കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ കരട് പദ്ധതിനിര്‍ദേശങ്ങള്‍ക്ക് കലക്ടറേറ്റ് എന്‍ജിനീയേഴ്‌സ് ഹാളില്‍ ചേര്‍ന്ന വികസന സെമിനാര്‍ അംഗീകാരം നല്‍കി.
ജില്ലയെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കുന്നതിനുള്ള ക്ലീന്‍ കോഴിക്കോട് പദ്ധതിയുടെ പ്രചാരണത്തിനായി റോഡ് ഷോ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. അയല്‍സംസ്ഥാനങ്ങളിലെ യന്ത്രവല്‍കൃത സംസ്‌കരണ പ്ലാന്റുകളിലേക്ക് മാലിന്യങ്ങള്‍ എത്തിക്കുന്നതിന് മുന്‍തൂക്കം നല്‍കും.
അത്തോളി, ബാലുശ്ശേരി ഗേള്‍സ്, ചോറോട്, പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തും.
ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന വന്ധ്യതാ നിവാരണ പരിപാടിയായ സീതാലയം പദ്ധതി വ്യാപിപ്പിക്കും. ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലഹരി വിരുദ്ധ കാംപയിന്‍ ശക്തിപ്പെടുത്തും. എല്ലാ സ്‌കൂളുകളിലും നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ പേരില്‍ ചില്‍ഡ്രന്‍സ് തിയറ്റര്‍ ഗ്രൂപ്പുകള്‍ സ്ഥാപിക്കും.
ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകിവരുന്ന സാഹചര്യത്തില്‍ രോഗം നേരത്തേ കണ്ടെത്തി ചികില്‍സിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ പരിശോധനകള്‍ നടത്തി ചികില്‍സ ലഭ്യമാക്കുന്നതാണ് ജില്ലാപഞ്ചായത്തിന്റെ മറ്റൊരു പദ്ധതി. ജീവതാളം എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗത്തിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഡയാലിസിസ് ആവശ്യമായവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള സ്‌നേഹസ്പര്‍ശം പദ്ധതി വ്യാപിപ്പിക്കും.
എ പ്രദീപ്കുമാര്‍ എം. എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി ജോര്‍ജ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ സജിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനക്കല്‍, ജില്ലാപഞ്ചായത്തംഗം അഹമ്മദ് പുന്നക്കല്‍ സെക്രട്ടറി എം. സലീം സംസാരിച്ചു.
















