പരപ്പനങ്ങാടി: പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ മോഹങ്ങള്‍ തല്ലിക്കെടുത്തികൊണ്ട് ഹാര്‍ബര്‍ സ്വന്തം വീട്ടുപടിക്കല്‍ കൊണ്ടുവരുന്നതിന് മന്ത്രി പി.കെ.അബ്ദുറബ്ബ് നടത്തിയ അണിയറനീക്കങ്ങള്‍ പുറത്തായി. പരപ്പനങ്ങാടി ബീച്ച് റോഡ് അവസാനിക്കുന്ന ചാപ്പപ്പടിയിലാണ് ഇപ്പോള്‍ ഹാര്‍ബര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്രതുറമുഖ വകുപ്പിന്റയും ഒരു സ്വകാര്യ ഏജന്‍സിയുടെയും പരിശോധനയില്‍ ഭൂമിശാസ്ത്രപരമായി ഏറ്റവും അനുയോജ്യമായ സ്ഥലം ആലുങ്ങല്‍ കടപ്പുറമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ചില സ്ഥാപിത താല്പര്യക്കാര്ക്ക് വേണ്ടി ഹാര്‍ബര്‍ ചാപ്പപ്പടിയിലേക്ക് മാറ്റിക്കുകയായിരുന്നു. ഹാര്‍ബര്‍ ചാപ്പപ്പടിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അബ്ദുറബ്ബ് ഫിഷറീസ് തുറമുഖവകുപ്പ് മന്ത്രി കെ.ബാബുവിന് അയച്ച കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ ആലുങ്ങല്‍ കടപ്പുറത്ത് ഹാര്‍ബര്‍ നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പകരം അത് ചാപ്പപ്പടിയില്‍ സ്ഥാപിക്കണമെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെടുന്നുണ്ട്. ചാപ്പപ്പടിയിലെ മത്സ്യതൊഴിലാളികള്‍ക്ക് സ്വീകാര്യമായ രീതിയില്‍ ഹാര്‍ബര്‍ വന്നില്ലെങ്കില്‍ അതുകൊണ്ട് ഉപയോഗമില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ആലുങ്ങല്‍-ചെട്ടിപ്പടി പ്രദേശത്താണ് ഏറ്റവും കൂടുതല്‍ മത്സ്യതൊഴിലാളികളുള്ളത്. ഭൂമിശാസ്ത്രപരമായി ഹാര്‍ബര്‍ നിര്‍മ്മിക്കാന്‍ കഴിയാത്ത സ്ഥലമാണ് ചാപ്പപ്പടി. ഈ സത്യം മറച്ചുവെച്ചാണ് അബ്ദുറബ്ബ് വിഷയത്തില്‍ ഇടപെട്ടത്. മന്ത്രി ആവശ്യപ്പെട്ട സ്ഥലത്ത് ഹാര്‍ബര്‍ നിര്‍മ്മിച്ചാല്‍ മഴക്കാലത്ത് മുറിതോട്ടില് നിന്ന് മണല്‍ കുത്തിയൊലിച്ച് ഈ ഭാഗം നികത്തപ്പെടും. ബോട്ടുകള്ക്കെന്നല്ല ചെറുവള്ളങ്ങള്‍ പോലും കരയിലേക്ക് അടുക്കാത്ത അവസ്ഥയുണ്ടാകും. ഫലത്തില്‍ ഹാര്‍ബര്‍ വെറും നോക്കുകുത്തിയായി മാറും. സ്വാര്‍ത്ഥ താല്പര്യങ്ങള് സംരക്ഷിക്കാന്‍ വികസനം സ്വന്തം വീട്ടുപടിക്കലെത്തിക്കാനുള്ള മന്ത്രിയുടെ വ്യഗ്രത മത്സ്യതൊഴിലാളികളുടെ സ്വപ്നങ്ങളാണ് തകര്‍ത്തെറിഞ്ഞത്.
ജനുവരി 14ന് മന്ത്രി അയച്ച കത്തിലെ നിര്‍ദ്ദേശത്തിന് 15ന് തന്നെ സര്‍ക്കാര്‍ അനുമതി നല്കി. തെരഞ്ഞെടുപ്പിന് മുമ്പുള്ള തെരുവുനാടകം മാത്രമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങളെ രണ്ട് തട്ടിലാക്കി വോട്ടുകള്‍ വീതം വെക്കാനുള്ള ഇടത് വലത് മുന്നണികളുടെ തന്ത്രമാണ് ഇതിന് പിന്നില്‍. മന്ത്രിയുടെ നടപടി വഞ്ചനപരമാണെന്ന് നാട്ടുകാരും സംഘടനകളും പ്രതികരിച്ചു. ഒരു ജനപ്രതിനിധി തന്നെ നാടിന്റെ ശാപമായി മാറുന്ന കാഴ്ചയാണ് പരപ്പനങ്ങാടിയിലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ആലുങ്ങല്‍ കടപ്പുറത്ത് തന്നെ ഹാര്‍ബര്‍ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: