കാഞ്ഞങ്ങാട്: ജില്ലയിലെ പുഴമണല്‍ ബുക്കിംഗ് നിര്‍ത്തിവെച്ചത് വിവിധ ഭാഗങ്ങളിലെ അനധികൃത മണലൂറ്റിന് കാരണമാകുന്നതായി ആരോപണം. വീട്, കെട്ടിടം നിര്‍മാണത്തിനായി അക്ഷയ വഴി ബുക്ക് ചെയ്തുള്ള പുഴ മണല്‍ ലഭ്യത കുറഞ്ഞതാണ് ജില്ലയില്‍ വിവിധ ഭാഗങ്ങളിലുള്ള മണലൂറ്റിന് കാരണം. ജില്ലാ ഭരണകൂടമാണ് അനധികൃത മണലൂറ്റിന് കാരണക്കാരെന്ന് ഉപഭോക്താക്കള്‍ പറയുന്നു. നേരത്തെ പാസ് വഴി ആവശ്യത്തിന് മണല്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏഴുമാസത്തോളമായി പുഴമണല്‍ ലഭിക്കുന്നില്ല. കടല്‍ മണല്‍ ഒരു മാസത്തിലൊരിക്കല്‍ മാത്രമാണ് ലഭിക്കുന്നത്. തറ മുതല്‍ ചുമര് വരെ വീട് നര്മാണത്തിന്റെ ആദ്യഘട്ടത്തിലാണ് പുഴമണല്‍ ആവശ്യമായി വരുന്നത്. പുഴമണല്‍ ലഭിക്കാതെ വീട് നിര്‍മാണം മുടങ്ങുന്ന ഘട്ടം വന്നതോടു കൂടിയാണ് ഉപഭോക്താക്കള്‍ വ്യാജ മണലിനെ ആശ്രയിക്കാന്‍ തുടങ്ങിയത്. ഇത് ചെറുതും വലുതുമായ മണല്‍ മാഫിയകള്‍ ജില്ലയില്‍ തഴച്ച് വളരുന്നതിന് കാരമാകുകയും ചെയ്തു.
കര്‍ണാടകത്തിലെ പുത്തൂരില്‍ നിന്നും സുളള്യയില്‍ നിന്നും എം സാന്റ് എന്ന പേരില്‍ മണല്‍ വരുന്നുണ്ടെങ്കിലും വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ്. അക്ഷയ വഴി ഇടയ്ക്കിടെയെങ്കിലും ലഭിക്കുന്നത് കടല്‍ മണലാണ്. ഇത് വീട് വാര്‍ക്കാന്‍ ഉപയോഗിക്കാറില്ല. തേപ്പ് നടക്കുമ്പോഴാണ് കടല്‍ മണല്‍ ആവശ്യമായി വരുന്നത്. നാട്ടില മണല്‍ ക്ഷാമം മാഫിയകള്‍ മുതലെടുക്കുകുയാണ് ചെയ്യുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മണല്‍ അത്യാവശ്യമായ സാഹചര്യത്തില്‍ വേറെ വഴിയില്ലാതെയാണ് ജനങ്ങള്‍ മണല്‍ മാഫിയകളോട് പുഴമണല്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്. പുഴകളില്‍ നിന്ന് രാത്രിയിലും, അധികൃതരുടെ കണ്ണെത്താത്ത സ്ഥലത്ത് നിന്ന് പകലും അനധികൃത മണലൂറ്റല്‍ നിര്‍ബാധം നടക്കുന്നുണ്ട്. ഇതില്‍ തങ്ങളുടെ സ്വന്തം ആവശ്യത്തിന് ചെറിയ തോതില്‍ മണലെടുക്കുന്ന പാവപ്പെട്ടവരുമുണ്ട്. ഭരണകൂടത്തിന്റെ അനാസ്ഥയാണ് അനധികൃത മണലൂറ്റല്‍ വ്യാപകമാകാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ആവശ്യമായ അളവില്‍ ആവശ്യമായ സമയത്ത് ഉപഭോക്താവിന് മണല്‍ ലഭിക്കാനുള്ള സംവിധാനം കാര്യക്ഷമമാക്കിയാല്‍ മണലൂറ്റല്‍ കുറയുമെന്നും നാട്ടുകാര്‍ പറയുന്നു. അനധികൃത മണലൂറ്റല്‍ തടയാന്‍ ശ്രമിക്കുന്ന അധികൃതര്‍ സാധാരണക്കാര്‍ക്ക് മണല്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണമെന്നും ഉപഭോക്താക്കള്‍ പറയുന്നു. ജില്ലയിലെ പുഴകളില്‍ നിന്നും സ്വകാര്യ വ്യക്തികളുള്‍പ്പെടെയുള്ളവര്‍ മണലെടുപ്പ് നടത്തുന്നുണ്ട്. ഒരു ചാക്കിന് മുന്നൂറു രൂപയോളമാണ് വാടകയുള്‍പ്പെടെ ഇവര്‍ ഈടാക്കുന്നത്. ആവശ്യം നോക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്.
ചെറുവത്തൂര്‍ സൊസൈറ്റിക്ക് കീഴിലുള്ള മാട്ടുമ്മല്‍ കടവില്‍ നിന്നും ലഭിക്കുന്നത് ചെളിനിറഞ്ഞ മണലാണെന്നും ആക്ഷേപമുണ്ട്. കടവിന്റെ തീരത്തു നിന്നു തന്നെ മണലെടുക്കുന്നതു മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് പറയുന്നു. ഒരിക്കല്‍ ബുക്കിംഗ് നടത്തിയാല്‍ പിന്നെ കടവ് മാറ്റാന്‍ സാധിക്കില്ലെന്നതും ചെളിനിറഞ്ഞ മണല്‍ വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിതരാക്കുന്നു. ഒരു മാസത്തില്‍ ഒരു പെര്‍മിറ്റില്‍ ഒരു ബുക്കിംഗ് മാത്രമാണുള്ളത്. പിന്നീട് മണല്‍ ലഭിക്കണമെങ്കില്‍ അടുത്ത മാസമാകണം. ഇത് നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ ഇടയാക്കുന്നുവെന്നും ഉപഭോക്താക്കള്‍ പറയുന്നു. ജനങ്ങളുടെ ദുരിതം അധികൃതര്‍ കണ്ടില്ലെന്ന് നടക്കുകയാണെന്നും ആക്ഷേപമുണ്ട്. ആവശ്യക്കാര്‍ക്ക് യഥാസമയത്ത് മണല്‍ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: