കളമശ്ശേരി: മൂന്ന് വര്‍ഷത്തിനുള്ളില്‍ 50,000 വീടുകളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൈപ്പിലൂടെ വീടുകളില്‍ പാചക ആവശ്യത്തിനുള്ള പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ദക്ഷിണേന്ത്യയില്‍ ആദ്യമായി കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാചക വാതക വിതരണത്തില്‍ കൊച്ചി കേരളത്തിനു മാതൃകയാവും. സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പാക്കിക്കൊണ്ടുള്ള സിറ്റി ഗ്യസ് കണക്ഷന് മൂന്ന് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
കേരളത്തിലെ പാചക വാതക വിതരണ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണ് പദ്ധതി. വീട്ടമ്മമാര്‍ക്ക് ഉപകാരപ്രദമായ വലിയൊരു സംരഭമാണിത്. പദ്ധതി യാഥാര്‍ഥ്യമായതോടെ കേരളത്തിനു മുന്പില് പുതിയൊരു വാതില്‍ തുറക്കപ്പെടുകയാണ് ചെയ്തത്. വെറും 28 ദിവസങ്ങള്‍ മാത്രമാണ് സിറ്റിഗ്യാസിന്റെ പൈപ്പിടല്‍ പദ്ധതി പൂര്‍ത്തികരിക്കാന്‍ വേണ്ടിവന്നത്. പറഞ്ഞ കാലാവധിക്കു മുന്‍പ് തന്നെ പദ്ധതി നടപ്പാക്കാന്‍ അദാനി ഗ്രൂപ്പിനു കഴിഞ്ഞു. സമയബന്ധിതമായി പണിപൂര്ത്തീകരിക്കുന്നതില് ഇവര്‍ കാണിക്കുന്ന ശ്രദ്ധ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിനടിയിലെ ബോംബ് എന്ന നുണ പ്രചരണം പദ്ധതിയുടെ ആദ്യഘട്ടങ്ങള്‍ മുതല്‍ തന്നെ സര്‍ക്കാരിനു നേരിടേണ്ടി വന്നിട്ടുണ്ട്. സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുക എന്ന ലക്ഷ്യമാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്ക്കുള്ളത്. ബോധപൂര്‍വമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരോട് ഒന്നും പറയാനില്ല. പൂര്‍ണമായും സുരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് പ്രസക്തി. വൈദ്യുതിയും ഗ്യാസ് സിലിണ്ടറുകളും ഉപയോഗിക്കുന്ന പോലെ തന്നെ സിറ്റി ഗ്യാസും ഉപയോഗിക്കാനാകും. ജനപങ്കാളിത്തത്തോടെ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഇന്നലെ നിര്‍വഹിച്ചത്. ചുമട്ടുതൊഴിലാളി പവിത്രന്റെ വീട്ടടുപ്പില്‍ തിരിതെളിയിച്ചതിനുശേഷം എറണാകുളം മെഡിക്കല്‍ കോളെജിലെത്തിയ അദ്ദേഹം അവിടുത്തെ സൗഭാഗ്യ കുടുംബശ്രീ കാന്റീന് അടുപ്പിലും തീകൊളുത്തി. തുടര്‍ന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, അനൂപ് ജേക്കബ്, എംപി കെ.വി. തോമസ്, അദാനി ഗ്രൂപ്പ് പ്രതിനിധി പ്രണവ് വി. അദാനി, എംഎല്‍എമാരായ ഡൊമനിക് പ്രസന്റേഷന്, ബെന്നി ബെഹനാന്, ഹൈബി ഈഡന്, ജില്ലാ കലക്ടര്‍ രാജമാണിക്യം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. മുത്തലിബ്, കളമശേരി മുനിസിപ്പല്‍ ചെയര്‍പെഴ്സണ്‍ ജെസി പീറ്റര്‍, കൗണ്‍സിലര്‍മാരായ മിനി സോമദാസ്, വി.എസ്. അബൂബക്കര്‍, അബ്ദുള്‍സലാം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: