കോഴിക്കോട്: പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പന്നിയങ്കര പോലീസ് സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ് അടിച്ചുതകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഫറോക്ക് പന്നിയങ്കര കളരിക്കല്‍ വീട്ടില്‍ മണി, മകന്‍ നന്ദകുമാര്‍ എന്നിവരെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു. ബസ് പാര്‍ക്ക് ചെയ്തിടത്ത് നിര്‍ത്തിയിട്ട മണിയുടെ കാറിന്റെ ചില്ലുകള്‍ ബസ് ജീവനക്കാര്‍ അടിച്ചുതകര്‍ത്തതിനെത്തുടര്‍ന്ന് മണിയും മകനും മണല്‍കടത്ത് സംഘാംഗങ്ങളുമു ള്‍പ്പെടെ പത്തോളം പേര്‍ ടൂറിസ്റ്റ്ബസ്സിന് നേരെ അക്രമം നടത്തുകയായിരുന്നെന്ന് പന്നിയങ്കര എസ്‌ഐ അറിയിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റ രണ്ട് ബസ് ജീവനക്കാരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹസ്ബി ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ വാടകക്കെടുത്ത സ്ഥലത്ത് മണി തന്റെ കാര്‍ നിര്‍ത്തിയിട്ടതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അതേസമയം കാറിലിരുന്ന് മദ്യപിച്ചതിനെ ചോദ്യം ചെയ്തതാണ് ടൂറിസ്റ്റ് ബസ്സിനും ജീവനക്കാര്‍ക്കും നേരെ അക്രമം നടത്താന്‍ കാരണമായതെന്നാണ് ബസ് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. വാക്ക്തര്‍ക്കത്തിനൊടുവില്‍ മണി പത്തോളംപേരടങ്ങിയ സംഘവുമായി മടങ്ങിയെത്തി ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ‘ബ്ലാക്ക് മണി’ എന്ന് വിളിപ്പേരുള്ള മണി അനധികൃതമായി മണല്‍കടത്തും കോഴിക്കടത്തും നടത്തുന്ന സംഘത്തലവനാണെന്നും ബസ് ജീവനക്കാര്‍ ആരോപിക്കുന്നു.
















