താനൂര്‍: താനൂര്‍ ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപം നല്‍കുന്നതിന് ജില്ലാകലക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു.
നിലവിലുള്ള തിരൂര്‍ താലൂക്കില്‍ മുപ്പത് വില്ലേജുകളാണുള്ളത്. തിരൂര്‍ താലൂക്കിലെ വിവിധ പ്രശ്നങ്ങളെ സമയബന്ധിതമായി പരിഹരിക്കുവാന്‍ കഴിയാതെ താലൂക്ക് ഓഫീസില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതുമൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് താനൂരിലെ പൊതു പ്രവര്‍ത്തകനായ വടക്കത്തില്‍ ബാപ്പു ഹൈകോടതിയെ സമീപിച്ചതിന്റെ അടി സ്ഥാനത്തിലാണ് ലാന്‍ഡ് റവന്യൂ ഡിപ്പാര്‍ട്ട്മെന്റിനോട് രണ്ടുമാസത്തിനകം താനൂര്‍ താലൂക്ക് രൂപീകരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടത്.
തിരൂര്‍ താലൂക്കില്‍ നിന്നും ജില്ലാ കലക്ടര്‍ക്ക് ലഭിച്ച അന്വോഷണത്തില്‍ താനൂര്‍ ബ്ലോക്കിന് കീഴിലുള്ള 10 വില്ലേജുകളിലായി 2011ലെ സെന്‍സസ് പ്രകാരം 3,22,463 ജനസംഖ്യ ഉള്ളതായും, ഈ ബ്ലോക്കില്‍ നൂറോളം സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ളതായും,തീരമേഖലയായതിനാല്‍ പുതിയ താലൂക്ക് രൂപീകരണം ജനങ്ങള്‍ക്ക് ആവശ്യമാണന്നും, ക്രമസമാധാന പ്രശ്നങ്ങളും ജനസംഖ്യാ വര്‍ദ്ധനവും ധാരാളമുള്ളതിനാല്‍ തിരൂര്‍ താലൂക്കിലെ പല റിക്കവറി നടപടികളും മുടങ്ങിക്കിടക്കുന്ന അവസ്ഥയില്‍ താനൂര്‍ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കുന്നത് അനുയോജ്യമാണെന്ന് കലക്ടര്‍ സര്‍ക്കാരിന് നല്കിയ ശുപാര്‍ശയില്‍ പറയുന്നു.
വിവിധ രാഷ്ട്രീയ സംഘടനകള്‍ അനുകൂല ആവശ്യവുമായി രംഗത്തുണ്ടായിരുന്നു. താനൂര്‍ ആസ്ഥാനമായി താലൂക്ക് നിലവില്‍ വന്നാല്‍ പത്ത് വില്ലേജുകളെ അടിസ്ഥാനമാക്കിയാണ് താലൂക്ക് രൂപകല്പന ചെയ്യുകയെന്നും ഇതുമൂലം പത്ത് വില്ലേജിലെ വിവിധ റവന്യു ജോലികള്‍ കാലതാമസം കൂടാതെ നിര്‍വ്വഹിക്കുവാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥരും നാട്ടുകാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: