രാഗാര്‍ദ്രമായൊരെന്‍ മാനസവീണയില്‍
പ്രേമാമൃതംതൂകി മീട്ടിയ ഗാനങ്ങള്‍
പൊന്‍മണി നാദത്തില്‍ മുങ്ങിക്കുളിക്കുന്നു
ഓര്‍മതന്‍ ചെപ്പുകള്‍ മെല്ലെത്തുറക്കവേ
സ്‌നിഗ്ധമാം ചിന്തകള്‍ പുഷ്പങ്ങളാകുന്നു
തേന്‍ നുകരുന്നതില്‍ സുകൃതിയാം വണ്ടുകള്‍
കാണുന്നതില്‍ ദോഷ ദൃക്‌സാക്ഷി ഹേതുവായ്
ഹൃത്തടം നോവിനാല്‍ പൂരിതമാകുന്നു
ഉത്സാഹവേളകള്‍ ഉത്സവമാക്കുന്ന
ഉള്‍പ്പൂവിനാനന്ദം കോരി നിറയ്‌ക്കുന്ന
കണ്ണുനീര്‍ത്തുള്ളികള്‍ പൊന്‍മുത്തായി മാറ്റുന്ന
ആത്മവീര്യത്തെ നമിക്കുന്നിതെപ്പോഴും
ജന്മാന്തരങ്ങള്‍ കഴിഞ്ഞാലുമെന്‍ മനം
ഒന്നായിച്ചേര്‍ന്നു ലയിച്ചുറങ്ങാനായി
അഞ്ജലിബദ്ധയായ് നില്‍ക്കുന്നു ഞാനിതാ
നേരിന്റെ പാരില്‍ വിളങ്ങുന്ന രൂപമായ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: