കുന്നത്തൂര്‍: പേരിനും മേനി ചമയാനുമല്ല, ഒരു കൂട്ടം നിര്‍ധനരോഗികളുടെ വിശപ്പകറ്റാനാണ് വിശപ്പിന്റെ വിലയറിയാവുന്ന സ്വയംസേവകര്‍ ഒരുവര്‍ഷം മുമ്പ് മുന്നിട്ടിറങ്ങിയത്.
കുന്നത്തൂര്‍ താലൂക്കിലെ നിര്‍ധനരായ ആളുകളുടെ ഏക ആശ്രയമാണ് ശാസ്താംകോട്ട താലൂക്കാശുപത്രി. പലപ്പോഴും രോഗികളും കൂട്ടിരിപ്പുകാരും സമീപത്തെ ക്ഷേത്രങ്ങളിലെയും മറ്റും അന്നദാനത്തെ ആശ്രയിച്ചാണ് വിശപ്പകറ്റുന്നത്. ഇതിനിടയില്‍ പബ്ലിസിറ്റിക്കും മറ്റുമായി പല സംഘടനകളും സൗജന്യഭക്ഷണവിതരണം സംഘടിപ്പിക്കുമെങ്കിലും അത് ചുരുങ്ങിയ കാലയളവിനുള്ളില്‍ അവസാനിക്കുകയാണ് പതിവ്. കടകള്‍ പോലും തുറക്കാത്ത ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും ബുദ്ധിമുട്ടാകുന്നത്. ഈ സാഹചര്യം മനസിലാക്കി ആര്‍എസ്എസ് ശാസ്താംകോട്ട മണ്ഡലത്തിലെ ഭരണിക്കാവ്, ഉള്ളന്നൂര്‍, ആയിക്കുന്നം ശാഖകളിലെ സ്വയംസേവകര്‍ ഭക്ഷണവിതരണത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. സ്വന്തം ഭവനങ്ങളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും സമാഹരിക്കുന്ന ഭക്ഷണപൊതികള്‍ ആശുപത്രിയില്‍ എത്തിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്യും. പലപ്പോഴും ജീവനക്കാര്‍ക്കും ഭക്ഷണപതികള്‍ ലഭിക്കും. ഭക്ഷണവിതരണം കഴിഞ്ഞ് ഉടനെ മടങ്ങാതെ ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിച്ച് ആശുപത്രി വൃത്തിയാക്കിയാണ് പ്രവര്‍ത്തകരുടെ മടക്കം.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും സമയതിരക്ക് മൂലം സാധിക്കാത്തവര്‍ക്ക് അതിനായുള്ള അവസരം കൂടിയാണ് ഇവര്‍ ഒരുക്കി നല്‍കുന്നത്. ഓരോ ഭവനങ്ങളില്‍ നിന്നും അഞ്ചില്‍ താഴെ പൊതികളെ സ്വീകരിക്കാറുള്ളൂ. പരമാവധി ഭവനങ്ങളെ ഈ കാരുണ്യപ്രക്രിയയില്‍ പങ്കാളികളാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വീട്ടമ്മമാര്‍ വളരെ സന്തോഷത്തോടെയാണ് പൊതിച്ചോറ് നല്‍കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഉച്ചക്ക് 12.30ന് മുമ്പ് ഭവനങ്ങളില്‍ നിന്നും പൊതിച്ചോറുകള്‍ ശേഖരിക്കുകയും അവ ആശുപത്രിയിലെത്തിച്ച് വിതരണം ചെയ്യുകയുമാണ്. 2014 ഡിസംബറില്‍ സ്വയംസേവകര്‍ പൊതിച്ചോറ് വിതരണം ആരംഭിച്ചപ്പോള്‍ പലരും അതിനെ പരിഹാസഭാവത്തിലായിരുന്നു നോക്കികണ്ടത്. എത്ര നാളത്തേക്ക് എന്ന ചോദ്യവും. എന്നാല്‍ വിശക്കുന്ന രോഗികള്‍ ഉള്ളിടത്തോളം ഭക്ഷണവിതരണം തുടരുമെന്ന് സ്വയംസേവകര്‍ ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ അത് മറ്റുള്ളവരും സമ്മതിക്കും.
















