കല്‍പ്പറ്റ : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസേര്‍ച്ച് സെന്ററില്‍ 2016 – 2017 അദ്ധ്യയന വര്‍ഷം പുതിയ കോഴ്സുകള്‍ ആരംഭിക്കും. ബി.എസ്.സി.ബോട്ടണി, ബി.എസ്.സി. ഫോറസ്ട്രി കോഴ്സുകള്‍ ആരംഭിക്കുന്നതിന്നുള്ള നടപടികള്‍ സ്വീകരിച്ചതായി കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ അറിയിച്ചു. ബത്തേരി നഗരസഭ പരിധിയിലെ ചെതലയത്ത് 10 ഏക്കര്‍ ഭൂമിയില്‍ 2015 ല്‍ ബി.എ സോഷ്യോളജി ബിരുദ കോഴ്സില്‍ 40 കുട്ടികളെ ഉള്‍പ്പെടുത്തിയാണ് റസിഡന്‍ഷ്യല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലയിലെ പിന്നോക്ക വിഭാഗമായ എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പഠനത്തിന് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഗവേഷണ കേന്ദ്രം സഹായകമാകുന്നത്. ഐ.റ്റി.എ.സ്.ആറില്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന പാഠ്യപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ആദിവാസി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ സാധ്യതയൊരുക്കുന്നതോടെപ്പം തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും പഠനത്തോടെപ്പം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനം ഉറപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
ആദിവാസി വിഭാഗത്തിന്റെ കൊഴിഞ്ഞ് പോക്ക് തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസേര്‍ച്ച് സെന്ററില്‍ ഒന്ന് മുതല്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ വരെ പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. 2016 ല്‍ സെന്റ്റില്‍ എം.എസ്.ഡബ്ല്യൂ. കോഴ്സ് ആരംഭിക്കുവാനും, ടൂറിസം മേഖലയിലെ സാധ്യത പരിഗണിച്ച് ഹൃസ്വകാല ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് ആരംഭിക്കുന്നതിനും മറ്റ് പരിശീലന പരിപാടികള്‍ ഘട്ടംഘട്ടമായി ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസേര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ അന്യം നില്ക്കുന്ന പരമ്പരാഗത വൈദ്യ ചികിത്സ രീതികള്‍ പരിപോഷിപ്പിക്കുന്നതിനും, കിര്‍ത്താട്സ്, ഡയറ്റ് എന്നിവയുടെ സഹകരണത്തോടെ ആദിവാസി വിഭാഗത്തിന്റെ ഭാഷ ശബ്ദരേഖയാക്കുന്നതിനും വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധരുടെ നേതൃത്വത്തില്‍ പി.എസ്.സി, റെയില്‍വേ, ബാങ്ക് കോച്ചിംഗ്, സിവില്‍ സര്‍വ്വീസ് എന്നിവയില്‍ പരിശീലനം ഉറപ്പാക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടു. 23 പെണ്‍കുട്ടിക്കളും, 17 ആണ്‍കുട്ടികളും അടങ്ങുന്നതാണ് ഐ.റ്റി.എസ്.ആര് ലെ ആദ്യബാച്ച്, വിദ്യാര്‍ത്ഥിക്കളെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും വിദ്യാഭ്യാസ മേഖലക്ക് മുന്‍ഗണന നല്കി കൂടുതല്‍ ബിരുദ കോഴ്സുകള്‍ അനുവദിക്കണമെന്നും ഐ.റ്റി.എസ്.ആര് ഡയറക്ടര്‍ ഡോ.ഇ. പുഷ്പലത അഭിപ്രായപ്പെട്ടു. ട്രൈബല്‍ യൂണിവേഴ്സിറ്റിയുടെ അടിസ്ഥാന- ഭൗതിക സൗകര്യ വികസനത്തിനായുള്ള പദ്ധതി രൂപരേഖ സര്‍ക്കാറിന് സമര്‍പ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.ഐ.ഷാനവാസ് എംപി അദ്ധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, ബത്തേരി നഗരസഭ ചെയര്മാന് സി.കെ സഹദേവന്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാന്‍സിലര്‍ ഡോ.പി.മേഹന്, രജിസ്ട്രാര്‍ റ്റി.അബ്ദുള്‍ മജീദ്, സി.കെ.ജാനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: