പേരാമ്പ്ര: കൃഷി നടത്തുന്നതിനാവശ്യമായ യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് വാടകയ്‌ക്കു നല്‍കുന്ന സംസ്ഥാന കൃഷി വകുപ്പിന്റെ പദ്ധതിക്ക് തുടക്കമായി. പേരാമ്പ്ര- എടവരാട് ത്രിവേണി പാടശേഖരത്തില്‍ കെ.കുഞ്ഞമ്മത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള പേരാമ്പ്രയിലെ അഗ്രോ സര്‍വ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് അത്യാധുനിക യന്ത്രങ്ങള്‍ വാടകക്ക് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ എസ്എംഎഎം പദ്ധതി പ്രകാരമാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എം. നന്ദിനി, ചക്കിട്ടപാറ സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് ഇടച്ചേരി, സെക്രട്ടറി പി.എം. രാഘവന്‍, എടത്തുംകര ഇബ്രായി, എന്‍.എം. അഷ്‌റഫ്, എന്‍.പത്മജന്‍, രതി എണ്ണപ്പിലാക്കൂല്‍, കെ.കെ.സി. മൂസ്സ, ഹമീദ് ആലിയോട്ട് എന്നിവര്‍ പ്രസംഗിച്ചു. പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ എ.പുഷ്പ സ്വാഗതവും, കൃഷി ഓഫീസര്‍ ആര്‍.ബിന്ദു നന്ദിയും പറഞ്ഞു. പേരാമ്പ്രയിലെ ഏഴ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും.
മൊത്തം അരക്കോടി രൂപക്കുള്ള യന്ത്രങ്ങളാണ് സജ്ജമായിട്ടുള്ളത്. രണ്ട് തലത്തിലുള്ള ഉഴുത്ത് യന്ത്രം, നെല്ല് നടീല്‍ യന്ത്രം, മെതിയന്ത്രം എന്നിവയാണിത്. കൂടാതെ യന്ത്രമുപയോഗിച്ചുള്ള തെങ്ങ് കയറ്റം ഉള്‍പ്പെടെ കൃഷി ജോലിചെയ്യാന്‍ അഗ്രോസര്‍വ്വീസ് സെന്ററില്‍ ഗ്രീന്‍ ആര്‍മ്മിയുടെ സേവനം ലഭിക്കും.
















