെ താരങ്ങള്‍. സുഷമാ സ്വരാജും സ്മൃതിഇറാനിയും നിര്‍മ്മല സീതാരാമനും മേനകാ ഗാന്ധിയും മീനാക്ഷി ലേഖിയുമടക്കം നിരവധി പെണ്‍കരുത്തുകള്‍ ഇരുസഭകളിലും ശ്രദ്ധ നേടുന്നു. ബിജെപിയുടെ 30 വനിതാ അംഗങ്ങളാണ് ലോക്സഭയിലുള്ളത്.
പാര്‍ലമെന്റിലെ തീപ്പൊരി ചര്‍ച്ചകളില്‍ വിജയിച്ചു മുന്നേറുന്ന വനിതാനേതാക്കളെ പരിചയപ്പെടാം:
സുഷമാ സ്വരാജ്
ഇന്ദിരാഗാന്ധിക്കു ശേഷം വിദേശകാര്യമന്ത്രിസ്ഥാനത്തെത്തുന്ന വനിതയാണ് സുഷമാ സ്വരാജ്. ദല്‍ഹി മുഖ്യമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 7വര്‍ഷമായി ലോക്സഭാംഗമായ സുഷമ മധ്യപ്രദേശിലെ വിദിശയില്‍ നിന്ന് നാലുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2014ല്‍ വിജയിച്ചത്. 2009-2014 കാലത്ത് ലോക്സഭാ പ്രതിപക്ഷ നേതാവായി തിളങ്ങിയ സുഷമയുടെ വാക്ശരങ്ങള്‍ എതിരാളികള്‍ക്ക് പേടിസ്വപ്നമാണ്.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ യുപിഎ ഭരണകാലത്ത് സുഷമ നടത്തിയ നിരവധി പ്രസംഗങ്ങള്‍ പ്രശസ്തമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതി പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചതില്‍ മുഖ്യപങ്കുവഹിച്ചത് സുഷമയാണ്.
ഹരിയാനയിലെ അംബാലയില്‍ ജനിച്ചു വളര്‍ന്ന സുഷമ ഹരിയാന ഭാഷാ വകുപ്പിന്റെ മികച്ച ഹിന്ദി പ്രാസംഗികയ്ക്കുള്ള അവാര്‍ഡ് തുടര്‍ച്ചയായി മൂന്നുതവണ സ്വന്തമാക്കിയിട്ടുണ്ട്. അഭിഭാഷകയായി സുപ്രീംകോടതിയിലും പിന്നീട് രാഷ്ട്രീയത്തിലും തിളങ്ങാന്‍ ഈ ഹിന്ദിഭാഷാമികവ് സുഷമാ സ്വരാജിനെ സഹായിച്ചു.
ലളിത് മോദി വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെയെല്ലാം മറികടന്നുകൊണ്ട് സുഷമാ സ്വരാജ് നടത്തിയ പ്രസംഗം 16-ാം ലോക്സഭയിലെ മികച്ച പ്രസംഗങ്ങളിലൊന്നായി.
സ്മൃതി ഇറാനി
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ സ്മൃതി ഇറാനി ദല്‍ഹിയിലെ സംഘകുടംബത്തിലാണ് ജനിച്ചത്. സ്മൃതിയുടെ അമ്മ ജനസംഘം നേതാവായിരുന്നു. 2003ല്‍ ബിജെപിയില്‍ ചേര്‍ന്ന സ്മൃതി 2004ല്‍ ചാന്ദ്നി ചൗക്കില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെ എതിരിട്ടതോടെയാണ് ശ്രദ്ധേയയായത്. 2010ല്‍ ബിജെപി ദേശീയ സെക്രട്ടറിയായി ഉയര്‍ന്ന ഇറാനി മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ സ്ഥാനത്തുമെത്തി. 2011 ആഗസ്തിലാണ് സ്മൃതി രാജ്യസഭാംഗമായത്.
നെഹ്രുകുടുംബത്തിന്റെ സ്ഥിരം സീറ്റായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സര രംഗത്തിറങ്ങിയതാണ് സ്മൃതിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം. ചുരുങ്ങിയ നാളുകള്‍ മാത്രമാണ് പ്രചാരണത്തിന് ലഭിച്ചതെങ്കിലും രാഹുലിന്റെ ഭൂരിപക്ഷം ലക്ഷത്തിന് താഴേക്ക് കൊണ്ടുവരാന്‍ സ്മൃതിക്ക് കഴിഞ്ഞു. മാത്രമല്ല, അടുത്ത തവണ അമേഠിയില്‍ രാഹുലിനെ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് 2014 മെയ് മുതല്‍ 21 മാസവും പ്രതിമാസ സന്ദര്‍ശനവും സ്മൃതി അമേഠിയില്‍ നടത്തി. കേന്ദ്രമന്ത്രിസഭയില്‍ മാനവ വിഭവശേഷി വകുപ്പിന്റെ ചുമതല ലഭിച്ച സ്മൃതി കാവിവല്‍ക്കരണമെന്ന ആരോപണം മറികടന്ന് പാഠപുസ്തകങ്ങളിലെ ദേശവിരുദ്ധത ഇല്ലാതാക്കുന്നതില്‍ വലിയ തോതില്‍ വിജയിച്ചിട്ടുണ്ട്.
മാനവ വിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സഭയില്‍ നടന്ന ചര്‍ച്ചകളില്‍ ഏറ്റവുമധികം തിളങ്ങിയതും സ്മൃതി ഇറാനി തന്നെ. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമുല കേസ്, ജെഎന്‍യുവിലെ രാജ്യദ്രോഹകേസ് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ സ്മൃതി നല്കിയ മറുപടി പ്രസംഗം അരക്കോടിയിലേറെ പേരാണ് കണ്ടത്. സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ രാഷ്ട്രീയാടിസ്ഥാനത്തില്‍ നിയമിക്കുന്ന രീതിക്ക് അന്ത്യം കണ്ടതും സര്‍വ്വകലാശാലകളില്‍ വിവേചനങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചതുമടക്കം വിശദീകരിച്ച് സ്മൃതി പാര്‍ലമെന്റില്‍ തന്റെ നിലപാട് വ്യക്തമാക്കി.
സ്മൃതിയുടെ പ്രസംഗം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ ഇട്ടതോടെ ലക്ഷക്കണക്കിന് ജനങ്ങളാണ് അതു ശ്രവിച്ചത്. ലോക്സഭയിലും രാജ്യസഭയിലും സ്മൃതിയുടെ മറുപടി പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പ്രതിപക്ഷ അംഗങ്ങള്‍ പോലും കാത്തിരിക്കുന്നു.
മീനാക്ഷി ലേഖി
ന്യൂദല്‍ഹി ലോക്സഭാ സീറ്റില്‍ നിന്നും 2.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മീനാക്ഷി ലേഖി ബിജെപി ദേശീയ വക്താവായിരുന്നു. നിര്‍മ്മല സീതാരാമനെപ്പോലെ തന്നെ യുപിഎ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ചു. ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദം നേടിയ മീനാക്ഷി ലേഖി സുപ്രീംകോടതിയിലും ദല്‍ഹി ഹൈക്കോടതിയിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് രാഷ്ട്രീയത്തിലെത്തിയത്.
ദേശീയ വനിതാ കമ്മീഷന് പ്രത്യേക സമിതി അംഗവും ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണുമായിരുന്നു. രാജ്യതലസ്ഥാനത്തെ ഔറംഗസേബ് റോഡിനെ ഡോ. എപിജെ അബ്ദുള്‍ കലാം റോഡ് എന്ന് പുനര്‍നാമകരണം ചെയ്ത് ശ്രദ്ധേയയായി. പ്രസ് കൗണ്‍സില്‍ അംഗവുമാണ്.
ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റില്‍ നേതൃത്വം വഹിച്ച മീനാക്ഷി ലേഖി ഇ-റിക്ഷകള്ക്കുവേണ്ടി മോട്ടോര്‍വാഹന നിയമഭേദഗതിക്കും മുന്‍കൈ എടുത്തു.
രാജ്യത്തിന്റെ വികസനം ഒരു കഥയാക്കുകയാണെങ്കില്‍ അതില്‍ ദുര്‍മന്ത്രവാദിനിയുടെ റോള്‍ ആയിരിക്കും ഇടതുപക്ഷത്തിനെന്ന മീനാക്ഷി ലേഖിയുടെ സഭയിലെ പരാമര്‍ശത്തിലൂടെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ മേല്‍ക്കൈ നേടാന്‍ കേന്ദ്രത്തിന് ഇത്തവണ സാധിച്ചു. ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് മീനാക്ഷി ലേഖി ഇടതുപാര്‍ട്ടികളെ ദുര്‍മന്ത്രവാദിനിയോട് ഉപമിച്ചത്.
കുട്ടിക്കാലത്ത് നമ്മളെല്ലാം യക്ഷിക്കഥകള്‍ കേട്ടിട്ടുണ്ടാകും. എല്ലാ കഥകളിലും പ്രേതങ്ങളും ദുര്മന്ത്രവാദിനികളുമുണ്ടാകും. ഭാരതമെന്ന രാജ്യത്തിന്റെ വിജയകഥയിലെ ദുര്‍മന്ത്രവാദിനികളാണ് ഇടതുപാര്‍ട്ടികള്‍, മീനാക്ഷിലേഖി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടതുകക്ഷികള്‍ ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുകയാണ്. ക്യാമ്പസുകളില്‍ കയ്യൂക്കിന്റെ ബലത്തില്‍ ക്രൂരകൃത്യങ്ങള്‍ ചെയ്യുകയും അവയെ വെള്ളപൂശുകയും ചെയ്യുകയാണവര്‍. ഇടതുപാര്‍ട്ടികള്‍ നടത്തുന്നത് താലിബാന് മോഡല്‍ കൊലപാതകങ്ങളാണെന്നും മീനാക്ഷി ലേഖി ഓര്‍മ്മിപ്പിക്കുന്നു.
നിര്‍മ്മല സീതാരാമന്
ജെഎന്‍യുവില്‍ നിന്നും ഇക്കണോമിക്സ് ബിരുദാനന്തര ബിരുദമെടുത്ത നിര്‍മ്മലാ സീതാരാമന് തമിഴ്നാട്ടിലെ മധുര സ്വദേശിനിയാണ്. നിലവില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗം. ദേശീയ വനിതാ കമ്മീഷന് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപി ദേശീയ വക്താവായി തിളങ്ങിയ നിര്‍മ്മലാ സീതാരാമന്റെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ഭാഷാവൈദഗ്ധ്യം പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായി. യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ തുറന്നുകാട്ടുന്നതില്‍ വക്താവ് എന്ന നിലയില്‍ പ്രകടിപ്പിച്ച മികവ് മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി വാണിജ്യമന്ത്രാലയത്തിന്റെ ചുമതല നിര്‍മ്മല സീതാരാമന് ലഭിച്ചു.
ദേശീയ വനിതാ കമ്മീഷന് അംഗമായി പ്രവര്‍ത്തിച്ച 2003-05 കാലത്ത് സുഷമാ സ്വരാജുമായുള്ള അടുപ്പമാണ് നിര്‍മ്മലയെ ബിജെപിയിലെത്തിച്ചത്. മുന്‍ കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ഭര്‍തൃപിതാവിന്റെയും കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ഭര്‍തൃമാതാവിന്റെയും കോണ്‍ഗ്രസ് നേതാവായ ഭര്‍ത്താവിന്റെയും രാഷ്ട്രീയം നിര്‍മ്മലയ്ക്ക് മുന്നില്‍ തടസ്സമായില്ല.
ശിവകാശിയിലെ പടക്ക തൊഴിലാളികളുടെ പ്രശ്നം ഉന്നയിച്ച എഐഎഡിഎംകെ അംഗത്തിന് തമിഴില്‍ മറുപടി നല്കിയതും ബാലി വാണിജ്യകരാര്‍ സംബന്ധിച്ച പാര്‍ലമെന്റ് പ്രസംഗങ്ങളും നിര്‍മ്മലയെ സഭയില്‍ ശ്രദ്ധേയയാക്കി.
മേനകാ ഗാന്ധി
മൃഗങ്ങളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികളിലൂടെ ശ്രദ്ധേയയായ വ്യക്തിത്വമാണ് മേനകാ ഗാന്ധി. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ സ്ഥാപക. ശൈശവ തൊഴിലിനെതിരെ നടപടികളെടുത്തതിലൂടെ ശ്രദ്ധേയമായ രുഗ്മാര്ക്ക് എന്ന സംഘടനയുടെ ചെയര്‍പേഴ്സണുമാണ്.
ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തിരുന്ന കാലത്ത് മുന്കേന്ദ്രപ്രതിരോധമന്ത്രി ബാബു ജഗ്ജീവന് റാമിന്റെ മകന് സുരേഷ് റാമുമായി ബന്ധപ്പെട്ടുള്ള ലൈംഗികാരോപണം പുറത്തുകൊണ്ടുവന്നതിലൂടെ ശ്രദ്ധേയയായി. 1974 സപ്തംബറില്‍ ഇന്ദിരാഗാന്ധിയുടെ മൂത്തമകന് സഞ്ജയ് ഗാന്ധിയെ വിവാഹം കഴിച്ചു. എന്നാല്‍ സഞ്ജയ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടേയും മരണത്തോടെ കുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ടു.
1989 മുതല്‍ ജനതാദള്‍ ടിക്കറ്റിലും 2004 മുതല്‍ ബിജെപി ടിക്കറ്റിലും ഉത്തര്‍പ്രദേശിലെ പിലിബിത്തില്‍ നിന്നും ലോക്സഭയിലെ സ്ഥിരം പ്രതിനിധി. വാജ്പേയി മന്ത്രിസഭയില്‍ സാമൂഹ്യനീതി-ശാക്തീകരണ വകുപ്പ് ചുമതല നിര്‍വഹിച്ചു. രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ വനിതാശിശുക്ഷേമ മന്ത്രിയായി പ്രവര്‍ത്തിക്കുന്നു.
2015ല്‍ ജുവനൈല്‍ ജസ്റ്റിസ് ബില്‍ സംബന്ധിച്ച മേനകാ ഗാന്ധിയുടെ സഭയിലെ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കുട്ടിക്കുറ്റവാളികള്‍ക്കെതിരെ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തില്‍ പ്രായപരിധി 18ല്‍ നിന്നും 16 ആക്കി കുറയ്ക്കുകയും ചെയ്തു.
ദാരിദ്ര്യത്തില്‍ നിന്നുദിച്ച ജ്യോതി
ഓര്‍ക്കാനിഷ്ടപ്പെടാത്ത സംഭവങ്ങളിലൂടെ കടന്നുപോകാത്തവരില്ല. ജീവിതത്തെ പിന്നോട്ട് വലിക്കുന്ന അത്തരം ഓര്‍മകളില്‍ നിന്നും ഓടിയൊളിക്കാതെ ഏവര്‍ക്കും പ്രചോദനമാവുകയാണ് ഡി. അനില ജ്യോതി റെഡ്ഡി. കര്‍ഷക തൊഴിലാളിയില്‍ നിന്നും ഇപ്പോള്‍ ജ്യോതി അലങ്കരിക്കുന്നതാവട്ടെ യുഎസ് കമ്പനിയായ കീ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സിന്റെ സിഇഒ പദവി. ദരിദ്ര കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടി. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ടു.
പത്താം ക്ലാസ് പാസായെങ്കിലും വീട്ടിലെ ദാരിദ്ര്യം നിമിത്തം കൃഷിയിടത്ത് ജോലിയ്ക്ക് പോകാന്‍ നിര്‍ബന്ധിതയായി. 16-ാം വയസ്സില്‍ അകന്ന ബന്ധുവിനെ വിവാഹം ചെയ്യേണ്ടിവന്നു. ദാരിദ്ര്യം നിറഞ്ഞ ജീവിതത്തില്‍ മടുത്ത്, കുട്ടികളുടെ മികച്ച ഭാവിക്കുവേണ്ടി ജോലിയ്ക്കായി അന്വേഷണം നടത്തി.കുട്ടികള്‍ക്ക് നല്ല കളിപ്പാട്ടങ്ങളോ മരുന്നോ വാങ്ങാന്‍ കാശില്ലാത്ത അവസ്ഥ.
1988 ല്‍ പ്രതിമാസം 120 രൂപ ശമ്പളത്തില്‍ ഒരു ജോലി സ്വന്തമാക്കി. ജ്യോതിയെ സംബന്ധിച്ച് അന്നതൊരു വല്യ തുക തന്നെയായിരുന്നു. തുടര്‍ന്ന് നാഷണല്‍ സര്‍വീസ് വോളന്റിയര്‍ ആയി ജോലി കിട്ടി. ഭര്‍ത്താവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്ക് താമസം മാറ്റി. അവിടെയെത്തി തയ്യല്‍ ജോലി പഠിച്ചു. ദിവസവും 20-25 രൂപയ്ക്ക് തയ്യല്‍ ജോലികള്‍ ചെയ്തു. കൂടാതെ ജനശിക്ഷണ നിലയത്തില്‍ ലൈബ്രേറിയനായും ജോലി കിട്ടി.
എല്ലാ ഞായറാഴ്ചയും ഒരു ഓപ്പണ്‍ സ്കൂളില്‍ പോയി, ഇടയ്്ക്കുവച്ച് മുടങ്ങിയ പഠനം പുനരാരംഭിച്ചു. 1992 ല്‍ അമീന്പേട്ടിലുള്ള സ്കൂളില്‍ സ്പെഷ്യല്‍ ടീച്ചറായി ജോലി കിട്ടി. വാറങ്കലില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയായിരുന്നു സ്്കൂള്‍. യാത്രാ ചെലവ് ശമ്പളത്തിലും കൂടുതലായിരുന്നു. എങ്കിലും ജോലി വേണ്ടെന്നുവയ്ക്കാന്‍ മനസ്സ് അനുവദിച്ചില്ല. അതുകൊണ്ടുതന്നെ സ്കൂളിലേക്ക് പോകുന്ന തീവണ്ടികളില്‍ സാരിവില്‍പന നടത്തി അധിക പണം കണ്ടെത്തി. 1994 ല്‍ 2,750 രൂപ ശമ്പളത്തില്‍ സ്ഥിര ജോലി കിട്ടി.
എന്നാല്‍ ഇതുകൊണ്ടൊന്നും തൃപ്തയാവാന്‍ ജ്യോതി തയ്യാറല്ലായിരുന്നു. ഇവരുടെ ചിന്തയെത്തന്നെ മാറ്റിമറിച്ചത് അമേരിക്കയില്‍ നിന്നെത്തിയ ബന്ധുവായിരുന്നു. അവരുടെ ജീവിതശൈലിയിലെ വ്യത്യാസം അവളെ അത്ഭുതപ്പെടുത്തി. അങ്ങനെയാണ് ഒരു സോഫ്റ്റ് വെയല് കോഴ്സിനും ചേരുന്നത്. പിന്നെ ലക്ഷ്യം അമേരിക്കയില്‍ ഒരു ജോലിയായിരുന്നു. 2001 ല്‍ പാസ്പോര്‍ട്ടും എച്ച് വണ്‍ വിസയും ശരിയാക്കി അമേരിക്കയിലെത്തി. അവിടെ ഭര്‍ത്താവിന്റെ സഹോദരന്റെ സഹായത്താല്‍ ഒരു ഷോപ്പില്‍ ജോലി കണ്ടെത്തി. 60 ഡോളറായിരുന്നു ശമ്പളം. സോഫ്റ്റ് വെയര്‍ റിക്രൂട്ടറായി ജോയിന്‍ ചെയ്യാന്‍ നിര്‍ബന്ധിതയായി. പക്ഷേ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല എന്നതൊരു വെല്ലുവിളിയായി. പക്ഷേ അതിനെ എല്ലാം അതിജീവിച്ചു. ക്രമേണ സ്വന്തമായി കമ്പനി തുടങ്ങി. പരിശ്രമം ഒന്ന് മാത്രമാണ് ജീവിത വിജയത്തിന് ആധാരം എന്ന് പാഠമാണ് ജ്യോതി റെഡ്ഡിയുടെ ജീവിതം പകര്‍ന്നു നല്‍കുന്നത്.
ഒരികലും സമയം അവര്‍ പാഴാക്കിയിരുന്നില്ല. ടീച്ചറായി ജോലി നോക്കിയിരുന്ന അവസരത്തില്‍ പോലും സഹ അധ്യാപകരെ ചേര്‍ത്തുകൊണ്ട് ചിട്ടി ആരംഭിച്ചു. അങ്ങനെ ഉറുമ്പ് അരിമണി കൂട്ടിവയ്ക്കുന്നതുപോലെ ഉള്ളതെല്ലാം മിച്ചം പിടിച്ചു. അങ്ങനെ മിച്ചം പിടിച്ച തുകകൊണ്ടാണ് അമേരിക്കയിലെത്തിയത്. അമേരിക്കയിലെ ജീവിതം ഒരിക്കലും സുഗമമായിരുന്നില്ല. അവസരങ്ങളുടെ നാട്ടില്‍ ആരുടേയും പിന്തുണയില്ലാതെയാണ് ജ്യോതി സ്വന്തം ഇടം കണ്ടെത്തിയത്. സെയില്‍സ് ഗേളായും സൗത്ത് കരോലിനയിലെ ഒരു മോട്ടലില്‍ റൂം സര്‍വീസ് ചെയ്തും ബേബി സിറ്ററായും ഒക്കെ ഇതിനിടയില്‍ ജോലി ചെയ്തു.
രണ്ട് വര്‍ഷത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി. ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ശിവ പൂജയ്ക്കായ് എത്തിയപ്പോള്‍ അവിടുത്തെ പുരോഹിതന് പറഞ്ഞ വാക്കുകള്‍ ജ്യോതിയുടെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാകുകയായിരുന്നു. അമേരിക്കയില്‍ ജോലിയൊന്നും ശരിയായില്ലെങ്കില്‍ അവിടെയൊരു ബിസിനസ് ചെയ്തായല് തീര്‍ച്ചയായും കോടിപതിയാകും എന്നായിരുന്നു ആ പുരോഹിതന്റെ പ്രവചനം. അന്ന് അതെല്ലാം ചിരിച്ചുതള്ളിയെങ്കിലും ആ വാക്കുകള്‍ വാസ്തവമായി. ഇന്ന് ഭര്‍ത്താവിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ ജീവിക്കുമ്പോഴും തന്റെ ബാല്യകാല സ്മരണകള്‍ അവരെ വിട്ടുപോയിട്ടില്ല.
നാല് മക്കളുള്ള ഒരു കുടുംബം പുലര്‍ത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് മക്കളെ അനാഥാലയത്തില്‍ വിടാന്‍ നിര്‍ബന്ധിതനായി ജ്യോതിയുടെ പിതാവ്. അഞ്ചാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ പഠിച്ചത് അനാഥാലയത്തില്‍ നിന്നാണ്. ഇത്തരത്തില്‍ ദുരിതാനുഭവങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ തന്റെ സമ്പാദ്യത്തില്‍ നിന്നും ഒരു വിഹിതം നീക്കിവയ്ക്കുന്നതും ഇത്തരത്തില്‍ അനാഥത്വം പേറുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടിയാണ്.
യുഎസില്‍ ആറും ഭാരതത്തില്‍ രണ്ട് വീടുകളും ഇന്ന് സ്വന്തമായി ജ്യോതി റെഡ്ഡിയ്ക്കുണ്ട്. എന്തിനേറെ പറയുന്നു മുമ്പ് ഒരു ജോലിക്കായി സമീപിച്ച വാറങ്കലിലെ കാകതീയ യൂണിവേഴ്സിറ്റി അന്ന് ആ അപേക്ഷ നിരസിച്ചെങ്കിലും ഇന്ന് ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ജ്യോതിയുടെ വിജയവഴിയുടെ യാത്ര ഒരധ്യായമായി പഠിക്കാനുണ്ട് എന്നത് കാലത്തിന്റെ മറ്റൊരു കളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: