മഹിഷാസുരനാണെന്നു തോന്നുന്നു ഇപ്പോഴത്തെ താരം. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഭാരതത്തില്‍ പ്രത്യേക സ്ഥാനം അര്‍ഹിക്കുന്ന ഒന്നാണ്. 1966 ല്‍ പാര്‍ലമെന്റ് നിര്‍മിച്ച പ്രത്യേക നിയമപ്രകാരം നിലവില്‍ വന്ന ആ സര്‍വകലാശാല, അത്യുന്നത അക്കാദമിക പാരമ്പര്യവും സ്വതന്ത്രചിന്തയും നിലനിര്‍ത്തുന്നതിന് പ്രാധാന്യം നല്കുന്നു. അവിടെ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും ശരാശരി മൂന്നരലക്ഷം രൂപയുടെ സര്‍ക്കാര്‍ സഹായധനം ലഭിക്കുന്നു. ആയിരം ഏക്കറിലധികം വിസ്തൃതിയുള്ള അതിന്റെ ക്യാമ്പസ് ഒരു സ്വതന്ത്ര ലോകം തന്നെയാണ്.
തുടക്കം മുതല്‍ തന്നെ ഇടതുപക്ഷ ബുദ്ധിജീവികളുടെ വിഹാരരംഗമായിട്ടാണ് അതറിയപ്പെടുന്നത്. ഭാരതത്തിലെ അക്കാദമിക മേഖലയില്‍ ഇടതുപക്ഷ ചിന്താഗതിക്കാരാണ് ഇക്കാലമത്രയും മേധാവിത്തം നിലനിര്ത്തിവന്നതെന്നതും വസ്തുതയാണ്. ഇങ്ങനെയൊക്കെയായിട്ടും സാമ്പത്തികമായും സര്‍ക്കാരിന്റെ പിന്തുണയായും ഭരണപരവും, അക്കാദമികവുമായ സ്വായത്തതയും ഉണ്ടായിട്ടും ലോകത്തെ മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയില്‍ ആദ്യത്തെ 200 എണ്ണത്തില്പ്പെടാന് ജെഎന്‍യുവിന് സാധിച്ചിട്ടില്ല. യൂറോപ്പും അമേരിക്കയും സ്വാധീനം ചെലുത്തുന്ന മൂല്യനിര്‍ണയ സംവിധാനത്തില്‍ ഭാരതത്തില്‍ നിന്നൊരു സ്ഥാപനവും പെടാത്തതില്‍ അതിശയിക്കാനില്ല. പക്ഷേ ഭരതത്തിലെ ഏറ്റവും മികച്ച സ്ഥാപനമായി ഇന്നും നിലനില്‍ക്കുന്നത് മറ്റൊരു കേന്ദ്ര സ്ഥാപനമായ ബനാറസ് ഹിന്ദു സര്‍വകലാശാലയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ അവിടെയും ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ അസ്വാസ്ഥ്യങ്ങള്‍ നടന്നുവന്നിരുന്നു. എന്നാല്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കൂട്ടായി പരിശ്രമിച്ചതിന്റെ ഫലമായി ബിഎച്ച്യു ഇന്ന് അക്കാദമിക മികവില്‍ ഏറ്റവും മുന്നില്‍ തന്നെയാണ്.
ഒരിക്കല്‍ ജെഎന്‍യുവില്‍ കയറിപ്പറ്റിയാല്‍ പഠിത്തം കഴിഞ്ഞു. എന്തെങ്കിലുമൊക്കെ ഉപാധികള്‍ സൃഷ്ടിച്ച് അവിടുത്തെ ഹോസ്റ്റലുകളില്‍ സ്ഥിരതാമസമാക്കിയ നൂറുകണക്കിന് ആളുകളുണ്ടത്രെ. യഥാര്‍ത്ഥത്തില്‍ അകത്ത് ഹോസ്റ്റല്‍ സൗകര്യം ലഭിക്കാത്ത ആയിരക്കണക്കിന് അധ്യേതാക്കള്‍ക്ക് വമ്പിച്ച സാമ്പത്തിക ബാധ്യത സഹിച്ചും പുറത്തു കഴിയേണ്ടിവരുന്നു.
ഇടതുപക്ഷത്തിലെ മൃദുക്കള്‍ മുതല്‍ ഏറ്റവും കടുത്ത ഉടന്‍കൊല്ലി വിപ്ലവകാരികള്‍ വരെ അവിടെ താവളമുറപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വടക്കുകിഴക്കന്‍ മേഖലയ്ക്കുമുള്ള പ്രത്യേകാനുകൂല്യങ്ങള്‍ ഉപയോഗിച്ചു ജെഎന്‍യുവില്‍ താവളമടിച്ചിട്ടുള്ള, മതതീവ്രവാദികളും അതിവിപ്ലവകാരികളും മാവോവാദികളും നക്സല്‍ വിഭാഗക്കാരും ജെഎന്‍യു വിനെ സുരക്ഷിതതാവളമാക്കിയിരിക്കുന്നു. അക്കൂട്ടരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ അടങ്ങുന്നതാണ് ഫാക്കല്ടികളും ഭരണസമിതിയുമത്രേ.
ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന ചില ദിനാചരണങ്ങളും പ്രകടനങ്ങളും മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും അതിനു മുന്നിട്ടിറങ്ങിയവരുടെ മനോഭാവങ്ങളും ഉദ്ദേശ്യങ്ങളും തികച്ചും വ്യക്തമാക്കുന്നവയായിരുന്നു. പാര്‍ലമെന്റാക്രമണ കേസില്‍ വിചാരണയ്ക്കും ഭരണഘടനാനുസൃതമായ നിയമനടപടികള്‍ക്കുംശേഷം വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്സല് ഗുരുവിനെ പ്രകീര്‍ത്തിക്കുന്ന പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും അവിടെ ഉയര്‍ത്തപ്പെട്ടു. ഭാരതത്തെ കഷണങ്ങളാക്കുന്നതുവരെ പോരാട്ടം തുടരും. കശ്മീറിന്റെ സ്വാതന്ത്ര്യം നേടുന്നതുവരെ യുദ്ധം ചെയ്യും തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവിടെ മുഴങ്ങി. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനും മറ്റു ചിലര്‍ക്കുമെതിരെ അധികൃതരുടെ ആവശ്യപ്രകാരം ദല്‍ഹി പോലീസ് കേസെടുത്തു, ചിലരെ അറസ്റ്റു ചെയ്തു, ചിലര്‍ ഒളിവില്‍ പോയി.
ഈ സംഭവങ്ങളൊക്കെ പൊടിപ്പും തൊങ്ങലും പിടിപ്പിച്ച മാധ്യമങ്ങളായ മാധ്യമങ്ങളൊക്കെ ഘോഷിച്ചത് കാണാത്തവരായി ആരുമുണ്ടാവില്ല. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പരിഷത്തുകാര്‍ ഈ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതാണ് കോണ്‍ഗ്രസും മറ്റിടതുപക്ഷകക്ഷികളും എന്നുവേണ്ട പത്രങ്ങളും മതേതരക്കാരുമൊക്കെ മോദി സര്‍ക്കാരിനെതിരെ തിരിയാന്‍ ഇടയാക്കിയത്. ശവം മണക്കുമ്പോള്‍ കഴുകന്മാര് പറന്നെത്തുന്നതുപോലെ രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും യച്ചൂരിയുമടക്കമുള്ള നേതാക്കളൊക്കെ അവിടെയെത്തി മോദിക്കും ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പോര്‍വിളികള്‍ നടത്തി. ഇന്നും സംഭവത്തിന്റെ അലയൊലികള്‍ അടങ്ങിക്കഴിഞ്ഞിട്ടില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും അതിന്റെ ശബ്ദം മുഖരിതമായ്ക്കൊണ്ടിരിക്കുന്നു.
ജെഎന്‍യുവിലെ സമരകോലാഹലങ്ങള്‍ക്കിടെ വിതരണം ചെയ്യപ്പെട്ട ലഘുലേഖയില്‍ മഹിഷാസുര രക്തസാക്ഷിദിനാചരണത്തെയും പരാമര്‍ശിക്കുന്നതായി, മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി സഭയില്‍ ചെയ്ത പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഭാരതത്തിലെ അതിസൂക്ഷ്മന്യൂനപക്ഷ കുടുംബാംഗവും സ്ത്രീയുമെന്ന പരിഗണനപോലും നല്‍കാതെയാണ് ഇറാനിക്കെതിരെ പ്രതിപക്ഷാംഗങ്ങള്‍ കുരച്ചു ചാടിയത്. ”ജെഎന്‍യുവിലെ പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിദ്യാര്‍ത്ഥി യൂണിയന് ഇറക്കിയ ലഘുലേഖയില്‍ ”ദുര്‍ഗാപൂജ തൊലി വെളുത്ത സുന്ദരിയായ ദേവത ദുര്‍ഗ, കറുത്ത മഹിഷാസുരനെ ക്രൂരമായി കൊല്ലുന്നതാണ് ദുര്ഗാപൂജയെന്നും ധീരനും ആത്മാഭിമാനിയുമായ മഹിഷാസുരനെ ആര്യന്മാര് ചതിച്ചു ദുര്‍ഗയെന്ന വേശ്യയെക്കൊണ്ട് വശീകരിപ്പിച്ചു വിവാഹം കഴിപ്പിച്ചു ഒമ്പതുദിവസത്തെ മധുവിധു ആഘോഷത്തിനുശേഷം ഉറക്കത്തില്‍ ചതിച്ചുകൊന്നുവെന്നും മറ്റുമാണ്” പറയുന്നത്.
ലഘുലേഖ വായിച്ചതിനെ ചൊല്ലി രാജ്യസഭയില്‍ സ്മൃതിക്കെതിരെ കോലാഹലമുയര്‍ന്നു. ഭാരതത്തില്‍ ദേവതകള്ക്കുമാത്രമല്ല ദാനവര്‍ക്കും പൂജയും ആരാധനയുമുണ്ട്. കേരളത്തില്‍ത്തന്നെ ദുര്യോധന പ്രതിഷ്ഠയുള്ള ക്ഷേത്രമുണ്ടല്ലൊ. കാളികൂളി പിശാചുക്കളും ആരാധ്യരാണ്. ഇത്ര തുറന്ന ആരാധനാ സ്വാതന്ത്ര്യം ഉള്ള സമൂഹം ഹിന്ദുക്കളെപ്പോലെ ലോകത്തൊരിടത്തുമില്ല. സ്മൃതി ഇറാനി മേപ്പടി ലഘുലേഖയും ജെഎന്‍യു പ്രസംഗവും കൊല്‍ക്കത്തയില്‍ നടക്കുമോ എന്നാരാഞ്ഞത്. യച്ചൂരി സീതാരാമ സോമയാജിപ്പാടിനെ അരിശംകൊള്ളിച്ചു. കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ ഓണത്തെ അദ്ദേഹം എടുത്തുപറഞ്ഞു. മഹാവിഷ്ണു വധിച്ച മഹാബലിക്കു സ്വാഗതം നല്കുന്ന ആഘോഷമാണ് ഓണം എന്ന് അദ്ദേഹം പറഞ്ഞതായാണ് ലൈവായി ചര്‍ച്ച കേട്ട എനിക്കുതോന്നിയത്.
മഹാവിഷ്ണു, ബലിയെ അടുത്ത ഇന്ദ്രനായി ഉയര്‍ത്തുന്നതിന്റെ പ്രാരംഭമായ തപശ്ചര്യക്കുവേണ്ടി അയയ്ക്കുകയാണ് ചെയ്തതെന്നു സോമയാജിപ്പാടിനറിയില്ലെന്നുവരുമോ!
മഹിഷാസുര പരാമര്‍ശം കേരളത്തിലും ചാനല്‍ ചര്‍ച്ചയ്ക്കും തുടര്‍ന്നുള്ള പ്രകമ്പനങ്ങള്‍ക്കും വഴിയൊരുക്കിയല്ലൊ. ഏതായാലും മഹിഷാസുരന്റെ സഹോദരിയെന്നു വിശ്വസിക്കപ്പെടുന്ന മഹിഷിയെ ചൊല്ലി ശബരി അയ്യപ്പന്റെ നേര്ക്കാവുമോ അടുത്ത ആക്രമണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മഹിഷിയാണ് പുനര്ജന്മം കൊണ്ട് മാളികപ്പുറത്തമ്മയായി അയ്യപ്പന്റെ ഗൃഹണിപദം കാംക്ഷിച്ചു തപസ്സനുഷ്ഠിക്കുന്നതെന്നാണല്ലോ വിശ്വാസം. ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നത്തിന് സുപ്രീംകോടതിയില്‍വരെ ആവലാതിയെത്തിയ സ്ഥിതിക്കു ഒരു ജെഎന്‍യു മോഡല്‍ സമരത്തിനും സാധ്യതയുണ്ട്. ആരെങ്കിലും ഇറങ്ങുന്നോ?
ഒരു മരത്തിലെ ഇല വീഴുന്നത് പച്ചയായിട്ടോ പഴുത്തിട്ടോ ആയാലും കുറ്റം മോദി സര്‍ക്കാരിനും ആര്‍എസ്എസ് ഫാസിസത്തിനുമാകയാല് ഭസ്മാസുരന്മാര് തിമര്‍ത്താടട്ടെ. വേണമെങ്കില്‍ അവര്‍ക്കായി ഒരു തെയ്യം കൂടി കെട്ടിയാടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: