മലപ്പുറം: യുവാവിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പട്ടികജാതിവര്‍ഗ്ഗ ഐക്യവേദിയുടെ നേതൃത്വത്തില്‍ 12ന് എസ്പി ഓഫീസ് മാര്‍ച്ച് നടത്തും.
ആലങ്കോട് പഞ്ചായത്ത് കോക്കൂര്‍ സ്വദേശി കല്ലേപ്പറമ്പില് ചന്ദ്രന്റെ മകന് സാദീശന്റെ(24) ദുരൂഹമരണം അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ നവംബര്‍ 12നാണ് കോക്കൂര്‍ പാവട്ടിപ്പുറം പള്ളിക്ക് സമീപമുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ സാദീശനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതശരീരത്തില്‍ സംശയാസ്പദമായ മുറിവുകളുണ്ടായിരുന്നു. അപകടമരണമാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അത് തെറ്റാണെന്നാണ് ബന്ധുക്കളുടെ അഭിപ്രായം.
നവംബര്‍ 11ന് സാദീശനെ വീട്ടില്‍ നിന്നും കൂട്ടികൊണ്ട് പോയത് സുഹൃത്തായ യമുനാഥാണ്. വീട്ടില്‍ നിന്നും ഇരുവരും എടപ്പാളിലേക്ക് പോയതാണ്. പക്ഷേ സാദീശന് മാത്രം തിരികെ വന്നില്ല. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനിയില്ല. ഇതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പക്ഷേ പിറ്റേദിവസം കോക്കൂരിലെ കിണറില്‍ നിന്ന് മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പക്ഷേ പോലീസ് തൃപ്തികരമായ അന്വേഷണം നടത്തിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. തിരൂര്‍ ഡിവൈഎസ്പി സുഹൃത്തായ യമുനാഥിനെ ചോദ്യം ചെയ്തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ബന്ധുക്കള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്പി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12ന് രാവിലെ 11 മണിക്ക് നടത്തുന്ന ധര്‍ണ്ണ പട്ടികജാതിവര്‍ഗ്ഗ ഐക്യവേദി സംസ്ഥാന ചെയര്മാന് ഐത്തിയൂര്‍ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയര്മാന് ടി.വി.ശിവരാമന് അദ്ധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സി.എ.വിജയന് ഗുരുക്കള്‍, ഒ.വി.അപ്പുണ്ണി, ഇ.ടി.അറുമുഖന്, കെ.പി.ലീലാവതി, സാദീശന്റെ സഹോദരി സന്ധ്യ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: