സീനത് ഇര്ഫാന്, ലോകം ചുറ്റിസഞ്ചരിക്കാന്‍ ആഗ്രഹിച്ച അച്ഛന്റെ വഴിയേ യാത്ര തുടങ്ങിയ പെണ്‍കുട്ടി. വയസ്സ് 21. സ്വദേശം പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാന്‍ വിലക്കുകള്‍ ഏറെയുള്ള പാക്കിസ്ഥാന്. മരണത്തെപ്പോലും ഭയപ്പെടാതെ അവള് യാത്ര തുടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിടുന്നു. തന്റെ യാത്രയില്‍ ശരീരവും മനസ്സും ആത്മാവും ഒന്നാകുമെന്ന് സീനത് പറയുന്നു.
തികഞ്ഞ സ്വാതന്ത്ര്യമാണ് യാത്രയിലുടനീളം അവള് അനുഭവിക്കുന്നത്. മുടങ്ങാതെയുള്ള ധ്യാനവും തന്നെ ഏറെ വ്യത്യസ്തയാക്കുന്നുവെന്ന് സീനത്.
ലാഹോറാണ് സീനത്തിന്റെ സ്വദേശം. ഇവിടെ നിന്നും നോര്‍ത്ത് പാക്കിസ്ഥാനിലൂടെ ഖുന്ജേരബ് ചുരം വരെ ഈ പെണ്‍കുട്ടി ഇതിനോടകം ബൈക്കില്‍ യാത്രചെയ്തു. വിദേശീയരായ വനിതാ റൈഡര്‍മാര്‍ ഈ വഴിയെല്ലാം യാത്ര ചെയ്തിട്ടുണ്ടെങ്കിലും വിലക്കുകളെയെല്ലാം അതിജീവിച്ച് ആദ്യ പാക്കിസ്ഥാനി വനിതാ റൈഡറാണ് സീനത്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സമതലങ്ങളിലൊന്നായ ഡിയോസായിനു പുറമെ പുറത്തുനിന്നുള്ളവരെ വിദ്വേഷത്തോടെ മാത്രം കാണുന്ന യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന ജനത അധിവസിക്കുന്ന ചിലാസും എല്ലാം സീനത്തിന്റെ യാത്രയില്‍ ഉള്‍പ്പെടുന്നു.
യാത്രയിലൊരിടത്തും മരണഭയം ഈ പെണ്‍കുട്ടിയെ അലട്ടുന്നില്ല. വീട്ടിലാണെങ്കില്‍ പോലും അത് തേടിയെത്തുമെന്നുള്ളപ്പോള് ഭയപ്പെട്ടിട്ട് എന്തുകാര്യം എന്ന് ചോദിക്കും സീനത്. ഭയംകൊണ്ട് തന്റെ ആഗ്രഹങ്ങളെ തടഞ്ഞുവയ്ക്കാന്‍ ഇവള് ആഗ്രഹിക്കുന്നില്ല.
ബൈക്കില്‍ ലോകം ചുറ്റിക്കാണണമെന്നുള്ളത് സീനത്തിന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അകാലത്തിലുള്ള മരണം ആ ആഗ്രഹം ബാക്കിവച്ചുകൊണ്ടായിരുന്നു. അച്ഛന്റെ അഭിലാഷമാണ് അമ്മയുടെ പ്രേരണയാല്‍ മകള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്.
ഹെല്‍മറ്റിനുള്ളില്‍ മുഖം മറച്ചുകൊണ്ട് ബൂട്ട്സും ജാക്കറ്റും ധരിച്ച് സീനത് ബൈക്കില്‍ സഞ്ചരിക്കുന്നതുകണ്ടാല് ആര്‍ക്കും അത്രപെട്ടന്ന് അതൊരു പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. സഞ്ചാര ദിശ മനസ്സിലാക്കാന്‍ ആരുടേയെങ്കിലും സഹായം തേടുമ്പോള്‍ മാത്രമെ താനൊരു പെണ്ണാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുകയുള്ളുവെന്ന് സീനത്ത് പറയുന്നു. ജനം ഏത് തരത്തിലാണ് പ്രതികരിക്കുകയെന്നറിയാന്‍ അധികം കാത്തുനില്ക്കാറില്ലെന്നും അവര്‍ പറയുന്നു. ചിലരൊക്കെ സീനത്തിനെ ബൈക്കില്‍ ചുറ്റിയടിക്കുന്നത് നിരുത്സാഹപ്പെടുത്താറുണ്ട്. എന്നാല്‍ വിദേശ സഞ്ചാരികളില്‍ നിന്നും പിന്തുണയും പ്രോത്സാഹനവും ഏറെ കിട്ടുന്നുണ്ടെന്നും സീനത് പറയുന്നു. സീനത്തിന്റെ യാത്രയെ അവിശ്വസനീയം എന്ന് വിശേഷിപ്പിച്ചവരുമുണ്ട്.
യാത്ര മനോഹരമായ കാഴ്ചകളാണ് സീനത്തിന് സമ്മാനിച്ചിരിക്കുന്നതും. അതുവരെ ചിത്രങ്ങളിലൂടെ മാത്രം കണ്ടറിഞ്ഞ ദൃശ്യങ്ങള്‍ കണ്മുന്നില് അനുഭവിക്കാന്‍ സാധിച്ചതിന്റെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് സീനത്. യാത്ര തുടങ്ങും മുമ്പുവരെ മഞ്ഞ് എന്നത് കേട്ടറിവും ചിത്രങ്ങളില്‍ കണ്ട പരിചയവും മാത്രമായിരുന്നു. എന്നാല്‍ മലനിരകള്‍ മഞ്ഞണിഞ്ഞുനില്ക്കുന്നത് നേരില്‍ കണ്ടത് യാത്രയ്ക്കു ശേഷമാണ്. ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളില്‍ ഒന്നാണതെന്നും അവര്‍ പറയുന്നു. ഖുന്ജേരബ് ചുരത്തിലൂടെയുള്ള യാത്രയാണ് മറക്കാനാവാത്ത മറ്റൊരനുഭവം. ഇനിയും പോവാനുള്ള സ്ഥാലങ്ങളുടെ നീണ്ടനിരയാണ് സീനത്തിന്റെ മനസ്സിലുള്ളത്.
2013 ലാണ് സീനത്തിന്റെ സഹോദരന് 70 സിസി എഞ്ചിനോടുകൂടിയ ഒരു ബൈക്ക് വാങ്ങുന്നത്. സീനത് ഇര്‍ഫാനേയും ബൈക്ക് ഓടിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് ഇവരുടെ അമ്മയാണ്. അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനെ മകളെ പ്രാപ്തയാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. തുടക്കത്തില്‍ ഡ്രൈവിംഗ് എന്നതൊരു വെല്ലുവിളി തന്നെയായിരുന്നു സീനത്തിന്. ഗിയറും ക്ലച്ചും ബ്രേക്കും എല്ലാം കൂടി ഒരാശയക്കുഴപ്പം സൃഷ്ടിച്ചു. പിന്നീട് എല്ലാം സീനത്തിന്റെ നിയന്ത്രണത്തിലായി. ഭൂമിയിലെ സ്വര്‍ഗം എന്ന കേട്ടറിവ് മാത്രമുള്ള കശ്മീരിനെ അനുഭവിച്ചറിയുന്നതിനുള്ള യാത്രയ്ക്ക് തുടക്കമിട്ടത് പാക് തലസ്ഥാനമായ കശ്മീരില്‍ നിന്നുമാണ്.
പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലാത്ത യാഥാസ്ഥിതിക രാജ്യമായ പാക്കിസ്ഥാനില്‍ നിന്നാണ് സീനത്ത് ലോകം ചുറ്റിക്കാണാന്‍ ബൈക്കില്‍ യാത്രതിരിച്ചിരിക്കുന്നത്. തന്റെ അമ്മ വളരെയേറെ സ്വാതന്ത്ര്യം നല്കുന്ന വ്യക്തിയാണെന്ന് സീനത്ത് പറയുന്നു. ഫേസ്ബുക്കില്‍ സീനത് ഇര്ഫാന്: വണ്‍ ഗേള്‍ ടു വീല്‍സ് എന്ന പേരില്‍ ഒരു പേജുതന്നെ തുടങ്ങിയിട്ടുണ്ട്. സീനത്തിന്റെ യാത്ര സംബന്ധിച്ച ചിത്രങ്ങളാണ് ഇതിലേറെയും.
നദി മുറിച്ചുകടക്കുന്നതും ആദിവാസികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതും ഗ്രാമീണരായ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതും എന്നുവേണ്ട യാത്രയിലെ സുന്ദരനിമിഷങ്ങളെയൊക്കെ കാമറയില്‍ പകര്‍ത്തിയിരിക്കുകയാണ് സീനത്. യാത്രയിലെ തന്റെ അനുഭവങ്ങളെയെല്ലാം പങ്കുവയ്ക്കാനും സീനത്ത് മറക്കുന്നില്ല. അതെല്ലാം ഭാവിയിലെ വനിതാ സാഹസിക യാത്രികര്‍ക്ക് ഉപകരിക്കും എന്നുറപ്പ്. വനിതകള്‍ക്ക് അവരുടെ ലക്ഷ്യങ്ങളേയും ആഗ്രഹങ്ങളേയും തുറന്ന കൈ നീട്ടി സ്വീകരിക്കുന്നതിനുള്ള പ്രചോദനമാണ് സീനത് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: