‘മികച്ച നടന്’ ആയത്
നാടകവും സിനിമയുമെല്ലാം യാദൃച്ഛികമായി ജീവിതത്തിലേക്ക് കടന്നുവരികയായിരുന്നു. വീട്ടില്‍ അഞ്ചുമക്കളില്‍ ഇളയവനാണ് ഞാന്‍. ചേട്ടന്മാരും ഞാനുമൊക്കെ അത്യാവശ്യം പാട്ടുപാടുമെന്നതൊഴിച്ചാല്‍ മറ്റു കലാപാരമ്പര്യമൊന്നുമില്ല. എട്ടാം ക്ലാസിലെ വേനലവധിക്കാലത്ത് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ സുഹൃത്തായ സനല്‍ കളത്തിലാണ് ചങ്ങനാശ്ശേരി കത്തീഡ്രല്‍ പള്ളിയിലെ ഒരു നാടകത്തില്‍ അഭിനയിക്കാന്‍ വിളിച്ചുകൊണ്ടുപോയത്. പിന്നീട് നാടകം ജീവിതത്തിന്റെ ഭാഗമായി. ജോസഫ് പാണാടനായിരുന്നു ഗുരു. അദ്ദേഹത്തോടൊപ്പം ഞങ്ങളുടെ ടീം പത്തുവര്‍ഷം നാടകവേദികളില്‍ സജീവമായിരുന്നു. ചങ്ങനാശ്ശേരി കോളേജില്‍ ഡിഗ്രി പഠനത്തിന് എത്തിയപ്പോള്‍ ഞങ്ങളുടെ ടീമിന് ഇന്റര്യൂണിവേഴ്സിറ്റിതലത്തിലും ദേശീയതലത്തിലും വരെ നാടകങ്ങള്‍ അവതരിപ്പിക്കാനായി. ഇതിനിടെ നാടകങ്ങള്‍ സംവിധാനം ചെയ്തു. പല നാടകങ്ങളിലും അഭിനയത്തിന് സമ്മാനങ്ങള്‍ കിട്ടിയിരുന്നു. ചങ്ങനാശ്ശേരി കോളേജില്‍ നടന്ന നാടകമേളയിലാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.
‘ബെസ്റ്റ് ആക്ടറി’ലേക്ക്
കോളേജില്‍നിന്നും പഠിച്ചിറങ്ങിയപ്പോള്‍ പോക്കറ്റ് മണിക്കായി എന്തെങ്കിലും ചെയ്യണമെന്നായി. ഫോട്ടോഗ്രഫി ഇഷ്ടമായിരുന്നു. സ്വിറ്റ്സര്ലന്റിലുണ്ടായിരുന്ന ചേട്ടന് ജോസഫ് സെബാസ്റ്റ്യന്‍ ഒരു ക്യാമറ വാങ്ങിത്തന്നു. ആദ്യ രണ്ടുമൂന്നുവര്‍ഷം കൂട്ടുകാരുടെ ചിത്രങ്ങള്‍ എടുത്തു നടന്നു. എന്റെ ഒരു സുഹൃത്ത് വനിതയില്‍ ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ പോയപ്പോള്‍ ഒപ്പം കൂടി. അത് വഴിത്തിരിവായി.
പത്തുവര്‍ഷം വനിതയുടെ ഫോട്ടോഗ്രാഫറായിരുന്നപ്പോള് ലഭിച്ച വ്യക്തിബന്ധങ്ങള്‍ ജീവിതത്തെ മാറ്റിമറിയ്ക്കുമെന്ന് കരുതിയില്ല. പല അഭിനേതാക്കളുമായി ഒരു സൗഹൃദമുണ്ടായി. നടന് മമ്മൂട്ടിയുമായി പരിചയമാകുന്നത് അങ്ങനെയാണ്. പല കാര്യങ്ങളും ചര്‍ച്ച ചെയ്യുകയും ചിലപ്പോള്‍ തര്‍ക്കിക്കുകയും ചെയ്യാന്‍ പറ്റുന്ന ഒരു സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ജീവിതത്തിലൊരിക്കല്പോലും ഞാന്‍ സിനിമയെക്കുറിച്ചോ സംവിധാനത്തെക്കുറിച്ചോ ചിന്തിച്ചിരുന്നില്ല.
എറണാകുളത്തുനിന്നും കോയമ്പത്തൂരിലേക്ക് ഒരു അഭിമുഖത്തിനായി സുഹൃത്ത് രഞ്ജിത്തുമൊത്തുള്ള ട്രെയിന്‍ യാത്രയാണ് ‘ബെസ്റ്റ് ആക്ടറി’ന്റെ തുടക്കം. ഒരു നടന് ഗുണ്ടയാവുന്നതിനെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞുതുടങ്ങി. ആ യാത്ര കോയമ്പത്തൂരിലെത്തിയപ്പോള്‍ ‘ബെസ്റ്റ് ആക്ടര്‍’ എന്ന സിനിമയുടെ 75 ശതമാനം കഥയും സീനുകളും എന്റെ മനസ്സില്‍ പതിഞ്ഞിരുന്നു. രഞ്ജിത്തിനോട് യാത്രപറഞ്ഞു പിരിഞ്ഞെങ്കിലും ‘ബെസ്റ്റ് ആക്ടര്‍’ എന്നെ പിന്തുടര്ന്നു. ഇതേത്തുടര്‍ന്നാണ് മമ്മൂക്കയോട് വിളിച്ച് ഒരു കഥപറയാനുണ്ടെന്ന് പറഞ്ഞത്. സൗഹൃദമുണ്ടെങ്കിലും ഞാന്‍ ഒരു കഥ പറയുമെന്ന് മമ്മൂക്കപോലും പ്രതീക്ഷിച്ചിരുന്നില്ല. മമ്മൂക്കയുടെ അടുത്തെത്തി ഒറ്റയിരുപ്പില്‍ കഥ പറഞ്ഞു. പറഞ്ഞമാത്രയില്‍ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. എനിക്ക് ഒരു സിനിമ സംവിധാനം ചെയ്യാനാകുമെന്ന് അന്ന് ഈ ലോകത്ത് തിരിച്ചറിഞ്ഞ രണ്ടേ രണ്ടു പേരാണുള്ളത്. അന്‍വര്‍ റഷീദും മമ്മൂക്കയും.
‘ബെസ്റ്റ് ആക്ടറി’ന്റെ കഥ കേട്ട മമ്മൂക്കയോട് സംവിധാനം നിര്‍വഹിക്കാന്‍ അന്‍വര്‍ റഷീദിന്റെ പേരാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. കോളേജില്‍ നാടകവുമായി നടന്നപ്പോള്‍ മഹാരാജാസില്‍നിന്നും എത്തിയിരുന്ന അന്‍വറുമായി നാടകവേദികളിലൂടെ ഉണ്ടായ ഒരു സൗഹൃദമുണ്ടായിരുന്നു. അന്‍വര്‍ റഷീദിനോട് കാര്യം അവതരിപ്പിച്ചപ്പോള്‍ അന്‍വര്‍, നിനക്ക് ഈ സിനിമ ചെയ്യാന്കഴിയും എന്ന് എന്നോടു പറഞ്ഞു. സിനിമകള്‍ നിരീക്ഷിക്കുകയോ സിനിമാചര്ച്ചകളില്പോലും പങ്കെടുക്കുകയോ ചെയ്യാതിരുന്ന വ്യക്തിയായിരുന്നു ഞാന്‍. അന്‍വര്‍ തന്നെ ഇക്കാര്യം മമ്മൂക്കയോട് വിളിച്ചുപറഞ്ഞു. മമ്മൂക്കയും അന്‍വറുമാണ് എന്നെ ‘ബെസ്റ്റ് ആക്ടര്‍’ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
സംവിധാനരംഗത്ത് പരിചയമുണ്ടാവാനായി അന്‍വറിനൊപ്പം ‘കേരള കഫേ’യിലെ ‘ബ്രിഡ്ജി’ല്‍ അസിസ്റ്റന്റായി. ഇതിനുശേഷം മമ്മൂക്കയുടെ നിര്‍ദ്ദേശമനുസരിച്ച് റാഫി മെക്കാര്‍ട്ടിന്റെ ‘ലൗ ഇന്‍ സിംഗപ്പൂരി’ന്റെ കേരള ഷെഡ്യൂളില്‍ ഒപ്പം കൂടി.
‘എബിസിഡി’ യിലേക്ക്
‘ബെസ്റ്റ് ആക്ടര്‍’ കഴിഞ്ഞ് കുറേനാള്‍ സിനിമയുടെ പുറകേ ഇല്ലായിരുന്നു. സിനിമയുടെ സാങ്കേതികതയെക്കുറിച്ച് പരിജ്ഞാനമുള്ള വ്യക്തിയല്ല ഞാന്‍. മനസ്സില്‍ ഉറയ്ക്കുന്ന വിഷയമേ സിനിമയ്ക്കായി തെരഞ്ഞെടുക്കാറുള്ളൂ. ‘ബെസ്റ്റ് ആക്ടര്‍’ കഴിഞ്ഞ് കുറച്ചുനാളുകള്‍ക്ക്ശേഷം ആര്.ഉണ്ണിയുമായി ചേര്‍ന്ന് മോഹന്‍ലാലിനെ കഥാപാത്രമാക്കി ഒരു സിനിമ ആലോചിച്ചു. പക്ഷേ അത് നടന്നില്ല. പരസ്യചിത്രങ്ങളും മറ്റുമായി മുന്നോട്ടുപോകുന്നവേളയിലാണ് ആലുവയിലെ രണ്ട് ഡോക്ടര്‍മാരുടെ കഥ കേള്‍ക്കുന്നത്. അതായിരുന്നു ‘എബിസിഡി’യുടെ തുടക്കം. ദുല്‍ഖര്‍ ‘ഉസ്താദ് ഹോട്ടലി’ല്‍ അഭിനയിക്കുന്നവേളയില് മമ്മൂക്ക എന്നോട് ദുല്‍ഖറിനെ വച്ച് സിനിമ ചെയ്യാന്‍ താല്പര്യമുണ്ടെങ്കില് ചെയ്യൂ എന്നുപറഞ്ഞിരുന്നു. മകന്റെ കരിയറിന്റെ തുടക്കത്തില്‍ എന്നെപ്പോലെ ഒരു തുടക്കക്കാരനെ മമ്മൂക്ക വിശ്വാസത്തിലെടുത്തു. ‘എബിസിഡി’ എന്റെയും ദുല്‍ഖറിന്റെയും കരിയറില്‍ വഴിത്തിരിവായി.
മികച്ച സംവിധായകനിലേക്ക്
‘എബിസിഡി’ കഴിഞ്ഞ് കുറേനാള്‍ യാത്രകളുടെ ലോകത്തായിരുന്നു. ഇതിനിടെയാണ് ഉണ്ണി ഒരു പ്രത്യേകതയുള്ള കഥയുണ്ടെന്ന് പറയുന്നത്. എന്റെ രണ്ട് സിനിമകളില്‍നിന്നും വ്യത്യസ്തമായ പാറ്റേണുള്ള കഥയാണ് ‘ചാര്‍ലി’ യെന്ന് കഥകേട്ടപ്പോള്‍ തന്നെ തോന്നി. എട്ടുമാസം ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് ‘ചാര്‍ലി’യുടെ കഥ പൂര്‍ത്തിയാക്കുന്നത്. ‘ചാര്‍ലി’ എന്തുകൊണ്ടും ദുല്‍ഖറിന് അനുയോജ്യമാവുമെന്ന് ഉറപ്പുണ്ടായിരുന്നു. ‘ചാര്‍ലി’ക്ക് പിന്നിലെ ടീമിന് സൗഹൃദങ്ങളുടെ ഊഷ്മളതയുണ്ട്. ആ സൗഹൃദമാണ് ഷെബിന്‍ ബെക്കര്‍, ജോജു ജോര്‍ജ്ജ് എന്നിവരെ ചിത്രം നിര്‍മ്മിക്കാന്‍ എനിക്കൊപ്പമെത്തിച്ചതും.
‘ചാര്‍ലി’യെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും മറ്റും ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നു. ‘ചാര്‍ലി’യുടെ പേരല്ലാതെ മറ്റൊന്നും ഞങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ചര്‍ച്ചകളില്‍ ഞങ്ങള്‍ക്ക് പങ്കുമുണ്ടായിരുന്നില്ല. എന്താണ് ‘ചാര്‍ലി’ എന്ന സിനിമയെന്ന് മനസ്സിലാക്കാതെ പലരും നടത്തിയ ചര്‍ച്ചകളായിരുന്നു കൂടുതലും. പക്ഷേ അതെല്ലാം സിനിമയ്ക്ക് പിന്തുണയായി. ‘ചാര്‍ലി’ പുറത്തിറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ കിട്ടിയ ദുല്‍ഖര്‍ ചിത്രമായി മാറി.
അവാര്‍ഡുകളിലേക്ക്
മികച്ച സംവിധായകനുള്ള അവാര്‍ഡ് എനിക്ക് കിട്ടിയതിലല്ല സന്തോഷം. മറിച്ച് ടീമിനാകെ ലഭിച്ച അംഗീകാരമാണ് എല്ലാ അവാര്‍ഡുകളും. അവാര്‍ഡുകള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദുല്‍ഖറും പാര്‍വതിയും ഉണ്ണിയുമൊക്കെയായി വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. ‘ചാര്‍ലി’ സ്വന്തം ടീമിന്റെ ചിത്രമായിരുന്നു. ദുല്‍ഖറിന് അവാര്‍ഡ് കിട്ടുമെന്ന് ചിത്രീകരണവേളയില്‍ തന്നെ കല്പന ചേച്ചി പറഞ്ഞിരുന്നു. ഇന്ന് കല്പന ചേച്ചിയുണ്ടായിരുന്നെങ്കില്‍ ഏറ്റവുമധികം സന്തോഷിച്ചത് ചേച്ചിയായേനേ. ദുല്‍ഖര്‍ എന്ന നടന്റെ മാജിക്കുകള്‍ മലയാളസിനിമ കാണാനിരിക്കുന്നതേയുള്ളൂ.
ഛായാഗ്രഹണത്തിന് അവാര്‍ഡു ലഭിച്ച ജോമോന് ടി ജോണുമായി ഫോട്ടോഗ്രാഫര്‍ ആയിരുന്ന കാലത്തേ ഉള്ള സൗഹൃദമാണ്. രാജാകൃഷ്ണന് സാറുമായി ‘ബെസ്റ്റ് ആക്ടറി’ന്റെ ശബ്ദമിശ്രണസമയത്തുള്ള പരിചയമാണ്. കലാസംവിധാനം നിര്‍വഹിച്ച ജയശ്രീലക്ഷ്മി നാരായണനെയും പ്രോസസിംഗ് ലാബിലെ ജെഡി, കിരണ്‍ എന്നിവരെയും ചിത്രീകരണവേളയിലാണ് ആദ്യമായി പരിചയപ്പെട്ടത്.
പുതിയ സിനിമയിലേക്ക്
പുറത്തുപറയാനായി കഥയൊന്നും ആയിട്ടില്ല. കുറച്ചു പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗ് ഉണ്ട്. അതൊക്കെ കഴിഞ്ഞിട്ടേയുള്ളൂ പുതിയ സിനിമയെക്കുറിച്ചുള്ള ചിന്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: