സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകര്‍ന്നവര്‍ എന്നും അങ്ങനെയാവണമെന്ന് വാശിപിടിക്കരുത്. കാലം മാറി വരുമ്പോള്‍, കാറ്റ് മാറി വീശുമ്പോള്‍ പഴയതുപോലെ തന്നെ നിലനില്ക്കണമെന്ന് വാശിപിടിച്ചാല്‍ എങ്ങനെ ശരിയാവും? അന്നത്തെ ശരിയല്ല ഇന്നത്തെ ശരി. അതുകൊണ്ട് അന്ന് ദേശദ്രോഹികളെ തുരത്താന്‍ ആയുധം നല്കിയെങ്കില് ഇന്ന് അത്തരക്കാരെ വെള്ളപൂശലാണ് പ്രധാനം. അതിന് വഴിവിട്ട കളിയെങ്കില്‍ അങ്ങനെ. അതല്ല മറ്റ് വല്ല പണിയെങ്കില് അങ്ങനെയും.
സത്യം സമത്വം സ്വാതന്ത്ര്യം എന്നത് നാട്ടുകാരുടെ കാര്യമല്ല, സ്വന്തം കാര്യമാണ്. സ്വന്തം സത്യത്തിലേക്കും സമത്വത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും കണ്‍തുറക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വിശാലതാല്പര്യം എന്താണെന്ന് അനുഭവിക്കാനാവുന്നത്. അത് അറിയാത്ത ആരെങ്കിലുമുണ്ടെങ്കില്‍ പ്ലീസ് കാര്യങ്ങള്‍ അവധാനതയോടെ വേണം വിലയിരുത്താന്‍.
ഭാരത മഹാരാജ്യത്ത് ജീവിക്കുന്ന സകലരും ഭാരതത്തെ വാഴ്ത്തിപ്പാടണമെന്ന് ആരെങ്കിലും ശഠിച്ചാല്‍ വകവെച്ചു കൊടുക്കില്ലെന്നാണ് നമ്മുടെ സത്യ സമത്വ സ്വാതന്ത്ര്യപ്പത്രം പറയുന്നത്.
ജെഎന്‍യു എന്ന ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പിള്ളാര് ചെറിയ എന്തോ പ്രശ്നമുണ്ടാക്കിയതിന് മോദി സര്‍ക്കാര്‍ എന്തിനാണിങ്ങനെ തുള്ളിക്കളിക്കുന്നത് എന്നാണ് ചോദ്യം. അഫ്സല്‍ഗുരു എന്ന സ്വാതന്ത്ര്യസമര സേനാനി ജനപ്രതിനിധികളോട് അത്യാവശ്യം ചില്ലറ ചോദിക്കാനാണ് പാര്‍ലമെന്റ് മന്ദിരത്തിലേക്കു വന്നത്. അയാളെ പോലീസുകാര്‍ തടഞ്ഞുവെന്നു മാത്രമല്ല വെടിവെച്ചു കൊല്ലുകയും ചെയ്തു. ഒരു തരത്തിലും അംഗീകരിച്ചുകൊടുക്കാന്‍ പാടില്ലാത്തതായിരുന്നു അത്. ഒരു സ്വാതന്ത്ര്യസമര പോരാളിയെ അതിപൈശാചികമായി കൊലപ്പെടുത്തിയാല്‍ പ്രതിഷേധിക്കേണ്ടതല്ലേ എന്നാണ് നമ്മുടെ മേപ്പടി പത്രം വരികള്‍ക്കിടയിലൂടെ ചോദിക്കുന്നത്.
ഭാരതത്തിലെ അതിപ്രശസ്തമായ സര്‍വകലാശാലയില്‍ പഠിക്കുന്നവരൊക്കെയും അതിപ്രഗല്ഭന്മാര് തന്നെയാണ്. അതിനാല്‍ അത്തരക്കാര്‍ എന്തു പരിപാടി നടത്തിയാലും അത് അങ്ങേയറ്റം നെഞ്ചേറ്റണ്ടതുമാണ്. എന്തുകൊണ്ട് അങ്ങനെയുണ്ടായില്ല എന്നാണിപ്പോള്‍ പത്രത്തിന്റെ പരിഭവം. മാത്രവുമല്ല എന്തിനതൊക്കെ അടിച്ചമര്‍ത്തി? സ്വാതന്ത്ര്യസമര സേനാനിയെ അനുസ്മരിക്കുന്നതില്‍ തെറ്റെന്ത്?
ഇമ്മാതിരി ഒരുപാടു ചോദ്യങ്ങള്‍ക്ക് മറുപടി എന്ന നിലയിലാണ് സത്യസമത്വ സ്വാതന്ത്ര്യപ്പത്രം, അതായത് മ്മ്ടെ മാതൃഭൂമി പത്രം ഫെബ്രു. 17ന് ഒരു മുഖപ്രസംഗം കാച്ചിയത്. എന്താ അതിന്റെ തലക്കെട്ട്. ഇതാ: ജെഎന്‍യു ഒരു ശത്രുരാജ്യമല്ല. ആരാണ് അതൊരു ശത്രുരാജ്യമായി വിശേഷിപ്പിച്ചതെന്ന് അതെഴുതിയവിദ്വാനും അതിന് പ്രേരിപ്പിച്ച വിദ്വാനും മാത്രമേ അറിയൂ. അല്ലാത്തവരെ ഉദ്ബോധിപ്പിക്കാനാണ് പത്രം മുഖപ്രസംഗം എന്ന പേരില്‍ മൈതാന പ്രസംഗം നടത്തിയത്.
തുടക്കത്തിലെ പൊട്ടാസ് നോക്കുക: കുറച്ചുനാളായി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അസഹിഷ്ണുതയുടെയും അന്ധമായ ദേശീയതാവാദത്തിന്റെയും നീരാളിക്കൈകള്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലേക്കും നീണ്ടുചെന്നിരിക്കുന്നു. ഈ പത്രത്തിന്റെ നീരാളിക്കൈകള്‍ പാവം വായനക്കാരന്റെ കഴുത്തിലേക്കു നീണ്ടിരിക്കുന്ന സ്ഥിതിയെ എങ്ങനെയാണ് പ്രതിരോധിക്കുക എന്നറിയില്ല. വിഷം വമിപ്പിക്കാന്‍ മാത്രം ഇറങ്ങിപ്പുറപ്പെടുന്ന പത്ര പ്രവര്‍ത്തനത്തിന് എത്ര മനോഹരമായ പേരാണ് ഉള്ളതെന്ന് നോക്കുക.
ഇതാ വിദ്യാര്‍ത്ഥികള്‍ക്ക് പത്രം വക ഗുഡ് സര്‍ട്ടിഫിക്കറ്റ്: വധശിക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയും സംവാദവും കാമ്പസുകളുടെ ബൗദ്ധികാന്തരീക്ഷത്തില്‍ ആവശ്യം തന്നെ. അതിന് വിദ്യാര്‍ത്ഥികള്‍ക്ക് അവകാശവുമുണ്ട്. അപ്പോ ആ അവകാശം കവര്‍ന്നെടുക്കാമോ സഹൃദയരേ. പിള്ളാര്‍ക്ക് തോന്നും പോലെ തോന്നുന്ന കാര്യങ്ങള്‍ നടത്താനുള്ള സ്ഥലമല്ലേ സര്, സര്‍വകലാശാല.
ഇതാ മറ്റൊരു പീരങ്കിയുണ്ട; ജെഎന്‍യുവിലെ സംഭവം ഒറ്റപ്പെട്ടതല്ല, കുറേനാളായിത്തുടരുന്ന അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. എതിര്‍സ്വരങ്ങളെയും ഭിന്നസ്വരങ്ങളെയും ബലംകൊണ്ട് അടിച്ചമര്‍ത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്ന പ്രയോഗപദ്ധതിയുടെ ഭാഗം. ദുശ്ശാസന നീതിയുടെ പ്രായോഗികതയെ പത്രപ്രവര്‍ത്തനമെന്ന് പറയാമെങ്കില്‍ ഈ നൃശംസമുഖപ്രസംഗത്തിന് കൊടുക്കാം നമുക്ക് നൂറില്‍ നൂറ് മാര്‍ക്ക്.
സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ അഗ്നി പൈതൃകധനമായി കരുതിപ്പോരുന്ന മേപ്പടി പത്രത്തില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന അടുത്ത മുഖപ്രസംഗത്തില്‍ അഫ്സല്‍ഗുരു മഹാനായ സ്വാതന്ത്ര്യസമരപ്പോരാളിയായി വാഴ്തപ്പെടും. അതിന്റെ ചവിട്ടുപടിയായി നമുക്ക് ജെഎന്‍യു ~ഒരു ശത്രുരാജ്യമല്ല എന്നതിനെ കണക്കാക്കാം.
ഏതായാലും ആ മുഖപ്രസംഗം അച്ചടിച്ചതിന്റെ മുകളില്‍ നികോസ്കസാന്റ്സാക്കിസിന്റെ ഒരു വചനം കൊടുത്തിട്ടുണ്ട്. അതിപ്രകാരമാണ്: മനുഷ്യന് അല്പം ഭ്രാന്തുവേണം, അല്ലെങ്കില്‍ ബന്ധിച്ച കയര്‍ മുറിച്ച് സ്വതന്ത്രനാകാന്‍ അവനൊരിക്കലും ധൈര്യപ്പെടില്ല. നമ്മുടെ പത്രാധിപര്‍ അത്തരമൊരു ധൈര്യശാലിയായതില് സന്തോഷിക്കുക. കറപറ്റിയാല്‍ അത് നല്ലതല്ലേ എന്നാണല്ലോ പരസ്യം.
*********
എന്താണ് 2016 നമ്മോട് ഇങ്ങനെ ക്രൂരമായി പെരുമാറുന്നത്. നമ്മുടെ ക്രൂരതകള്‍ ബൂമറാങ് ആവുകയാണോ? അതും ഫെബ്രുവരി മാസത്തിന് ഇത്രമാത്രം കൂര്മ്പന് പല്ലുകള്‍ എങ്ങനെ കിട്ടി. ഇനിയും എട്ടുദിനങ്ങള്‍ ശേഷിക്കുന്നു. എത്രയെത്ര പൊന്നോമന വ്യക്തിത്വങ്ങളെയാണ് ഈ മാസം തട്ടിയെടുത്തിരിക്കുന്നത്. കവിതയും സംഗീതവും അഭിനയവും കഥയും കലാചാതുരിയും നിറഞ്ഞവരെ ദയാരഹിതമായി നമ്മുടെ കണ്‍മുമ്പിലൂടെയാണ് എടുത്തുകൊണ്ടുപോയത്. അവരുടെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ കാലികവട്ടത്തിന്റെ ബാഷ്പാഞ്ജലി.
ചരമകോളങ്ങള്‍ വിട്ട് വിശാലഭൂമികയിലേക്ക് എത്തിയവരെ കാലം കാതരമായി ഓര്‍ത്തുവെക്കും. എന്നാല്‍ ചരമ കോളത്തില്‍ ഒതുങ്ങിപ്പോയ ത്രസിക്കുന്ന വ്യക്തികളെ ആരോര്‍ക്കാന്‍. അത്തരം ഒരു ഓര്‍മ്മപ്പെടുത്തല്‍, അല്ല വീണ്ടെടുക്കല്‍ നടത്തുന്നു കവിയും അധ്യാപകനുമായ പി. രാമന്. ഹൈദരാബാദിലെ രോഹിത് വെമുലയ്ക്കു മുമ്പ് വെമുലയുടെ അതേ വഴിയിലേക്ക് ആരോടും പറയാതെ മൗനമായി പോയ എസ്. ഷിബുവിനെക്കുറിച്ചാണ് അദ്ദേഹം നൊമ്പരപ്പെടുന്നത്.
ദളിത് അനുഭവത്തിന്റെ മൂര്‍ച്ചയേറിയ കാവ്യശകലങ്ങളില്‍ പൊള്ളിപ്പിടയുന്ന നേര്അനുഭവമാണ് ആറ് പേജ് നീളുന്ന (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രു. 27) കുറിപ്പും കവിതയും. 1990 ഒക്ടോബര്‍ 24ന് ഭൂമിയിലേക്കെത്തുകയും 2016 ജനു. 13ന് പറന്നുപോവുകയും ചെയ്ത ഒരു ദളിത് യൗവനത്തിന്റെ നെടുവീര്പ്പിനെക്കുറിച്ച് രാമന് ഇങ്ങനെ പറയുന്നു: ഷിബു കവിയാകാനാഗ്രഹിച്ചു- പതിനേഴാം വയസ്സില്‍. ഇരുപതു കഴിഞ്ഞപ്പോള്‍ പിടിച്ചുനില്ക്കാന് ഒരു ജോലിക്കായി അവന് ആഗ്രഹിച്ചു. ഒടുവില്‍ പ്രണയത്തിനു കൊതിച്ചു. ആഗ്രഹങ്ങള്‍ ഒന്നും സഫലമാകാത്ത സാഹചര്യങ്ങള്‍ അവനെ തിരസ്കരിച്ചു.
തിരസ്ക്കരിക്കപ്പെടല് ഒരു ദളിത് അനുഭവമായി കേരളത്തിലും നിലനില്‍ക്കുന്നുവെന്ന് ഷിബുവിന്റെ മരണം ഓര്‍മ്മിപ്പിക്കുന്നു.
രോഹിത് വെമുല നേടിയ മാധ്യമവണിക്കുകളുടെ പ്രവൃത്തിപഥങ്ങളിലൊന്നും ഷിബുവില്ല. അവനെ ഓര്‍ക്കാന്‍ വിപ്ലവരാജകുമാര- ടെക്കിവ്യാപാരികളുമില്ല. 2007-09 കാലം സയന്‍സ് ബാച്ചില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിയായ ഷിബു ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെ ഉള്‍വലിയുകയായിരുന്നു. വിദ്യാഭ്യാസത്തിന്റെ സാമ്പ്രദായികവഴികളിലെ മുള്പ്പടര്പ്പുകള് സമ്മാനിച്ച ചോരപ്പാടുകളുമായി ജീവിതത്തിന്റെ ഗണിതം പഠിക്കാന്‍ ഇറങ്ങിത്തിരിച്ച ഷിബു കെട്ടിടം പണി, പ്ലംബിംഗ് തുടങ്ങിയവയൊക്കെ ചെയ്തു.
എവിടെയാണ് അവന് നിലതെറ്റിവീണതെന്ന് രാമനറിയില്ല; സമൂഹത്തിനും. ചിന്തേരിട്ട് മിനുക്കാന്‍ ആളുണ്ടായിരുന്നെങ്കില്‍, അനുതാപത്തിന്റെ ഒരു കയ്യെങ്കിലുമുണ്ടായിരുന്നെങ്കില് ഷിബു നമ്മില്‍ നിന്ന് പറന്നകലില്ലായിരുന്നു. അയാളുടെ ആറു കവിതകളും കുറിപ്പിനൊപ്പം കൊടുത്തിട്ടുണ്ട്. ആരുമാകാനാവാഞ്ഞ എല്ലാമായ ഷിബു ആ കവിതകളുടെ ഉള്ളില്‍ വഴിക്കണ്ണുമായിരിക്കുന്നുണ്ട്.
ഒടുവില്‍ രാമന് ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്: പോത്തുണ്ടി അകമ്പാടം വീട്ടില്‍ സുന്ദരന്റെ മകന് ഷിബു മാഞ്ഞുപോയിരിക്കുന്നു. ജീവിതത്തില്‍ ആരുമാകാന്‍ അവനു കഴിഞ്ഞില്ല. മലയാള കവിതയില്‍ അവന് ഒന്നുമല്ല. എന്നാല്‍ ഇങ്ങനെ ഒന്നുമല്ലാത്ത ഒട്ടേറെപ്പേര്കൂടി എഴുതിയുണ്ടായതാണ് നമ്മുടെ കാവ്യഭാഷ. ആ ഭാഷയില്‍ ഇഴുകിച്ചേര്ന്നിരിക്കുന്നവരെ ഓര്‍ത്താലും ഇല്ലെങ്കിലും നാമറിയണം അവരുടേതും കൂടിയാണ് കാവ്യഭാഷ. ഹൃദയസ്പര്‍ശിയായ കുറിപ്പിന് കൊടുത്ത തലക്കെട്ട് ഇങ്ങനെ: ഈ കവിതകള്‍ ഇനി എന്തു ചെയ്യും?
തൊട്ടുകൂട്ടാന്‍
ആര്‍ക്കും വേണ്ടാത്ത
ആരും ഇഷ്ടപ്പെടാത്ത
അരളിപ്പൂ
ആ പൂ മഴക്കൊപ്പം
കരയുമായിരുന്നു.
ഇടയ്ക്കെപ്പോഴോ
ആ മഴയും നിന്നു.
ഷിബു. എസ്
കവിത: ~ഒരു പൂവ്
(മാതൃഭൂമി ആഴ്ചപ്പതിപ്പ്. ഫെബ്രു. 27)
പ്രതികരിക്കാൻ ഇവിടെ എഴുതുക: