കുന്നത്തൂര്‍: തിങ്ങിനിറഞ്ഞ പുരുഷാരത്തിന്റെ മനവും ആനയടിയുടെ മണ്ണും നിറച്ചു ഗജവീരന്മാര്‍. ശൂരനാട്ടെ ഗ്രാമവീഥികള്‍ ആനതാരകളായി മാറി.
നരസിംഹസ്വാമി ക്ഷേത്രത്തിലെ ഗജമേളയില്‍ കേരളത്തിലെ പ്രമുഖ ഗജശ്രേഷ്ടരുള്‍പ്പെടെ അറുപതോളം ആനകള്‍ പങ്കെടുത്തു. ഉച്ചക്ക് മൂന്നിനോടെ ദേവന്റെ ഗ്രാമ പ്രദക്ഷിണം ആരംഭിച്ചു. പ്രതിഭാ ജംഗ്ഷന്‍ വഞ്ചിമുക്കു ആനയടി വഴി പ്രദക്ഷിണം ക്ഷേത്രത്തില്‍ തിരിച്ചെത്തിയതോടെ ഗജമേളക്ക് തുടക്കമായി. ക്ഷേത്രത്തിനു തെക്കുവശത്തെ വയലില്‍ നെറ്റിപ്പട്ടവും മുത്തുകുടയും ചൂടിയ ആനകള്‍ അണിനിരന്നു. തെങ്ങമം ജയവിജയന്മാരുടെ നേതൃത്വത്തില്‍ നൂറില്‍പ്പരം കലാകാരന്മാര്‍ അണിനിരന്ന പഞ്ചാരിമേളം ഗജമേളക്ക് കൊഴിപ്പെകി.
വിദേശികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് ആനപ്രേമികളാണ് ഗജമേള കാണാനായി എത്തിയത്. ആന സ്‌ക്വാഡിന്റെ കര്‍ശന പരിശോധനക്ക് ശേഷമാണ് ആനകളെ പൂരത്തിന് ഇറക്കിയത്. തുടര്‍ന്ന് കൊടിയിറക്ക്, ആറാട്ട്, സേവ എന്നിവയോടെ പൂരത്തിന് പരിസമാപ്തിയായി.
















