പാലക്കാട്: ജില്ല കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങുമ്പോഴും വ്യവസായ ഭീമന്മാര് പ്രതിദിനം ഊറ്റുന്നത് ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത 10 വര്‍ഷം കൊണ്ട് ശുദ്ധജലമില്ലാത്ത മേഖലയായി കഞ്ചിക്കോട് മാറുമെന്നാണ് റിപ്പോര്‍ട്ട്. വ്യവസായ വകുപ്പിന്റെ കണക്കുകളനുസരിച്ച് ദിനംപ്രതി രണ്ട് കോടി ലിറ്റര്‍ വെള്ളമാണ് കഞ്ചിക്കോട് വ്യവസായ മേഖലയിലെ വിവിധ കമ്പനികള്‍ ഉപയോഗിക്കുന്നത്. ഇതിനു പുറമെ രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം മലമ്പുഴ വ്യവസായ മേഖലയിലേക്ക് വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇതില്‍ നല്ലൊരു പങ്കും കമ്പനികള്‍ വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പെപ്സി, കോള, ബിയര്‍ കമ്പനികള്‍, കുപ്പിവെള്ള കമ്പനികള്‍, ഡിസ്റ്റിലറികള്‍ എന്നിവയടക്കം വന്‍തോതില്‍ ജലം ആവശ്യമുള്ള നൂറോളം കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ച് പ്രദിദിനം 6.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് പെപ്സി കമ്പനി മാത്രം ഉപയോഗിക്കുന്നത്. ഒരു ലിറ്റര്‍ കോള ഉല്പാദിപ്പിക്കാന് അഞ്ച് ലിറ്റര്‍ വെള്ളം വേണം. കോളക്കമ്പനി ഔദ്യോഗികമായി സമര്‍പ്പിച്ച കണക്കുകള്‍ പരിശോധിച്ചാല്‍ 10 മുതല്‍ 15 ദശലക്ഷം ലിറ്റര്‍ വെള്ളം ഊറ്റിയെടുക്കുന്നുണ്ട്. ഇതിന്റെ കണക്കുകള്‍ അധികൃതര്കാര്യമാക്കിയിട്ടില്ല എന്നു മാത്രമല്ല നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുമില്ല. കമ്പനിയുടെ മീറ്ററുകളാകട്ടെ കമ്പനിയുടെ അനുവാദത്തോടെ മാത്രമേ വ്യവസായ വകുപ്പുദ്യോഗസ്ഥര്‍ക്കു പോലും പരിശോധിക്കാനാവു. ഇതിനു പുറമെ ഇവിടത്തെ ബിയര്‍ കമ്പനികളും ഡിസ്റ്റിലറികളുമൊക്കെ ചേര്‍ന്ന് ഒരു ദിവസം 30 ദശലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നുണ്ട്. എന്നാല്‍ കാലങ്ങളായുള്ള ഇവിടത്തെ വ്യവസായ ഭീമന്മാരുടെ സ്ഥാപനങ്ങള്‍ അമിതമായ ജലചൂഷണം നടത്തുന്നത് ഭാവിയില്‍ കഞ്ചിക്കോടിന്റെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കും. മേഖലയില്‍ 700 അടി വരെ കുഴിച്ചാലും കുഴല്‍ക്കിണറുകളില്‍ വെള്ളം കിട്ടാത്ത അവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വേനല്‍ കനത്തതോടെ തമിഴ്നാട് അതിര്‍ത്തിയില്‍ ജലക്ഷാമം രൂക്ഷമാകുന്നത് പതിവാണെങ്കിലും കുടിവെള്ളം പോലും ഇവിടെ കിട്ടാക്കനിയാകുകയാണ്. കൃഷി-വ്യവസായ ആവശ്യങ്ങള്‍ക്ക് കുഴല്‍ക്കിണറുകള്‍ കുഴിക്കാന്‍ ഭൂഗര്‍ഭ ജലവകുപ്പിന്റെ അനുമതി വാങ്ങണമെന്നതാണ് നിയമമെങ്കിലും ആരും ഇത് പാലിക്കുന്നില്ല. പെപ്സി പോലുള്ള കമ്പനികളുടെ ജലോപയോഗം 2.5 ലക്ഷം ലിറ്ററായി പരിമിതപ്പെടുത്തണമെന്ന് കോടതി ഉത്തരവു പ്രകാരം നിയമിക്കപ്പെട്ട വിദഗ്ധ സമിതിയുടെ നിര്‍ദേശമുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇപ്പോഴും കോടതിക്കു മുന്നില്‍ എത്തിയിട്ടില്ല. വ്യവസായ മേഖലകളിലെ ജലചൂഷണം പരിധി വിട്ടതോടെ കിട്ടുന്ന കുടിവെള്ളത്തിന്റെ ശുദ്ധിയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഫ്ളൂറോയ്ഡ്, ലെഡ്, കാഡ്മിയം എന്നിവയുടെ അളവ് കുടിവെള്ളത്തില്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും കണ്ടെത്തിയിരിക്കുന്നു. കഞ്ചിക്കോട്ടെ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി രൂപീകരിച്ച കാവല്‍സംഘം ഇക്കാര്യങ്ങള്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: