കല്‍പ്പറ്റ : ഫെബ്രുവരി 13 ന് ജില്ലയില്‍ എത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിരോധിക്കുമെന്ന് ഭാരതീയ ജനതാ യുവമോര്‍ച്ച ജില്ലാ ഭാരവാഹി യോഗം.
വയനാടന്‍ ജനതയ്ക്ക് മുഖ്യമന്ത്രി നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടില്ല. മെഡിക്കല്‍ കോളേജ്, വയനാടന്‍ വിദ്യാഭ്യാസ മേഖല, കര്‍ഷിക മേഖല എന്നീ മേഖലകള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രം നല്കി വയനാടന്‍ ജനതയെ കബളിപ്പിച്ച മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ യുവമോര്‍ച്ച തയ്യാറാകുമെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു. വയനാട് മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കൊട്ടിഘോഷിച്ച് നടത്തിയ തറക്കലിടല്‍ പ്രഹസനമാക്കി യുഡിഎഫ് ജനങ്ങളെ വഞ്ചിച്ചു.
വയനാട് മെഡിക്കല്‍ കോളേജിനോടൊപ്പമുള്ള മറ്റ് പതിമൂന്ന് ജില്ലകളിലേയും മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുകയോ പൂര്‍ത്തിയാവുകയോ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി വയനാടിന് പ്രഖ്യാപിച്ച മെഡിസിറ്റി പോയിട്ട് ഓരു പ്രാഥമിക ആരോഗ്യ കേന്ദത്തിന്റെ പ്രവര്‍ത്തനം പോലും തുടങ്ങിയില്ല. വയനാട് എംപിക്ക് പങ്കാളിത്തമുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിനെ സഹായിക്കാനാണ് എംഎല്‍എയും എംപിയും ചേര്‍ന്ന് ഒത്തുകളിക്കുന്നത്.
തെരഞ്ഞെടുപ്പ് മുന്പില് കണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനമാമാങ്കത്തിന് പുറപ്പെട്ടിരിക്കുന്നത്. ഇത് ജനം തിരിച്ചറിയുമെന്നും നേതാക്കള്‍ പറഞ്ഞു.
വയനാട് ജില്ലാ പ്രസിഡന്റ് സി. അഖില്‍ പ്രേം അദ്ധ്യക്ഷത വഹിച്ചു. ടി.എം സുബീഷ്, ജിതിന്‍ഭാനു, അഖില്‍ രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: