പത്തനംതിട്ട: ഇലന്തൂര്‍ പടേനിക്ക് ഇന്ന് തുടക്കം. കളത്തില്‍ കരിങ്കാളി അഗ്നിസ്വരൂപിണിയായ കുന്നിലമ്മയ്ക്കുമുമ്പില് ഇനിയുമുള്ള എട്ട് ദിവസം കോലങ്ങള്‍ നിറഞ്ഞാടുന്നു. മുഖമറക്കോലങ്ങള് മുതല്‍ രൗദ്രഭാവങ്ങള്‍ നിറഞ്ഞ യക്ഷിക്കോലങ്ങളും ഭൈരവിയും കാച്ചിയെടുത്ത തപ്പിന്റെ താളത്തിനൊത്ത് കളം നിറഞ്ഞാടും ഇന്നു മുതല്‍ കരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്ന കൂട്ടക്കോലങ്ങള്‍ തുള്ളിയൊഴിയുന്ന ചടങ്ങുകള്‍ ഇനിയുമുള്ള രാവുകളില്‍ നടക്കും. ചെത്തിയൊരുക്കിയ പച്ചപ്പാളയില്‍ പ്രകൃതി വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് വരച്ചെടുക്കുന്ന നാട്ടുദേവതകളുടെ രൂപങ്ങളാണ് കോലങ്ങളെന്നു കരക്കാര് വിശ്വസിക്കുന്നത്. എട്ട് ദിവസം നീണ്ടു നില്ക്കുന്ന പടേനി ഉത്സവത്തിന് അഞ്ഞൂറില്പരം കോലങ്ങള്‍ തുള്ളിയൊഴിഞ്ഞ് കളം വിടുന്നു. പടേനി ഉത്സവത്തിന്റെ ആദ്യദിവസമായ ഇന്ന് മണ്ണുംഭാഗത്തു നിന്നും വരുന്ന കോലമെതിരേല്പ്പിന് ശേഷം തപ്പ് കാച്ചി കൊട്ടുന്നതോടെ പടേനിക്ക് തുടക്കം കുറിക്കുന്നു. കളരീ വന്ദനത്തോടെ അമ്മയുടെ പ്രതിരൂപമായ സാക്ഷാല്‍ ഭൈരവി അടന്തതാളത്തില്‍ തുള്ളിയൊഴിയുന്നതോടെ കോലങ്ങളുടെ വരവാകുന്നു. ശിവകോലം, പിശാച്, മറുത, സുന്ദരയക്ഷി, കാലന്, ഭൈരവി എന്നീ കോലങ്ങളെക്കൂടാതെ പടേനികളത്തില് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കരിങ്കാളി കോലം കളത്തിലെത്തുന്നു. വളരെ ഭീകരമായ രീതിയില്‍ ചുവടുകളും കൈമെയ് ചലനങ്ങളുമായ് ക്ഷേത്രത്തിന് പുറത്തുനിന്നും ചുവടുവച്ച് വരുന്ന കരിങ്കാളി തുള്ളിയൊഴിയുന്നതോടെ കാലദോഷങ്ങളില്‍ നിന്നും മുക്തി നേടുന്നതായി കരക്കാര് വിശ്വസിക്കുന്നു. നെഞ്ചുമാലയും, കുരുത്തോല പാവാടയും, അരത്താലിയും, കാല്‍ച്ചിലമ്പും, മുഖത്ത് കറുപ്പിട്ട്, കണ്ണും കുറിയുമായി വലകൈയ്യില് വാളും ഇടംകൈയ്യില്‍ നാന്തകവുമായി ഇലന്തൂര്‍ പടേനിയില്‍ ആദ്യമായി കളത്തിലെത്തുന്ന കരിങ്കാളിയെക്കാത്ത് കാഴ്ചക്കാര്‍ കാത്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: