കുന്നത്തൂര്‍: തൊഴിലാളി വര്‍ഗപാര്‍ട്ടിയായ സിപിഎം നടത്തുന്ന നവകേരളാ മാര്‍ച്ചിലെ ജാഥാ ക്യാപ്റ്റനും മറ്റ് അംഗങ്ങളും തങ്ങിയത് ത്രീ സ്റ്റാര്‍ പദവിയുള്ള ആഡംബര ഹോട്ടലില്‍. ഇന്നലത്തെ നവകേരളമാര്‍ച്ചിന്റെ സമാപാനത്തിന് ശേഷമാണ് നേതാക്കള്‍ മുന്തിയ സൗകര്യത്തോടെ ഹോട്ടലില്‍ തങ്ങിയത്. സാധാരണ ഇത്തരം ദിവസങ്ങളില്‍ നേതാക്കള്‍ തങ്ങാറുള്ളത് പ്രവര്‍ത്തകരുടെ വീട്ടിലോ സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളിലോ ആയിരുന്നു. എന്നാല്‍ ഇന്നലെ പിണറായി വിജയനടക്കമുള്ള സിപിഎമ്മിന്റെ നേതാക്കളെല്ലാം തന്നെ ഹോട്ടലില്‍ തങ്ങുകയായിരുന്നു. രണ്ട് ദിവസം ഹോട്ടലിലെ റൂമുകളെല്ലാം തന്നെ സിപിഎം കുന്നത്തൂര്‍ ഏരിയ കമ്മിറ്റി പൂര്‍ണ്ണമായും ബുക്ക് ചെയ്തിരുന്നു. 2000 മുതല്‍ 20000 വരെ ദിവസവാടകയുള്ള റൂമുകളാണിവ. ജാഥാ ക്യാപ്ടന്‍ പിണറായി വിജയനും നേതാക്കള്‍ക്കും കഴിക്കാനും മുന്തിയ ഭക്ഷണസാധനങ്ങളാണ് ഇവിടെ ഒരുക്കിയതും. ഇന്ന് ഇവിടെ സ്ഥലത്തെ പ്രധാന സാമുദായിക സംഘടന നേതാക്കന്‍മാരുമായി പിണറായി വിജയന്‍ നടത്തുന്ന കൂടിക്കാഴ്ചയും ഇതേ ഹോട്ടലില്‍ വച്ചാണ് നടക്കുന്നത്. സാധാരണക്കാരില്‍ നിന്നും പിരിച്ച് നേതാക്കള്‍ക്ക് മുന്തിയ സൗകര്യം ഒരുക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്ന് മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനെതിരെ ഇവര്‍ രംഗത്ത് എത്തുകയും ചെയ്തു. ആര്‍എസ്പി വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കിയ കുഞ്ഞുമോനുമായി പിണറായി ചര്‍ച്ച നടത്തിയേക്കും.
















