കോഴിക്കോട്: ”സംസ് കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന പരിഷ്‌കാരികളായ നമ്മേക്കാള്‍ എത്രയോ മുകളിലാണ് ഇവര്‍. നോക്കൂ ഭക്ഷണാവശിഷ്ടങ്ങളെല്ലാം മാലിന്യ നിക്ഷേപ സ്ഥലത്താണ് അവരിട്ടതെങ്കില്‍ പരിഷ്‌കാരികളായ നമ്മള്‍ അതെല്ലാം ഈ ഗ്രൗണ്ടില്‍ തന്നെ വലിച്ചെറിഞ്ഞിരിക്കുകയാണ്”. പറയുന്നത് മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകനും പ്രൊഫസറുമായ മയാങ്ക് വഹിയ. മേഖലാ ശാസ്ത്ര കേന്ദ്രം കാണാനെത്തിയ നിലമ്പൂര്‍ മാഞ്ചേരി കോളനിയിലെ ചോലനായ്‌ക്കരുടെ ഉച്ചഭക്ഷണ രീതികള്‍ സൂക്ഷമമായി നിരീക്ഷിച്ചതിനു ശേഷമായിരുന്നു പ്രൊഫസറുടെ വിലയിരുത്തല്‍. കാട്ടില്‍ അപരിഷ്‌കൃത ജീവിതം നയിക്കുന്നവരെന്ന് നാം പുച്ഛിച്ചു തള്ളുന്ന ചോലനായ്‌ക്കരുടെ ജിവീത സവിശേഷതകള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു പ്രൊഫസര്‍. നിലമ്പൂര്‍ നെടുങ്കയത്തു നിന്ന് 20 കിലോമീറ്റര്‍ ഉള്‍വനത്തില്‍ നിന്ന് നഗരം കാണാനെത്തിയ വരായിരുന്നു ചോലനായ്‌ക്ക സംഘം. മൂത്ത കാരണവര്‍ കരിയന്റെ നേതൃത്വത്തില്‍ കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സ്ത്രീകളും പുരുഷന്മാരുമായി ഏതാണ്ട് 50 പേരടങ്ങുന്ന സംഘമാണ് തങ്ങളുടെ വന സാഹചര്യങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ സഞ്ചരിച്ച് നഗര കാഴ്ചകള്‍ കാണാനെത്തിയത്.
പുറം ലോകത്തെക്കുറിച്ചൊന്നുമറിയാതെ നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ മാഞ്ചേരി മലയിലാണ് ഈ ചോലനായ്‌ക്ക കുടുംബങ്ങള്‍ താമസിക്കുന്നത്. ആദിവാസിസമൂഹങ്ങളില്‍ ഏറ്റവും ആദിമമെന്ന് കരുതപ്പെടുന്ന പ്രാക്തന ഗോത്രവര്‍ഗ വിഭാഗമാണ് ചോലനായ്‌ക്കര്‍. ”മാഞ്ചേരിയില്‍ നിന്നും 8 കി. മീറ്റര്‍ അകലെയാണ് ഇവര്‍ താമസിക്കുന്നത്. സര്‍ക്കാര്‍ കെട്ടിക്കൊടുത്ത 12 വീടുകളില്‍ 2 വീടകളില്‍ മാത്രമാണ് താമസക്കാരുള്ളത്. ബാക്കി 10 എണ്ണവും പൊളിഞ്ഞുവീഴാറായ നിലയിലാണെന്ന് സംഘത്തിലുണ്ടായിരുന്ന മണി പറഞ്ഞു. മാഞ്ചേരിയില്‍ നിന്നു 8 കി.മീറ്റര്‍ അകലെ കരിമ്പുഴയുടെ തീരത്താണ് ബാക്കിയുള്ളവര്‍ കുടില്‍കെട്ടി താമസിക്കുന്നത്”.
ഇടക്കെപ്പോഴെങ്കിലും നാട്ടിലിറങ്ങുമ്പോള്‍ കാണുന്ന സിനിമകളില്‍ മാത്രം കണ്ടു പരിചയിച്ച നഗരദൃശ്യങ്ങള്‍ നേരില്‍ കണ്ട അമ്പരപ്പായിരുന്നു സംഘത്തിലെ കുട്ടികളുടെ മുഖത്ത്. കരിപ്പൂരില്‍ വിമാനം വന്നിറങ്ങുന്നതും വിശാലമായ വിമാനത്താവളവും കണ്ടതിന് ശേഷമാണ് സംഘം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ മേഖലാ ശാസ്ത്ര കേന്ദ്രത്തിലെത്തിയത് യാത്ര ഉടനീളം ആട്ടവും പാട്ടുമായി ആസ്വദിച്ചുകൊണ്ടാണ് പ്ലാനറ്റോറിയത്തിലെത്തിയ അവര്‍ ശാസ്ത്ര പ്രദര്‍ശനങ്ങള്‍ കണ്ടത്. മജീഷ്യന്‍ പ്രദീപ് ഹുഡിനോയുടെ മായാജാല കാഴ്ചകള്‍ കണ്ട് വിസ്മയം പൂണ്ട സംഘം 3 ഡി പ്രദര്‍ശനം കണ്ടതിന് ശേഷമാണ് മടങ്ങിയത്.
പ്രൊഫ. മയാങ്ക് വഹിയ സംഘത്തിലെ കാരണവരായ കരിയനെ ആദരിച്ചു. സംഘത്തോടൊപ്പമുണ്ടായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്റലിജന്‍സ് എസ്‌ഐ സദാശിവനെ ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ വി.എസ്.രാമചന്ദ്രന്‍ ആദരിച്ചു.
കടല്‍ത്തീരത്ത് ഏറെ സമയം ചെലവിട്ടതിന് ശേഷം ശാസ്ത്ര കേന്ദ്രത്തില്‍ സംഘടിപ്പിച്ച ആരോഗ്യ പരിശോധനാ ക്യാമ്പില്‍ പങ്കെടുത്ത് അത്താഴവും കഴിച്ചാണ് സംഘം നഗരത്തില്‍ നിന്നു തിരിച്ചത്. മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വികെസി ഗ്രൂപ്പ്, എന്നിവയുടെ സഹകരണത്തോടെ മദര്‍ ഇന്ത്യ (മൂവ്‌മെന്റ് ഫോര്‍ ട്രൈബല്‍ ഹെറിറ്റേജ് ആന്റ് എന്‍വയേണ്‍മെന്റ് റിസര്‍ച്ച്) ആണ് ചോലനായ്‌ക്ക സം ഘത്തിന്റെ യാത്ര സംഘടിപ്പിച്ചത്. പ്രൊഫ. വര്‍ഗീസ് മാത്യുവാണ് മദര്‍ ഇന്ത്യയുടെ ഡയറക്ടര്‍. ചോലനായ്‌ക്കരുടെ തനതു രീതികള്‍ നിലനിര്‍ത്തിക്കൊണ്ട് അവരെ വിദ്യാസമ്പന്നരാക്കുകയാണ് മദര്‍ ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
















