മാനന്തവാടി: മാനന്തവാടി-ബത്തേരി റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ സമയക്രമം പാലിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ ബസ്സുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് ബസ്സ് തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തു തീര്‍ന്നു.മാനന്തവാടി ഡി.വൈ.എസ്.പി.ഹസൈനാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തൊഴിലാളികള്‍ സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.പുതുതായി കെ.എസ്.ആര്.ടി.സി ആരംഭിച്ച 10 സര്‍വ്വീസുകളുടെയും നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സുകളുടെയും സമയക്രമങ്ങള്‍ ആര്.ടി.ഒ യുടെ നേതൃത്വത്തില്‍ പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 16 ന് വീണ്ടും ഇരുവിഭാഗക്കാരുടെയും യോഗം വിളിച്ചു ചേര്‍ക്കും.ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അനാവശ്യമായി ബസ്സ് തടയുന്നത് അവസാനിപ്പിക്കും.
നടവയലില്‍ ബസ്സുകള്‍ സമയക്രമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ബസ്തൊഴിലാളികളുമായുള്ള സംഘര്‍ഷം തടയാനും പോലീസിനെ നിയോഗിക്കുകയും യാത്രക്കാരുടെ പരാതികള്‍ സ്വീകരിക്കാനുള്ള നടപടിയുമെടുക്കും.ഈ തീരുമാനങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 11 മുതല്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് പുനരാരംഭിക്കും.റൂട്ടില്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന 24 സ്വകാര്യ ബസ്സുകള്‍ തിങ്കളാഴ്ച മുതലാണ് സമരം ആരംഭിച്ചത്.മാനന്തവാടിയില്‍നിന്നും ബത്തേരിയില്‍ നിന്നും അഞ്ചു വീതം കെ.എസ്.ആര്.ടി.സി ബസ്സുകള്‍ റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ചതോടെ റൂട്ടില്‍ മത്സര ഓട്ടം ആരംഭിക്കുകയായിരുന്നു. നാട്ടുകാര്‍ കോടതിയെ സമീപിച്ചാണ് വീണ്ടും 10 ബസ്സുകള്‍ സര്‍വ്വീസ് തുടങ്ങിയത്.ഇതിനെ ചോദ്യംചെയ്തുകൊണ്ട് നാട്ടുകാര്‍ സ്വകാര്യബസ്സുകള്‍ തടഞ്ഞതാണ് തൊഴിലാളികളുടെ സമരത്തില്‍ കലാശിച്ചത്.ഫെബ്രുവരി 10ന് നടന്നചര്‍ച്ചയില്‍ ജോ.ആര്.ടി.ഒ മനോഹരന്,ബത്തേരി എ.ടി.ഒ എം.ഒ വര്‍ക്കി,എം.വി.ഐ മാരായ റെജിവര്‍ഗീസ്,എ.അജികുമാര്‍,ബത്തേരി സി.ഐ.പി.ബിജുരാജ്,കേണിച്ചിറ എസ്.ഐ.എന്‍.എം.ജോസ്,ബസ്സ് ഓണേര്‍സ് പ്രതിനിധികളായ പ്രജിത് തോമസ്,പി.പി.സജി,പാസഞ്ചേഴ്സ് പ്രതിനിധികളായ എം.കെ പ്രദീപ്,വി.എസ് പങ്കജാക്ഷന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: