പെരിന്തല്‍മണ്ണ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അതിശക്തമായ മത്സരത്തിന് പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ കളമൊരുങ്ങുന്നു. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും ശക്തനായ വിമത സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മണ്ഡലമായി പെരിന്തല്‍മണ്ണ മാറുമെന്ന കാര്യത്തില്‍ സംശമില്ല.
മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ ലീഗിനെതിരെ രംഗത്ത് വന്നിരിക്കുന്നത് മുമ്പ് ലീഗിന്റെ ജനകീയ മുഖമായിരുന്ന നേതാവ് തന്നെയാണ്. നഗരസഭാ മുന്‍പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂക്കാണ് ലീഗിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിരുന്ന പെരിന്തല്‍മണ്ണ നഗരസഭയില്‍ സിപിഎമ്മിന്റെ അപ്രമാദിത്വം പൊളിച്ചടക്കുന്ന മുന്നേറ്റമാണ് 2010 ലെ തെരഞ്ഞെടുപ്പില്‍ ലീഗ് നേടിയത്. ഇതിന് നേതൃത്വം കൊടുത്തതാകട്ടെ പച്ചീരി ഫാറൂക്കും.
ഇരുപക്ഷവും തുല്യനില പാലിച്ച ആ തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് ഇടതുമുന്നണി അധികാരം സ്വന്തമാക്കിയത്. നഗരസഭാ ചെയര്മാന് പദവി കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട പച്ചീരി ഫാറൂക്ക് പ്രതിപക്ഷ നേതാവാകുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് പച്ചീരി ഫാറൂക്കിന്റെ ചോദ്യശരങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം മുട്ടുന്ന അവസ്ഥയിലായി ഇടത് നേതൃത്വത്തിലുള്ള ഭരണപക്ഷം. എന്നാല്‍ സിനിമയെ പോലും വെല്ലുന്ന ട്രാജഡിയാണ് ലീഗില്‍ നടന്നത്. നഗരസഭയില്‍ ലീഗിന്റെ എല്ലാമെല്ലാമായിരുന്ന പച്ചീരി ഫാറൂക്കിനെ ലീഗ് നേതൃത്വം ലീഗില്‍ നിന്ന് തന്നെ പുറത്താക്കി.
മുസ്ലിം ലീഗില്‍ ജനാധിപതമില്ലെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതായിരുന്നു ആ പുറത്താക്കല്‍ നടപടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിനേറ്റ കനത്ത പരാജയത്തിന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ പച്ചീരി ഫാറൂക്ക് ബലിയാടായി. തുടര്‍ന്ന് പരസ്യ പ്രസ്താവനകളുടെയും വിഴുപ്പലക്കലിന്റെയും ഘോഷയാത്രയായിരുന്നു ലീഗില്‍. എന്നാല്‍ ലീഗ് നേരിട്ട പരാജയത്തിന് കാരണം മുന്‍മന്ത്രി നാലകത്ത് സൂപ്പിയാണെന്ന ആരോപണവുമായി സാധാരണ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ലീഗിന്റെ തെരഞ്ഞെടുപ്പ് കണ്‍വീനറായിരുന്ന സൂപ്പിയുടെ ഏകപക്ഷീയ തീരുമാനങ്ങളാണ് ലീഗിനെ അപ്രതീക്ഷിത തോല്‍വിയിലേക്ക് തള്ളിവിട്ടതെന്ന വാദങ്ങള്‍ ശക്തമായി. ഒരു പറ്റം ലീഗ് പ്രവര്‍ത്തകര്‍ സൂപ്പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും പച്ചീരി ഫാറൂക്കിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഈ സംഭവങ്ങളില്‍ നാണംകെട്ട ലീഗ് നേതൃത്വം ആ കലിപ്പടക്കിയത് പച്ചീരി ഫാറൂക്കിനെ പുറത്താക്കികൊണ്ടായിരുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പച്ചീരി ഫാറൂക്കിന് വേണ്ടി വലവിരിച്ചെങ്കിലും മുസ്ലിം ലീഗല്ലാതെ മറ്റൊരു പാര്‍ട്ടി തനിക്കില്ലെന്ന ഉറച്ച നിലപാടാണ് ഫാറൂക്ക് സ്വീകരിച്ചത്. പച്ചീരി ഫാറൂക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ലീഗില്‍ നിന്ന് രാജിവെച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പച്ചീരി ഫാറൂക്കിനെ സ്വതന്ത്രനായി മത്സരിപ്പിക്കുമെന്ന് അണികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ മൗനംപാലിച്ച പച്ചീരി ഫാറൂക്കിനെ പോലും അമ്പരിപ്പിക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെരിന്തല്‍മണ്ണയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് നേതൃത്വം പരിഗണിക്കുന്നതായി പറയപ്പെടുന്ന സാധ്യതാ പട്ടിക പുറത്തുവന്നതോടെയാണ് സാധാരണക്കാരായ ലീഗ് പ്രവര്‍ത്തകര്‍ ലീഗിനെതിരെ വെല്ലുവിളിയുമായി രംഗത്തെത്തിയത്.
ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മണ്ഡലം ഇടതുപക്ഷത്തിന് സമ്മാനിക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് ഇവര്‍ ആരോപിക്കുന്നു.
പച്ചീരി ഫാറൂക്കിനെ തിരിച്ചെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആക്കിയില്ലെങ്കില്‍ സ്വതന്ത്രനായി അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നാണ് അണികളുടെ ഭീഷണി. അങ്ങനെ സംഭവിച്ചാല്‍ കെട്ടിവെച്ച കാശുപോലും ഔദ്യോഗിക സ്ഥാനാത്ഥിക്ക് കിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
എന്തായാലും ലീഗ് മത്സരിക്കുന്ന 24 മണ്ഡലങ്ങളിലും പച്ചീരി ഫാറൂക്കിന്റെ സ്ഥാനാര്‍ത്ഥിത്വം ലീഗിനെ പ്രതിക്കൂട്ടിലാക്കുമെന്ന് ഉറപ്പാണ്. പാര്‍ട്ടിയെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന താഴെതട്ടിലുള്ള നേതാക്കന്മാരും പ്രവര്‍ത്തകരും കറിവേപ്പിലയാകുന്നുവെന്ന അണികളുടെ പരാതി സത്യമാകുകയാണ് മുസ്ലിം ലീഗില്‍.
ഇതിനൊരു പാഠം പഠിപ്പിക്കാന്‍ പച്ചീരി ഫാറൂക്കിലൂടെ അണികള്‍ തുനിഞ്ഞിറങ്ങിയാല്‍ പല വന്മരങ്ങളും ഇക്കുറി കടപുഴകി വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: