കൊല്ലം: എബിവിപി സംസ്ഥാന നേതൃത്വത്തില്‍ കൊല്ലത്തിന്റെ പെണ്‍കരുത്ത്. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ചുമതലയിലേക്ക് നിശ്ചയിക്കപ്പെട്ട രേഷ്മ, സംസ്ഥാന സമിതിയംഗം എം.കൃഷ്ണപ്രിയ, ജില്ലജോയിന്റ് കണ്‍വീനര്‍ ആര്‍.ചിപ്പി എന്നിവരാണ് എബിവിപിയില്‍ കൊല്ലത്തിന്റെ നിറസാന്നിദ്ധ്യമായി മാറിയിരിക്കുന്നത്.
രേഷ്മ 2009ലാണ് എബിവിപി പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. ശ്രീനാരായണ വനിതാ കോളേജിലെ എബിവിപിയുടെ ആദ്യ യൂണിറ്റ് സെക്രട്ടറി എന്ന നിലയിലേക്ക് നിശ്ചയിക്കപ്പെട്ട രേഷ്മ പിന്നീട് എസ്എന്‍ വനിതാ കോളേജില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥിസമരങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരുന്നു. പിന്നീട് നഗരത്തിന്റെയും ജില്ലയുടെയും ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എബിവിപി സംസ്ഥാന സമിതിയംഗമായി ചുമതല വഹിക്കുമ്പോഴാണ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി ചുമതലയിലെത്തുന്നത്. കൊല്ലം പെരുമണ്‍ സ്വദേശിയായ രേഷ്മ തിരുവനന്തപുരം സര്‍ക്കാര്‍ ലാകോളേജിലെ അവസാന വര്‍ഷ നിയമവിദ്യാര്‍ത്ഥിനിയാണ്. ചിപ്പിയാകട്ടെ ശാസ്താംകോട്ട ഡിബി കോളേജിലെ വനിതാ വിഭാഗം നേതാവായിരിക്കെയാണ് സംസ്ഥാനസമിതിയിലേക്ക് എത്തുന്നത്. കൊച്ചിയില്‍ നടന്ന 31-ാമത് സംസ്ഥാന സമ്മേളനത്തിലാണ് ജില്ലാ ജോയിന്റ് കണ്‍വീനര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ചവറ നഗര്‍ കണ്‍വീനര്‍ ചുമതലയില്‍ നിന്നുമാണ് കൃഷ്ണപ്രിയ എബിവിപി സംസ്ഥാന സമിതിയിലേക്ക് എത്തുന്നത്. മറ്റൊരു സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി കെ.ഷിജിലിനെയും തെരഞ്ഞെടുത്തു. ജില്ലാ കണ്‍വീണറായ ആര്‍.ശാന്തകുമാര്‍ കൊട്ടാരക്കര സ്വദേശിയാണ്. സംസ്ഥാന സമിതിയംഗമായ വി.അജയകൃഷ്ണന്‍ കരുനാഗപ്പള്ളി വള്ളിക്കാവ് അമൃത എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്.
















