കല്‍പ്പറ്റ : ഭാരതത്തിലെതന്നെ അത്യപൂര്‍വ്വ ശിവക്ഷേത്രങ്ങളില്‍ ഒന്നായ മാനികാവ് സ്വയംഭൂ ശിവഗംഗ കൈലാസ ക്ഷേത്രത്തില്‍ സമൂഹ രുദ്രയാഗം മാര്‍ച്ച് എട്ടുമുതല്‍ 18 വരെ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലോകശാന്തി, സമാധാനം, സാഹോദര്യം, സന്തോഷം, സമത്വം, ഐക്യം എന്നിവയ്ക്കുവേണ്ടി ജാതികുല മത ഭേദമന്യേ എല്ലാവര്ക്കും യാഗത്തില്‍ പങ്കാളികളാകാം. മാര്‍ച്ച് ആറിന് രാവിലെ ഒന്‍പത് മുതല്‍ കാപ്ര അച്ചുതന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ സത്സംഗം നടക്കും. ഏഴിന് മഹാശിവരാത്രി ആഘോഷവും പൊതുസമ്മേളനവും പുസ്തക പ്രകാശനവും നടക്കും.
മാര്‍ച്ച് എട്ടിന് രാവിലെ ഒന്‍പതിന് മാനികാവ് ക്ഷേത്രം തന്ത്രി യജ്ഞശാലയില്‍ ദീപം തെളിയിക്കും. പാലക്കാട് പ്രഭാകരാനന്ദ സ്വാമിയാണ് യാഗ യജ്ഞാചാര്യന്‍. രാവിലെ 9.10ന് രുദ്രയാഗം, തുടര്‍ന്ന് വൈകുന്നേരം അഞ്ച് മണി വരെ യജ്ഞസമര്‍പ്പണവും മന്ത്രോച്ചാരണവും നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഭക്തജനങ്ങള്‍ക്ക് പൂര്‍ണ്ണാഹൂതി സമര്‍പ്പണത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. യാഗകാലയളവില് രാവിലെ 12.30 മുതല്‍ 1.30 വരെ പ്രമുഖരുടെ ആധ്യാത്മിക പ്രഭാഷണങ്ങളുമുണ്ട്. ഭക്തജനങ്ങക്ക് പതിനൊന്ന് ദിവസവും യജ്ഞശാലയില്‍ യജ്ഞസമര്പ്പണത്തിനുള്ള സൗകര്യവുമുണ്ട്. ലോക കല്ല്യാണത്തിനുവേണ്ടി നടത്തുന്ന സമൂഹരുദ്രയാഗം വഴി ദീര്‍ഘായുസ്സ്, ആരോഗ്യം, ദീര്‍ഘമംഗല്യം, ചൊവ്വാദോഷ നിവാരണം, സത്സന്താന പ്രാപ്തി, സര്‍വ്വരോഗ നിവാരണം, ഉദ്യോഗപ്രാപ്തി, വിദ്യാലാഭം, അഷ്ടൈശ്വര്യം, ധനലാഭം, കാര്യസിദ്ധി, കൃഷി വാണിജ്യ അഭിവൃദ്ധി, വിവാഹ തടസ്സനിവാരണം, ഗൃഹ വസ്തു ദോഷ ശാന്തി, ശനിദോഷം, പാപ പരിഹാരങ്ങ ള്‍ തുടങ്ങിയ ഫലങ്ങള്‍ ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം.
ആറായിരം വര്‍ഷത്തിലധികം പഴക്കമുള്ള മാനികാവ് ക്ഷേത്രത്തില്‍ സ്വാഭാവിക ഗംഗാപ്രവാഹം അനസൂതമായി തുടരുന്നത് ചരിത്രകാരന്മാര്ക്കിടയില്തന്നെ ആശ്ചര്യത്തിന് കാരണമായിട്ടുണ്ട്. ഭാരതത്തിലെതന്നെ സുപ്രധാന സ്വയംഭൂ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ഹരിദ്വാറില്‍നിന്നും ഹിമാലയത്തില്നിന്നുമുള്ള സന്യാസിവര്യന്മാര് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഗംഗാപ്രവാഹത്തെകുറിച്ച് പഠിക്കുന്നതിനും ക്ഷേത്രസംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുമായി യുനെസ്കോ സംഘം വൈകാതെ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും ഇവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പ്പര്യവും ക്ഷേത്രത്തിന്റെ കാര്യത്തിലുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ മാനികാവ് ക്ഷേത്ര പുനര്‍നിര്‍മ്മാണ സമിതി സെക്രട്ടറി പി.ജി.സുബീഷ്, പ്രസിഡണ്ട് ടി.പത്മജന്, ഭാരവാഹികളായ പി.ബി.കേശവന്, ടി.കെ.വിശ്വനാഥന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: