പെരിന്തല്‍മണ്ണ: ഗള്‍ഫ് പ്രതിസന്ധി അതിരൂക്ഷമായതോടെ ജില്ലയിലേക്ക് കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തുകയാണ്. കുവൈറ്റ് യുദ്ധകാലത്ത് പോലും ഇത്രയധികം പ്രവാസികള്‍ മടങ്ങിവന്നിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു.
അസംസ്കൃത എണ്ണവിലയിലുണ്ടായ അസാധാരണമായ ഇടിവാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാകാന്‍ കാരണം. ബാരലിന് 120 ഡോളറിലധികം വിലയുണ്ടായിരുന്ന സ്ഥാനത്ത് വെറും 27 ഡോളര്‍ മാത്രമാണ് ഇപ്പോഴത്തെ എണ്ണവില. അഞ്ചിരട്ടിയിലധികം വില തകര്‍ച്ചയുണ്ടായി. എണ്ണവില ഇത്തരത്തില്‍ കൂപ്പുകുത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളിലെ മുഖ്യവരുമാന മാര്‍ഗ്ഗം തന്നെയാണ് നിലച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വന്‍ നിയന്ത്രണങ്ങള്‍ക്ക് നിര്‍ബന്ധിതമായിരിക്കുകയാണ് അതാത് രാജ്യത്തെ ഭരണകൂടങ്ങളും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കുവൈറ്റിലാണ്. ഇവിടെ ജോലി ചെയ്യുന്ന പ്രവാസികളില്‍ ഭൂരിപക്ഷവും ഭാരതീയരാണ്. അവരില്‍ മലയാളികളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളിലുള്ളവരേക്കാള്‍ വളരെ കൂടുതലാണ്. മലയാളികളില്‍ ഭൂരിപക്ഷവും മലപ്പുറം ജില്ലക്കാരാണെന്നതാണ് മറ്റൊരു പ്രത്യേകത. ജില്ലയിലെ അഞ്ച് വീടുകളെടുത്താല്‍ അതിലൊരാളെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ്.
പ്രവാസികളെ കണ്ണീരിലാഴ്ത്തുകയാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇവിടെ ജോലി ചെയ്യുന്ന ഭാരതീയരുള്‍പ്പെടെ ഉള്ളവരുടെ മേല്‍ നിയന്ത്രണങ്ങള്‍ ചുമത്തിയിരിക്കുകയാണ്. കരാര്‍ അടിസ്ഥാനത്തിലുള്ള ജോലിക്കൊന്നും പുതുതായി വിസ നല്‍കുന്നില്ല. നിലവിലുള്ളവര്‍ക്ക് നല്കിക്കൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. ലോണ്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തലാക്കി. 50 വയസ് കഴിഞ്ഞവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് ഒഴിവാക്കി തുടങ്ങി. പുതിയ നിയമനങ്ങളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്.
കേരളത്തില്‍ ബംഗാളികള്‍ക്ക് ലഭിക്കുന്ന ശമ്പളം പോലുമില്ലാത്ത നിരവധി പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ടത്രേ.
ദുരഭിമാനം കാരണം പലരും നാട്ടിലേക്ക് തിരിച്ചു വരുന്നില്ലെന്ന് മാത്രം. ഇനി തിരിച്ചെത്തിയാല്‍ തന്നെ യാതൊരു പുനരധിവാസ പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നുള്ളതാണ് ഖേദകരമായ സത്യം.
ഒരു കാലത്ത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങി നിര്‍ത്തിയ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും നിരാശയുടെ പടുകുഴിയിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടുകള്‍ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ നോക്കികാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: