വടകര: ബി സോണ്‍ കലോല്‍സവം നാലാം ദിവസം പിന്നിടുമ്പോള്‍ ഫാറൂഖ് കോളേജ് മുന്നേറ്റം തുടരുന്നു. 80 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ 258 പോയിന്റ് നേടി ഫാറൂഖ് കോളേജ് ജൈത്രയാത്ര തുടരുകയാണ്. 220 പോയിന്റുമായി ദേവഗിരി കോളേജ് രണ്ടാം സ്ഥാനത്തും, 145 പോയിന്റുമായി പ്രോവിഡന്‍സ് കോളേജ് മൂന്നാം സ്ഥാനത്തുമാണ്. ഇന്നു വൈകീട്ട് 5 ന് തിരുവള്ളൂര്‍ ടൗണിലെ മുഖ്യവേദിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പിഎസ്‌സി മെമ്പര്‍ ടി.ടി. ഇസ്മയില്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
കലോത്സവ സംഘാടന ചരിത്രത്തിലെ ഏറ്റവും താളപിഴകള്‍ നിറഞ്ഞ കലോത്സവമെന്ന് പേര് കേള്‍പ്പിച്ച ഈ മേളയില്‍ ഇന്നലെ സംഘനൃത്തത്തിലെ വിധിനിര്‍ണയത്തെ ക്കുറിച്ചുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തി. സമയപരിധി കടന്ന ടീമിന് രണ്ടാം സ്ഥാനം നല്‍കിയതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. കലോത്സവത്തിന്റെ മീഡിയസെന്റര്‍ മുതല്‍ ഫലപ്രഖ്യാപനം വരെ കുത്തഴിഞ്ഞ നിലയിലായിരുന്നു. സ്ഥലം എംപി മുല്ലപ്പള്ളിരാമചന്ദ്രന്‍ പങ്കെടുത്തതൊഴിച്ചാല്‍ കലോത്സവം ലീഗ് മേളയാക്കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
















