മാനന്തവാടി:ജില്ലയിലെ വിവിധ താലൂക്കുകളിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മാനന്തവാടി താലൂക്കിലെ കരിമ്പില്‍, അമ്പുകുത്തി പ്രദേശങ്ങളിലെ പരാതിക്കാരായ കര്‍ഷകരില്‍നിന്ന് നികുതി സ്വീകരിക്കാന്‍ തീരുമാനമായതായി . തൊണ്ടര്‍നാട് പഞ്ചായത്തിലെ കരിമ്പില്‍ പ്രദേശത്ത് 01.01.1977-ന് മുമ്പ് ഉള്ള മുഴുവന്‍ കൈവശക്കാരില്‍നിന്നും നികുതി സ്വീകരിക്കും.1984-ലും 1992-ലും സംയുക്ത പരിശോധന നടന്നതിനുശേഷം തയ്യാറാക്കിയിട്ടുള്ള 281 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ലിസ്റ്റില്‍ 01.01.1977നു ശേഷമുള്ളവരും ഉള്‍പ്പെട്ടതായി കാണിച്ച് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരില്‍നിന്ന് നികുതി സ്വീകരിക്കാതിരുന്നത്. എന്നാല്‍ വനം- റവന്യൂ സര്‍വ്വേ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും മുമ്പ് നടന്ന സംയുക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ ഒപ്പുവെച്ചിട്ടുള്ളവരായിരുന്നുവെന്നും ജനങ്ങള്‍ക്ക് ഇനിയും നീതി നിഷേധിക്കാനാവില്ലെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ഇതിനെതുടര്‍ന്നാണ് മുഴുവന്‍ പേരില്‍നിന്നും നികുതി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്.മാനന്തവാടി ടൗണിനടുത്ത അമ്പുകുത്തിയിലും സമാനവിഷയമായിരുന്നു ഉണ്ടായിരുന്നത്. അമ്പുകുത്തിയിലെ 260 പേര്‍ക്ക് പട്ടയം നല്‍കണമെന്നും ബാക്കിയുള്ള 57 പേര്‍ക്ക് കൈവശരേഖ നല്‍കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനമായി. മാനന്തവാടി വില്ലേജിലെ വേമോം ദേശത്തില്പ്പെട്ട ചെന്നലായി ഭൂമിയില്‍ അഞ്ചുസെന്റ് മുതല്‍ ഭൂമിയുള്ള 110ഓളം കൈവശക്കാരുണ്ട്.
എസ്ചീറ്റ് ഭൂമിയാണെന്ന് അറിയാതെയായിരുന്നു പലരും ഭൂമി കൈവശപ്പെടുത്തിയത്. ഈ ഭൂമിയെ പതിച്ചുകൊടുക്കാവുന്ന ഭൂമിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നാല് ഏക്കര്‍ വരെയുള്ള എല്ലാവര്ക്കും പട്ടയം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയില്‍ പട്ടാളക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പതിച്ചുനല്‍കിയ ഭൂമി നിലവിലെ കൈവശക്കാര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിനെ ചുമതലപ്പെടുത്തി. നിലവില്‍ മാനന്തവാടി താലൂക്ക് ഓഫീസിനുമുന്നില്‍ ഇവര്‍ സമരം നടത്തിവരികയാണ്. പേര്യ വില്ലേജിലെ ഇരുമനത്തൂരില്‍ 108 പേരുടെ കൈവശഭൂമിക്ക് സംയുക്ത സ്കെച്ച് ആവശ്യമാണെന്ന കാര്യത്തിലും അനുകൂല തീരുമാനമെടുത്തു. ജില്ലയിലെ വിവിധ ഭൂവിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കോടതിയില്‍ നിലവിലുള്ള കേസുകളില്‍ ചെറുകിട കൈവശക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനും കേന്ദ്രഗവണ്മെന്റിന്റെ അനുമതി ആവശ്യമുള്ള കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ത്വരിതഗതിയിലുള്ള നടപടി സ്വീകരിക്കാനുമാണ് തീരുമാനമെടുത്തിട്ടുള്ളത്. റവന്യൂ മന്ത്രി അടൂര്‍പ്രകാശ്, പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി, ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, ഹാഡ വൈസ് ചെയര്മാന് എന്‍.ഡി. അപ്പച്ചന്, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ്മേത്ത, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, വയനാട് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: