മലപ്പുറം: മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച കേസിലെ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മറ്റി ആരോപിച്ചു.
മാതൃഭൂമി ചാനല്‍ ക്യാമറമാന് സന്ദീപിനെതിരെയാണ് നിരവധി തവണ ആക്രമണമുണ്ടായത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മണല്‍-ഭൂമാഫിയകളാണ്. എസ്പിയുടെ പക്കല്‍ യൂണിയന് ഭാരവാഹികള്‍ നേരിട്ടെത്തി പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വനംഭൂമി കയ്യേറി വില്‍പ്പന നടത്തുന്ന മാഫിയെകളെ കുറിച്ച് ചെയ്ത വാര്‍ത്തയാണ് സന്ദീപിനെതിരെ തിരിയാന്‍ മാഫിയകളെ പ്രേരിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് വീടിന് നേരെ കല്ലെറിയുകയും കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു. ഇതിനെതിരെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏതാനും പേരെ മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം പോലീസ് ജാമ്യത്തില്‍ വിടുകയായിരുന്നു. കേസിനെ ഗൗരവമായി പോലീസ് കാണുന്നില്ലെന്ന യൂണിയന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം പെരിന്തല്‍മണ്ണ സിഐക്ക് അന്വേഷണം കൈമാറി. എന്നാല്‍ അവിടെയും സ്ഥിതി മറിച്ചല്ലായിരുന്നു. മാഫിയകളുടെ വക്താക്കളായി പോലീസ് മാറുകയാണ്.
മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം അനുവദിക്കാനാവില്ല. നിയമപാലകര്‍ തന്നെ ഇതിന് പിന്തുണ നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നും യോഗം വിലയിരുത്തി.
പോലീസിന്റെ പക്ഷാപാതപരമായ നടപടിയില്‍ പ്രതിഷേധിച്ച് 25ന് എസ്പി ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആര്.സാംബന് അദ്ധ്യക്ഷത വഹിച്ചു. ഇ.സലാഹുദ്ദീന്, സുരേഷ് എടപ്പാള്‍, വി.എം.സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: