കൊല്ലം: നിരവധി രാജ്യങ്ങളില്‍ വ്യാപിച്ചിട്ടുള്ള സികാ വൈറസ് രോഗത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും രോഗസാധ്യത ഒഴിവാക്കാന്‍ ഈഡിസ് കൊതുകുകളെ നിയന്ത്രിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം ബാധിച്ച അഞ്ചില്‍ ഒരാള്‍ക്ക് മാത്രമേ രോഗലക്ഷണങ്ങള്‍ കാണുകയുള്ളൂ. പെട്ടെന്നുള്ള പനി, തൊലിപ്പുറത്ത് കാണപ്പെടുന്ന പാടുകള്‍, സന്ധിവേദന, കണ്ണുകള്‍ക്ക് ചുവപ്പ് നിറം, തലവേദന, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. വീട്ടുപരിസരത്തും പറമ്പിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. കിണറും വാട്ടര്‍ ടാങ്കും കൊതുകുവല ഉപയോഗിച്ച് മൂടണം. വെള്ളം ശേഖരിച്ച് വയ്‌ക്കുന്ന പാത്രങ്ങള്‍ മൂടിവയ്‌ക്കാന്‍ ശ്രദ്ധിക്കണം. രോഗബാധിത രാജ്യങ്ങളില്‍ നിന്നുവരുന്നവരും രോഗലക്ഷണം ഉണ്ടെന്ന് സംശയിക്കുന്നവരും ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
















