കല്‍പ്പറ്റ:നിയമന നിഷേധത്തിനെതിരെ വയനാട് കലാ-കായിക ഉദ്യോഗാര്‍ഥി സംഘടന കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാഴ്ച്ച പിന്നിട്ടു.. ഞായറാഴ്ച്ച സമരവേദിയില്‍ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ജില്ലാ സെക്രട്ടറി പി.ജി. ആനന്ദ് കുമാര്‍, ബിജെപി ജില്ലാ നേതാക്കള്‍ തുടങ്ങിയവരോടൊപ്പം സന്ദര്‍ശനം നടത്തി. വേദിയില്‍ ഉണ്ടായിരുന്ന പി.എസ്. ബിനീഷ്, എം.പി. ഷീജ, അഭിന എം, ലിറ്റി ടി.വി, തുടങ്ങിയവര്‍ കലാകായിക അധ്യാപകരുടെ നിയമന വിഷയങ്ങള്‍ ബിജെപി നേതാവുമായി പങ്കിട്ടു. അദേഹത്തിന് വിശദമായ നിവേദനവും സംഘം നല്കി. കേന്ദ്ര ഫണ്ടുണ്ടായിട്ടും കലാകായിക അധ്യാപകരുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായതായി അദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്നം മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദേഹം പറഞ്ഞു.
ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ എല്‍.പി, യു.പി സ്കൂളുകളില്‍ കലാ-കായിക അധ്യാപകരുടെ ഒഴിവുകളില്‍ നിയമനം കാത്തുകഴിയുന്നവരാണ് സമരം തുടരുന്നത്. ഫെബ്രുവരി എട്ടിനു ആരംഭിച്ച പ്രക്ഷോഭം ഒത്തുതീര്‍ക്കുന്നതിനു അധികൃതര്‍ ചര്‍ച്ചയ്ക്കുപോലും ക്ഷണിക്കാത്തിലുള്ള അമര്‍ഷത്തിലാണ് ഉദ്യോഗാര്‍ഥികള്‍. ഈ നില തുടര്‍ന്നാല്‍ ഫെബ്രുവരി 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് ഭാരവാഹികളായ പി.വി.മനോജ്, യു.പി.മോഹന്‍ദാസ്, ടി.രഞ്ജിനി, എന്‍.പി.ഷീജ, സി.ജി.മീനു, ഐ.ആര്.വൈശാഖ് എന്നിവര്‍ പറഞ്ഞു.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക വിദ്യാഭ്യാസത്തിനു കേന്ദ്ര സര്‍ക്കാര്‍ സര്‍വ ശിക്ഷ അഭിയാന് മുഖേന സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരളത്തിനു 350 കോടി രൂപയാണ് ലഭിച്ചത്. 2015-16 അധ്യയനവര്‍ഷം മാത്രം 95 കോടി രൂപ അനുവദിച്ചു. ഇതില്‍ 2.21 കോടി രൂപ വയനാട്ടില്‍ ചെലവഴിക്കേണ്ടതാണ്. എന്നാല്‍ സംസ്ഥാനത്ത് വയനാട് അടക്കം ജില്ലകളില്‍ അധ്യാപക നിയമനം നടത്തി കലാ-കായിക പഠനത്തിനു സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. എസ്.എസ്.എ മുഖേന ലഭിക്കുന്ന ഫണ്ട് വകമാറി ചെലവഴിക്കുകയാണ്.
വിദ്യാലയങ്ങളില്‍ കായിക, ചിത്രകല, പ്രവൃത്തിപരിചയ അധ്യാപകരുടെ ഒഴിവുകളിലാണ് എസ്.എസ്.എ ഫണ്ട് ഉപയോഗപ്പെടുത്തി നിയമനം നടത്തേണ്ടത്. സ്കൂളുകളില്‍ കലാ-കായിക പഠനത്തിനു ആവശ്യമായ പിരീഡുകള്‍ നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയങ്ങള്‍ അഭ്യസിപ്പിക്കുന്നതിനും മൂല്യനിര്‍ണയത്തിനും ആവശ്യമായ അധ്യാപകരില്ല. ജില്ലയില്‍ മാത്രം എല്‍.പി., യു.പി സ്കൂളുകളിലായി കലാ-കായിക അധ്യാപകരുടെ 111 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ദ്വിവര്‍ഷ ഡിപ്ലോമയും പഞ്ചവത്സര ബിരുദവും പാസായ 200ലേറെ യുവതീയുവാക്കള്‍ തൊഴില്‍രഹിതരായി കഴിയുമ്പോഴാണ് ഈ അവസ്ഥ. ഉദ്യോഗാര്‍ഥികളില്‍ പലരും ലക്ഷക്കണക്കിനു രൂപ വിദ്യാഭ്യാസ വായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയവരാണ്. ജോലിയുടെ അഭാവത്തില്‍ തിരിച്ചടവ് മുടങ്ങി കടക്കെണിയില്‍ അകപ്പെട്ടിരിക്കയാണ് ഇവരിലേറെയും. ഒഴിവുകളും മതിയായ കേന്ദ്രഫണ്ടും ഉണ്ടായിട്ടും അധ്യാപക നിയമനത്തിനു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടാത്ത സാഹചര്യത്തിലാണ് സമരത്തിനു നിര്‍ബന്ധിതരായതെന്ന് ഉദ്യോഗാര്‍ഥി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. പ്രശ്നത്തിനു പരിഹാരം കാണാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: