പത്തനാപുരം: പട്ടാഴി തടയണ തകര്‍ന്നു. സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തിലാരംഭിച്ച തടയണയാണ് ശക്തമായ നീരൊഴുക്കില്‍ ഒലിച്ചു പോയത്. തെന്മല ഡാമില്‍ നിന്നും ആറ്റിലേക്ക് ജലം തുറന്നുവിട്ടതാണ് തടയണ തകര്‍ച്ചക്ക് കാരണമായത്. പട്ടാഴി ആറാട്ടുപുഴ കടവിലാണ് തടയണ നിര്‍മ്മാണം പുരോഗമിച്ചത്. നാല് കോടി രൂപയായിരുന്നു പദ്ധതി വിഹിതം. കല്ലടയാറിന് കുറുകെയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ജലസേചനത്തിന് വേണ്ടിയായിരുന്നു തടയണ നിര്‍മ്മിച്ചത്. രണ്ടാം ഘട്ടമായി വൈദ്യുതി ഉല്‍പാദനവും ലക്ഷ്യമിട്ടിരുന്നു. ചെറിയതോതില്‍ വൈദ്യുതി ഉല്‍പാദനം കൂടി നടത്തുന്നതിനു വേണ്ടി ചെക്ക് ഡാം മാതൃകയിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.
റവന്യൂ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലായിരിക്കെ തടയണ പൂര്‍ണമായും ഒലിച്ചുപോകുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നിര്‍മ്മാണത്തിനായി ഒരുക്കിയിരുന്ന താല്‍ക്കാലിക മണ്‍തിട്ടയും കോണ്‍ക്രീറ്റ് ബീമുകളും തകര്‍ന്നു. ആറിന്റെ വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുകയും അതിനെ ബന്ധപ്പെടുത്തി തടയണ നിര്‍മ്മിക്കുകയുമായിരുന്നു.
















