മലപ്പുറം: ജില്ലാ റിവര്‍ മാനേജ്മെന്റ് ഫണ്ട് വകമാറ്റി പത്തനംതിട്ട ജില്ലയിലേക്ക് കൈമാറ്റം ചെയ്യാനുള്ള നീക്കം തടയാന്‍ ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും അടിയന്തിരമായി ഇടപ്പെടണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലാ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍നിന്ന് 20 കോടി രൂപ പത്തനംതിട്ട ജില്ലാ റിവര്‍മാനേജ്മെന്റ് ഫണ്ടിലേക്ക് കൈമാറാനാണ് സര്‍ക്കാര്‍ ഉത്തരവ്. ജില്ലയിലെ പുഴകളെ നശിപ്പിച്ചുകൊണ്ട് മണല്‍വാരി സംഭരിക്കുന്ന പണമാണ് ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ടിലെ വലിയൊരു ഭാഗം. ജില്ലയിലെ പുഴകളും പുഴയോരങ്ങളും നാശത്തിന്റെ വക്കിലാണ്. പുഴകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ്. ഇതിനിടയിലാണ് റവന്യു മന്ത്രിയുടെ ജില്ലയിലേക്ക് ഫണ്ട് വകമാറ്റുന്നത്. പാലങ്ങളുടെ പണിക്കായി കൈമാറ്റം ചെയ്യുന്ന ഫണ്ടുപയോഗിച്ച് നടക്കാന്‍ പോകുന്ന പ്രവൃത്തികളുടെ നോഡല്‍ ഏജന്‍സി പത്തനംതിട്ട ജില്ലാ നിര്‍മിതി കേന്ദ്രമാണെന്നുള്ളത് ഇതിലെ അഴിമതിയുടെയും തട്ടിപ്പിന്റെയും തെളിവാണ്. 34 കോടി രൂപയാണ് നാല് ജില്ലകളില്‍നിന്നായി വകമാറ്റുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പി.സുന്ദരരാജന്, എം.പി.എ.ലത്തീഫ്, സുനില്‍ വടക്കയില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: