അങ്ങാടിപ്പുറം: റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയതോടെ പുതിയ വിവാദങ്ങളും തലപൊക്കുന്നു. പണി പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ വേണമെന്നിരിക്കെ, ഉദ്ഘാടനം നേരത്തെയാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതാക്കള്‍.
ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തന്നെ കൊണ്ടുവരാനുള്ള ശ്രമവും തുടങ്ങി കഴിഞ്ഞു. മാര്‍ച്ച് 14ന് മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതാണ് വിവാദങ്ങള്‍ കത്തിപ്പടരാന്‍ ഇടയാക്കിയത്. കാരണം, ഇപ്പോഴത്തെ അവസ്ഥയില്‍ മാര്‍ച്ച് 14 ആകുമ്പോഴേക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കൊച്ചുകുട്ടികള്‍പോലും വിശ്വസിക്കില്ല. എന്നാല്‍ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ഓഫീസുമായി ബന്ധപ്പെട്ടോള്‍ കിട്ടിയ മറുപടി ഉദ്ഘാടന തീയതി സംബന്ധിച്ച് യാതൊരു തീരുമാനവും ആയില്ലെന്നാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് പാലം ഉദ്ഘാടനം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഉദ്ഘാടനം നടന്നില്ലെങ്കില്‍ അത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് നേതാക്കള്‍ക്കറിയാം. കാരണം പെരിന്തല്‍മണ്ണ, മങ്കട നിയോജകമണ്ഡലങ്ങളെ ബാധിക്കുന്ന പ്രശ്നമാണ് ഈ മേല്‍പ്പാലം. പേരിന് ഉദ്ഘാടനമെങ്കിലും നടത്തിയില്ലെങ്കില്‍ രണ്ട് മണ്ഡലം കൈവിട്ടുപോകാന്‍ സാധ്യത വളരെ കൂടുതലാണ്.
മണ്ഡലങ്ങളുടെ ഫലം നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നത് ഉറപ്പാണ്. ഇഴഞ്ഞ് നീങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തനം വന്‍ജനരോഷത്തിനാണ് വഴിതെളിച്ചത്. ഈ രോക്ഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.
കഴിഞ്ഞ പ്രാവശ്യം എല്‍ഡിഎഫും യുഡിഎഫും തുല്യനില പാലിച്ച പെരിന്തല്‍മണ്ണ നഗരസഭയില്‍ ഇത്തവണ യുഡിഎഫിന് വലിയ പരാജയമാണ് സംഭവിച്ചത്. ആകെയുള്ള 34 സീറ്റില്‍ യുഡിഎഫിന് നേടാനായത് വെറും 13 സീറ്റ് മാത്രം. അങ്ങാടിപ്പുറം പഞ്ചായത്തിലും സ്ഥിതി മറിച്ചായില്ല. കഴിഞ്ഞ പ്രാവശ്യം പഞ്ചായത്ത് ഭരിച്ച യുഡിഎഫ് ഇക്കുറി ഒറ്റസംഖ്യയില്‍ ഒതുങ്ങി.
മാത്രമല്ല ചരിത്രത്തില്‍ ആദ്യമായി ബിജെപി ഇവിടെ അക്കൗണ്ട് തുറക്കുകയും ചെയ്തു. പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിയും മങ്കടയില്‍ ടി.എ.അഹമ്മദ് കബീറുമാണ് ഇപ്പോള്‍ എംഎല്‍എമാര്‍. മേല്‍പ്പാല ഉദ്ഘാടനം നടത്താനുള്ള അണിയറ നീക്കം രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ്.
ഇതെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഇടതുപക്ഷം മേല്‍പ്പാല നിര്‍മ്മാണത്തിനെതിരെ നടത്തിയ സമരങ്ങള്‍ ജനങ്ങളെ വലച്ചിരുന്നു. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ശ്വാശത പരിഹാരം മേല്‍പ്പാലമല്ല പകരം ഓരാടംപാലം- മാനത്ത്മംഗലം ബൈപാസ് മാത്രമാണെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ തുടക്കം മുതല്‍ പറയുന്നത്.
എന്നാല്‍ ഇത് ശുദ്ധഅസംബന്ധമാണെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. അങ്ങാടിപ്പുറത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള ദൂരം ഇപ്പോള്‍ വെറും മൂന്ന് കിലോമീറ്റര്‍ മാത്രമാണ്. എന്നാല്‍ എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്ന മാര്‍ഗം വളഞ്ഞ് മൂക്കില്‍ പിടിക്കുന്നത് പോലെയാണ്. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുയെന്നത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയമായതിനാല്‍ പൊതുജനങ്ങള്‍ പോലും ഈ നിര്‍ദ്ദേശം തള്ളിയെന്നതാണ് വാസ്തവം. അസാധാരണ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയത്തും ഉപരോധ സമരം ഉള്‍പ്പെടെയുള്ളവ നടത്തി എല്‍ഡിഎഫ് ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിലാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: