കൊല്ലം: ലാന്‍സ്‌നായിക് ബി.സുധീഷിന് ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവും എംപിയുമായ റിച്ചാര്‍ഡ് ഹേ. മണ്‍ട്രോത്തുരുത്തില്‍ സുധീഷിന്റെ കുഴിമാടത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. സുധീഷിന്റെ പിതാവ് ബ്രഹ്മപുത്രന്‍, മാതാവ് പുഷ്പവല്ലി, ഭാര്യ ശാലുമോള്‍ എന്നിവരെ ആശ്വസിപ്പിച്ച അദ്ദേഹം എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കി. മണ്‍ട്രോത്തുരുത്ത് സുധീഷിന്റെ പേരില്‍ അടയാളപ്പെടുത്തുന്ന വിധത്തിലുള്ള സ്മാരകം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. സൈന്യത്തിന്റെ അന്തസ് ഉയര്‍പ്പിടിക്കാനും സാധാരണക്കാരന് ഉപകാരപ്പെടുന്നതുമായിരിക്കും സ്മാരകമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, ജില്ലാസെക്രട്ടറി സുജിത് സുകുമാരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
















