രഞ്ജിത്ത്
മങ്കട: മങ്കട മണ്ഡലത്തിനായി അവകാശവാദവുമായി നിരവധി ആളുകളെത്തി തുടങ്ങിയിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്തായാലും മങ്കടയില്‍ തീപാറുമെന്ന് ഉറപ്പായി. ഇരുമുന്നണികളെയും മാറിമാറി പരീക്ഷിക്കുന്ന മണ്ഡലമാണ് മങ്കട. 2011ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ലീഗ് സ്ഥാനാര്‍ത്ഥി ടി.എ.അഹമ്മദ് കബീര്‍ നിയമസഭയെ പ്രതിനിധീകരിച്ചെങ്കില്‍ 2006ല്‍ ഇടത് സ്വതന്ത്രന് മഞ്ഞളാംകുഴി അലി ആയിരുന്നു മങ്കട എംഎല്‍എ. അതുകൊണ്ട് തന്നെ അവകാശവാദങ്ങള്‍ അപ്രസക്തമാകുന്ന ചരിത്രമാണ് മങ്കട നിയോജകമണ്ഡലത്തിലുള്ളത്.
എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറിയെന്നതാണ് മണ്ഡലത്തിലെ പ്രധാനമാറ്റം. ഇത്തവണ ബിജെപി പിടിക്കുന്ന വോട്ടുകളാണ് വിജയം നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാനമാവുകയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏഴ് പഞ്ചായത്തുകളും 149 ബൂത്തുകളുമാണ് മങ്കട നിയമസഭാ മണ്ഡലത്തിലുള്ളത്. കൂട്ടിലങ്ങാടി (19). മങ്കട (18), മക്കരപ്പറമ്പ (10), കുറുവ (26), പുഴക്കാട്ടിരി (18), അങ്ങാടിപ്പുറം (34)ല മൂര്‍ക്കനാട് (24) എന്നിങ്ങനെയാണ് ബൂത്തുകളുടെ കണക്ക്. ഇതില്‍ അഞ്ചോളം പഞ്ചായത്തുകളില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4387 വോട്ടുകളാണ് ബിജെപിക്ക് കിട്ടിയതെങ്കില് ഒന്നരവര്‍ഷം മുമ്പ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ അത് 8640ല്‍ എത്തി.
ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ ഡിവിഷനില്‍ വോട്ട് വീണ്ടും വര്‍ദ്ധിച്ച് 8760ല്‍ എത്തി. കൂടാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി രണ്ട് പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറക്കാനും ബിജെപിക്കായി. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ അങ്ങാടിപ്പുറത്ത് ബിജെപി നടത്തിയ മുന്നേറ്റം യുഡിഎഫ് ഒറ്റസംഖ്യയില്‍ ഒതുങ്ങുന്നതിനും കാരണമായി. അതേസമയം മുന്‍വര്‍ഷങ്ങളിലെ പോലെ ഇരുമുന്നണികളും സീറ്റ് സംബന്ധിച്ച് തര്‍ക്കങ്ങള്‍ രൂക്ഷമായതായാണ് സൂചന. യുഡിഎഫ് സ്ഥാനാറ്ത്ഥിയായി നിലവിലെ എംഎല്‍എ ടിഎ അഹമ്മദ് കബീറ് തന്നെ മത്സരിക്കാനാണ് സാധ്യത.
എന്നാല്‍ മറ്റു പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന് നറുക്ക് വീഴാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ട ആബിദ് ഹുസൈന് തങ്ങളാണ് സാധ്യതയുള്ള മറ്റൊരാള്‍.
മുന്‍ പെരിന്തല്‍മണ്ണ എംഎല്‍എ കെ.കെ.എസ്.തങ്ങളുടെ മകനാണ് എന്നതും ഇദ്ദേഹത്തിന് അനുയോജ്യ ഘടകമായി വിലയിരുത്തുന്നു. അതേസമയം മുന്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുന്നത്ത് മുഹമ്മദിനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. യുവജന വിദ്യാര്‍ത്ഥി സംഘടനകളിലെ നല്ലൊരു ശതമാനത്തിന്റെ പിന്തുണ ഇദ്ദേഹത്തിനുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ വന്‍പിന്തുണയാണ് കുന്നത്ത് മുഹമ്മദിന് ലഭിക്കുന്നതും. ലീഗിന്റെ പടക്കുതിര അറക്കല്‍ ഉമ്മറിന്റെ പേരും ചര്‍ച്ചകളിലുണ്ട്. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫയും സീറ്റിനായി രംഗത്തുണ്ട്. മുന്‍ പിഎസ്സി മെമ്പര്‍ ടി.മുഹമ്മദ് മൗലവിയെ മത്സരിപ്പിക്കണമെന്ന ആഗ്രഹം ലീഗിലെ ന്യൂനപക്ഷത്തിനുണ്ട്. അതേസമയം വേങ്ങര വിട്ട് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കുകയാണെങ്കില്‍ പി. ഉബൈദുള്ള മങ്കടയില്‍ മത്സരിക്കാനും സാധ്യതയുണ്ട്.
എന്നാല്‍ യുഡിഎഫിനെ അപേക്ഷിച്ച് ഇടത് മുന്നണിയിലാണ് കൂടുതല്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നത് സീറ്റ് മോഹികളും കൂടുതലും ഇത്തവണ എല്‍ഡിഎഫില്‍ തന്നെയാണ്. മുമ്പ് മഞ്ഞളാംകുഴി അലിയിലൂടെ സ്വന്തമാക്കിയ മണ്ഡലം എന്തുവിലകൊടുത്തും തിരിച്ച് പിടിക്കണമെന്ന വാശിയിലാണ് ഇടത് മുന്നണി. അതുകൊണ്ട് തന്നെ സീറ്റ് മോഹികളെ നിരാശപ്പെടുത്തി ഇടത് സ്വതന്ത്രന് രംഗപ്രവേശം ചെയ്യാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഒരു പ്രമുഖ സിനിമ താരത്തിന്റെ പേരും ഒരു വ്യവസായിയുടെ പേരും ലിസ്റ്റിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ആര്യാടന് മുഹമ്മദിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവച്ച പ്രമുഖ സാഹിത്യകാരനും ചുങ്കത്തറ മാര്‍ത്തോമ്മാ കോളജ് മുന്‍ പ്രിന്‍സിപ്പാളുമായ പ്രൊഫ.എം.തോമസ് മാത്യുവിനെ മങ്കടയില്‍ മത്സരിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.
പെരിന്തല്‍മണ്ണയിലെ പ്രശസ്തനായ ഒരു സാമൂഹിക പ്രവര്‍ത്തകനെ ഇവിടെ മത്സരിപ്പിച്ച് സീറ്റ് പിടിച്ചെടുക്കണമെന്ന ആഗ്രഹവും അണിള്ക്കിടയിലുണ്ട്. ഇനി സിപിഎം സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണെങ്കില്‍ പറഞ്ഞു കേള്‍ക്കുന്ന നിരവധി പേരുകള്‍ ഇങ്ങനെ. മലപ്പുറം ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും മഹിളാ നേതാവുമായ പി.കെ.സൈനബയാണ് അവരില്‍ പ്രധാനി. അങ്ങാടിപ്പുറം മുന്‍പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ടി.കെ.റഷീദ് അലിയുടെ പേരും പരിഗണനയിലുള്ളതായി അറിയുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അബ്ദുല്ല അസീസിന് വേണ്ടി വാദിക്കുന്നവരും രംഗത്തുണ്ട്. യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികളെ കൂടാതെ എസ്ഡിപിഐയും രംഗത്തുണ്ട്. ഇവര്‍ പിടിക്കുന്ന വോട്ടുകള്‍ യുഡിഎഫിന് വിനയാകാനാണ് സാധ്യത.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ കെട്ടിവെച്ച കാശുപോലും നഷ്ടപ്പെടുത്തിയ ആം ആദ്മിയും രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. അതേസമയം പാളയത്തില്‍ പട യുഡിഎഫിന് തലവേദനയാകുമെന്ന കാര്യം ഉറപ്പാണ്. ത്രിതല പഞ്ചായ് തെരഞ്ഞെടുപ്പില്‍ ലീഗില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമേറ്റ അപമാനത്തിന് തിരിച്ചടി നല്കാ ന് തക്കംപാര്‍ത്തിരിക്കുകയാണ് കേരള കോണ്‍ഗ്രസ്.
ഒരുപക്ഷേ ഇടത് സ്ഥാനാര്‍ത്ഥിയായി മാര്‍ത്തോമ്മാ സഭാംഗമായ പ്രഫ.എം.തോമസ് മാത്യു മത്സരിക്കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് പിന്തുണക്കാനും സാധ്യതയുണ്ട്. എന്തായാലും ആര്‍ക്കും പിടികൊടുക്കാത്ത അവസ്ഥയില്‍ കലങ്ങി മറിയുകയാണ് മങ്കടയിലെ രാ്ര്രഷ്ടീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: