മലയാളികള്‍ എത്രയും സ്നേഹാദരങ്ങള്‍ നല്കി ആദരിച്ച പ്രൊഫ.ഒ.എന്‍.വി.കുറുപ്പിനെ സംബന്ധിക്കുന്ന ചില ഓര്‍മകളും സംഭവങ്ങളും ജന്മഭൂമി വായനക്കാരുമായി പങ്കുവെക്കുകയാണ്. അദ്ദേഹം എക്കാലത്തും ഇടതുപക്ഷ ചിന്താഗതി പുലര്‍ത്തിയ ആളും ആദ്യകാലത്ത് സജീവ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായിരുന്നു. ഒരിക്കല്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്തിരുന്നു.
ഞാന്‍ തിരുവനന്തപുരത്ത് മഹാത്മാഗാന്ധി കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിച്ച 1951-53 കാലത്തു താമസിച്ചത് കരുവാറ്റാ ട്രെയിനിങ് സ്കൂളില്‍ അച്ഛന്റെ സഹപാഠിയും എന്‍എസ്എസ് കോളേജ് സെന്‍ട്രല്‍ കമ്മറ്റി ഓഫീസ് മാനേജരുമായിരുന്ന രാഘവന് പിള്ള സാറിന്റെ വസതിയില്‍ പേയിങ് ഗസ്റ്റായിട്ടാണ്. അദ്ദേഹത്തിന്റെ നാട്ടുകാരായ രണ്ടുമൂന്ന് വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു. കൊല്ലത്തിനടുത്ത് പെരുമണ്‍, അഷ്ടമുടി, ചവറ എന്നീ നാട്ടുകാരായിരുന്നു അവര്‍. അക്കൂട്ടത്തില്‍ അഷ്ടമുടിക്കാരന് ശിവപ്രസാദന്‍പിള്ള എന്റെ സഹപാഠിയായി.
അദ്ദേഹത്തിന്റെ അച്ഛന് ഒഎന്‍വിയുടെ കുടുംബ സുഹൃത്തായിരുന്നു. എല്ലാവര്ക്കും അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും വളരെ ഇഷ്ടമായിരുന്നു.
അന്നു ഹിന്ദി ചീനഭായി ഭായി മുദ്രാവാക്യങ്ങള്‍ മുഴങ്ങിത്തുടങ്ങിയിട്ടില്ല. പക്ഷെ ”മധുര മനോഹര മനോജ്ഞ ചൈന” എന്ന ഗാനം കുട്ടികള്‍ മൂളിത്തുടങ്ങിയിരുന്നു.
വിദ്യാര്‍ത്ഥികളെ ഭാരത-ചീന സൗഹാര്‍ദ്ദ സംഘത്തില്‍ ചേര്‍ക്കാനും തിരുവനന്തപുരത്തെ പ്രദര്‍ശനത്തിലെ ചൈനാ സ്റ്റാളില്‍ സന്നദ്ധരായി പ്രവര്‍ത്തിക്കാനുമായി ഒഎന്‍വി ഇറങ്ങി. സുഹൃത്തായ ശിവപ്രസാദന്‍ പിള്ളയെ കാണാനാണ് ഞങ്ങള്‍ താമസിക്കുന്നിടത്തെത്തിയത്. രാഘവന് പിള്ള സാറിന്റെ കുടുംബവുമായി കുശലം പറഞ്ഞു ഞങ്ങള്‍ക്കൊക്കെ പ്രദര്‍ശനത്തിന്റെ പാസു തന്ന് കുറുപ്പ് മടങ്ങി.
അടുത്തദിവസം പ്രദര്‍ശനത്തിന് പോയപ്പോള്‍ അദ്ദേഹം അവിടെ ഉത്സാഹിയായി ഉണ്ടായിരുന്നു. അന്നാദ്യമായി ചൈനീസ് ചായ കുടിച്ചു.
രണ്ടുവര്‍ഷം കഴിഞ്ഞു ഡിഗ്രിക്ക് യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്നപ്പോള്‍ അവിടെ എംഎയ്ക്ക് ഒഎന്‍വിയും വന്നു. കൊല്ലം എസ്എന്‍ കോളേജിലെ സമര നേതാവായിരുന്നതിനാല്‍ അദ്ദേഹത്തിന് പ്രവേശനം നല്കാന് പ്രിന്‍സിപ്പല്‍ സി.എസ്.വെങ്കിടേശ്വരന് വിസമ്മതിച്ചു. തുടര്‍ന്നു പാഠ്യേതരമായ ഒരു പരിപാടികളിലും പങ്കാളിയാവില്ലെന്ന് രേഖാമൂലം ഉറപ്പുകൊടുത്തശേഷമാണ് പഠനം തുടരാന്‍ കഴിഞ്ഞത്.
ആ കാലഘട്ടത്തില്‍ നടന്ന ഒരു സമരത്തിലും പഠിപ്പുമുടക്കിലും അദ്ദേഹം പങ്കുചേര്‍ന്നില്ല. മുഴുവന്‍ വിദ്യാര്‍ത്ഥികളും പഠിപ്പുമുടക്കിയ ഒരു ദിവസം അതിനപവാദമായത് ഡിഗ്രി ക്ലാസില്‍ ഞാനും സി.വി.ലക്ഷ്മണന് എന്ന സ്വയംസേവകനും ബിരുദാനന്തര ക്ലാസില്‍ ഒഎന്വിയുമായിരുന്നുവെന്ന് ഓര്‍ക്കുന്നു.
അദ്ദേഹത്തിന്റെ വിപ്ലവ കവിതകളും ഭാവഗീതങ്ങളും അത്യധികം താല്‍പ്പര്യത്തോടെയാണ് വിദ്യാര്‍ത്ഥി ലോകം ആസ്വദിച്ചത്. അതില്‍ പ്രത്യയശാസ്ത്ര വിവേചനം ആര്‍ക്കുമുണ്ടായില്ല. കോളേജുമാഗസിനിലെ കവിതയും മനോഹരമായ ഒന്നായിരുന്നു. പനിനീര്‍ച്ചെടി പൂത്ത പൂവിലെ ചോപ്പിന്റെ നൃത്തമായിരുന്നു അതിലെ വിഷയവും.
വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം കോളേജധ്യാപകനായി കവിത്വവും പാണ്ഡിത്യവും ഭാവനയും ത്രിവേണിസംഗമമാക്കി മലയാളികളെയാകെ ആഹ്ലാദിപ്പിച്ചുകൊണ്ടിരുന്നു. മലയാള ചലച്ചിത്രത്തിന്റെ ഗാനമേഖലയെ സാഹിത്യസമ്പുഷ്ടമാക്കിയവരില് ഒഎന്‍വി തന്നെയായിരുന്നു മുഖ്യന്. പി.ഭാസ്കരനും വയലാര്‍ രാമവര്മയുമായിരുന്നു മറ്റു രണ്ടുപേര്‍ എന്നുപറയേണ്ടതില്ല.
1963 ലെ ചീനാ ആക്രമണം രാജ്യത്തെ ജനങ്ങളുടെ ചിന്താഗതിയില്‍ അടിയോടെ പരിവര്‍ത്തനം വരുത്തി. പഞ്ചശീലതത്വങ്ങളും ഭായിഭായി വിളികളുമൊക്കെ ചീനയുടെ വികസനമോഹത്തെ കൊഴിപ്പിക്കാനുള്ള പ്രച്ഛന്ന തന്ത്രങ്ങളായിരുന്നുവെന്നു ബഹുഭൂരിപക്ഷം പേര്‍ക്കും ബോധ്യമായി.
”നാം നമ്മുടെതെന്നും അവര്‍ അവരുടെതെന്നും അവകാശപ്പെടുന്ന, പുല്‍ക്കൊടിപോലും കിളിര്‍ക്കാത്ത സ്ഥലത്തിനുവേണ്ടി നടത്തുന്ന അനാവശ്യയുദ്ധ”മെന്ന് കമ്മ്യൂണിസ്റ്റാചാര്യന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് വിശേഷിപ്പിച്ചുവെങ്കിലും ഒട്ടേറെപ്പേര്‍ക്ക് ചീനയുടെ ചതിയും വഞ്ചനയും ബോധ്യമായി. ദേശഭക്തി ഗാനങ്ങളുടെ ഒരു വേലിയേറ്റം തന്നെ അക്കാലത്തുണ്ടായി. മലയാള കവിതയും അക്കാര്യത്തില്‍ മുന്നില്‍ തന്നെ ആയിരുന്നു.
1964 മുതല്‍ ഏതാനും വര്‍ഷക്കാലം ഞാന്‍ കോട്ടയം ജില്ലാ പ്രചാരകനായി പ്രവര്‍ത്തിച്ചു. അന്നു കോട്ടയത്തു മാധവനുണ്ണിയായിരുന്നു ടൗണ്‍ പ്രചാരക്. അദ്ദേഹം ആകാശവാണിക്കാര് പുറത്തിറക്കിയ ദേശഭക്തിഗാനങ്ങള്‍ എന്ന ലഘുപുസ്തകം സമ്പാദിച്ചു. അതിലെ ഗാനങ്ങള്‍ ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തുവന്നു. അവയില്‍ ഒഎന്‍വിയുടെ ഏതാനും ഗാനങ്ങള്‍ അദ്ദേഹത്തിന് അതീവ ഹൃദ്യമായിത്തോന്നി.
അക്കാലത്ത് വിഭാഗ് പ്രചാരകനായിരുന്ന ഹരിയേട്ടന് ജില്ല സന്ദര്‍ശിച്ച ഏതാനും നാളുകളില്‍ ഈ ഗാനങ്ങള്‍ ഗണഗീതമായി പാടത്തക്കവിധത്തില് ചിട്ടപ്പെടുത്തണമെന്ന നിര്‍ദ്ദേശം വച്ചു. നന്നായി പാടാന്‍ കഴിയുന്ന പ്രചാരകന് ജി.അപ്പുക്കുട്ടന് കൂടി ചേര്‍ന്നപ്പോള്‍ ഹരിയേട്ടനും അവരും കൂടി പാടിയും താളം പിടിച്ചും അതിലെ രണ്ടുഗാനങ്ങളെ ഗണഗീതത്തിന്റെ ശൈലിയില്‍ തയ്യാറാക്കി. പാടുന്നതില്‍ നിന്ന് ഭാസ്കര്‍ റാവുജി വര്‍ഷങ്ങള്‍ക്കുമുമ്പേ തന്നെ വിലക്കിയിരുന്നതിനാല്‍ ഞാന്‍ അതിന് സാക്ഷിമാത്രമായിനിന്നു.
”ഭാരതഹൃദയ വിപഞ്ചിയിലുണരും രാഗമാലികനാം..” എന്നും
”നമ്മെ വിളിപ്പൂ നമ്മെ വിളിപ്പൂ
നല്ല ഹൈമവത ഭൂമി….” എന്നുമുള്ള ഗാനങ്ങളാണ് അന്ന് പരീക്ഷിക്കാന്‍ തെരഞ്ഞെടുത്തത്. രാധാകൃഷ്ണഭട്ജി, വി.സനല്‍ കുമാര്‍ തുടങ്ങി നന്നായി പാടുന്നവര്‍ അത് പരീക്ഷിച്ചശേഷം ഒന്നുരണ്ടുതവണ ശാഖയില്‍ പരീക്ഷിച്ചു. അവയെ ഗാനാഞ്ജലിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ രചയിതാവായ ഒഎന്‍വിയുടെ സമ്മതം ആവശ്യമാണല്ലൊ.
”നമ്മെ വിളിപ്പൂ” എന്നരാംഭിക്കുന്ന ഗാനത്തിലെ
”ഇവിടെ ചതിയുടെ കാഞ്ചി വലിച്ചൊരു ചീനപ്പടയുടെ നേരെ
കറുപ്പുതിന്നുമയങ്ങിയ മഞ്ഞക്കാടത്തത്തിന് നേരേ”
എന്ന വരികളില്‍ ചീനപ്പടയുടെ എന്നത് ശത്രുപ്പടയുടെ എന്നും അടുത്തവരി ”മോഹമദത്തില്‍ മുങ്ങിമയങ്ങിയ” എന്നും തിരുത്താനും കൂടി അദ്ദേഹത്തിന്റെ സമ്മതം വാങ്ങാന്‍ ശ്രമിച്ചു. ഹരിയേട്ടന് നിര്‍ദ്ദേശിച്ചതനുസരിച്ചു തിരുവനന്തപുരത്തെ സ്വയംസേവകര്‍ നിര്‍ദ്ദേശം മുന്നില്‍വെച്ചത് അദ്ദേഹം സമ്മതിക്കുകയും വിശാലമായ കാഴ്ചപ്പാടില്‍ അതുചിതമാണെന്നഭിപ്രായപ്പെടുകയും ചെയ്തു.
പഴയ ഗാനാഞ്ജലിയുടെ ഒരു പ്രതി കൊടുത്ത്, അതു സ്വകാര്യ വിതരണത്തിന് ലാഭേച്ഛ കൂടാതെയാണ് പ്രസിദ്ധം ചെയ്യുന്നതെന്നും കൂടി അറിയിച്ചത് അദ്ദേഹത്തിന് സന്തോഷമായി. അങ്ങനെയാണ് ഒഎന്‍വിയുടെ രണ്ടുഗാനങ്ങള്‍ സംഘത്തിലെ ഏറെ പ്രീതികരമായ ഗണഗീതങ്ങളായത്.
ആദ്യമായി 1966 ലെ കോയമ്പത്തൂര്‍ ശിക്ഷാവര്‍ഗില്‍ ഇത് മലയാള ഗണഗീതമായിരുന്നു. സനല്‍കുമാറിന്റെ മനോഹരമായ സ്വരത്തിലാണ് അതു നയിക്കപ്പെട്ടത്. തമിഴ്നാട്ടിലെ ശിക്ഷാര്‍ത്ഥികളില്‍ ചിലര്‍ അതുമൂലം ”നമ്മെ വിളിപ്പൂജി” എന്ന് അദ്ദേഹത്തിനു പേരിട്ടുവെന്നത് അതിന്റെ ഒരു രസമായി.
കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി മലയാളിയെ ഗാന, സംഗീത, കവിതാധാരയില്‍ ആറാടിച്ചെടുത്ത ആ ‘ജ്ഞാനപീഠാധിപതി’യ്ക്കു ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് ഈ അനുസ്മരണം നിര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: