കുന്നിക്കോട്: ആര്‍ഡിഒയുടെ ഓഫീസ് ജീവനക്കാരെ കൈയ്യേറ്റം ചെയ്യാതതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വിജയനെതിരെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിയിരിക്കുന്നത്. ആര്‍ടിഒയുടെ ഓഫീസ് ജീവനക്കാരുടെ വാഹനം തടഞ്ഞ് നിര്‍ത്തുകയും അവരോട് മോശമായി പെരുമാറുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റവന്യൂ സംഘത്തിനെതിരെയും പോലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്റിനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനും ഭീഷണിപെടുത്തിയതിനുമായി ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസ്. കുന്നിക്കോട് ടൗണിലെ ഓടകള്‍ പഞ്ചായത്ത് അധികൃതര്‍ ശുചീകരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തത്. വിളക്കുടി ആശുപത്രി ജംഗ്ഷനിലെ ഓടകളിലെ മാലിന്യം നീക്കുന്നതിനിടെയാണ് സംഭവം. ടിപ്പറില്‍ കൊണ്ടുപോയ മാലിന്യങ്ങള്‍ നിലം നികത്താന്‍ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് റവന്യൂസംഘം സ്ഥലത്തെത്തിയത്. സംഘം ടിപ്പറും ജെസിബിയും പിടിച്ചെടുത്ത് തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കാനാവശ്യപ്പെട്ടിരുന്നു.
















