കൊല്ലം: കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിന് പാര്‍വ്വതി മില്ലിന്റെ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിവേദനം സമര്‍പ്പിച്ചു. ചിന്നക്കടയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പാര്‍ട്ടി ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ അഡ്വ. കല്ലൂര്‍ കൈലാസ്‌നാഥ് ആണ് നിവേദനം നല്‍കിയത്. ഇരുമുന്നണികളുടെയും ആത്മാര്‍ത്ഥതയില്ലായ്‌മയും അനാസ്ഥയുമാണ് കോടതി സമുച്ചയത്തിന് അനുയോജ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിവിധ സര്‍ക്കാര്‍ ഓഫീസുകളുള്ള കളക്‌ട്രേറ്റ് കെട്ടിടത്തിലാണ് 15 ഓളം കോടതികള്‍ പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാരിനെതിരെ വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളും മറ്റും കോടതികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് പലപ്പോഴും തടസമാകാറുണ്ട്. വ്യവഹാരികള്‍ക്കും അഭിഭാഷകര്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു പോലും ബുദ്ധിമുട്ടുന്നു. ചിരകാലാഭിഷമായ കോടതി സമുച്ചയം ഉയരേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ അമൃതനഗരം പദ്ധതിയിലുള്‍പ്പെട്ട കൊല്ലത്തിന്റെ വളര്‍ച്ചയ്‌ക്ക് അത്യന്താപേക്ഷിതമാണെന്ന് നിവേദനത്തില്‍ പറയുന്നു.
















