കോഴിക്കോട്: ഇന്ന് ലൈറ്റ് മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ജൂണ്‍ ഒന്നിന് ഉദ്ഘാടനം ചെയ്ത കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ ഗതി കാണുന്നുണ്ടോ? കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസുകളാരംഭിച്ചെങ്കിലും യാത്രക്കാര്‍ക്ക് കുടിവെള്ളം പോലും ലഭിക്കാത്ത സ്ഥിതിയിലാണ് ബസ് ടെര്‍മിനല്‍. രണ്ടു ടവറുകളിലായി 11 നിലകളിലുള്ള വന്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം കഴിഞ്ഞ് എട്ടു മാസം കഴിഞ്ഞിട്ടും പ്രവര്‍ത്തന ക്ഷമമായിട്ടില്ല. 53.30 കോടി രൂപ ചെലവിട്ടാണ് 36, 036.47 ചതുരശ്ര മീറ്ററില്‍ ബസ് ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ സമുച്ചയത്തിന്റെ ടെണ്ടര്‍ നടപടികള്‍ പലതവണ പ്രഖ്യാപിച്ചെങ്കിലും ഇതു വരെ കരാറില്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞിട്ടില്ല.
50 കോടി 50 ലക്ഷത്തിന് മുക്കം കേന്ദ്രമായുള്ള മാക്കോസ് എന്ന കമ്പനി ടെണ്ടര്‍ വിളിച്ചിരിക്കുകയാണെന്ന വിവരം മാത്രമാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കമ്പനിയുടെ വിശദാംശങ്ങള്‍ നല്‍കാനോ, കടയുടമകള്‍ക്ക് ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ നല്‍കാനോ അധികൃതര്‍ തയ്യാറാവുന്നില്ല. എട്ടു മാസത്തെ വാടക ഇനത്തില്‍ ലക്ഷങ്ങളാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കരാര്‍ ഒപ്പിട്ടതിന് ശേഷം മാത്രമേ കരാര്‍ നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുള്ളു. 30 വര്‍ഷത്തേക്കാണ് ബിഒടി അടിസ്ഥാനത്തില്‍ പണിത കെട്ടിട സമുച്ചയം ടെണ്ടര്‍ ഉടമക്ക് നല്‍കുക. പണി പൂര്‍ത്തിയായ വിശാലമായ കെട്ടിടത്തിന്റെ പല ഭാഗങ്ങളും സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണ്. മാലിന്യങ്ങളും മദ്യക്കുപ്പികളും നിറഞ്ഞ സ്ഥിതിയിലാണ് പല മുറികളും.
















