കല്‍പ്പറ്റ: കുടുംബശ്രീയും പട്ടിക വര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായി പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയായ ഊരുത്സവം തുടങ്ങി. 12 വകുപ്പുകളെ സംയോജിപ്പിച്ച് കൊണ്ട് സേവനങ്ങളും ആനുകൂല്യങ്ങളും വികസനവും നേരിട്ട് ഊരുകളില്‍ എത്തിയെന്ന് ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തിന് തന്നെ മാതൃകയെന്നോണമാണ് ഈ പ്രത്യേക പദ്ധതി കുടുംബശ്രീയും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഏറ്റെടുത്ത് ജില്ലയില്‍ നടപ്പിലാക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കുടുംബശ്രീ സി.ഡി.എസ്സും സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഗോത്ര ഊരുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രത്യേക മാതൃകാ പദ്ധതിയാണിത്. വിവിധ വകുപ്പുകള്‍ വിവിധ സമയങ്ങളില്‍ വിവിധ പദ്ധതികള്‍ ഊരുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കികൊണ്ടിരിക്കുന്നു. ഇവ പഞ്ചായത്ത് ,മുനിസിപ്പല്‍- വാര്‍ഡ് – ഊരു തലത്തില്‍ ഏകോപിപ്പിക്കുന്നതോടൊപ്പം ജനകീയ ശ്രദ്ധയും ആശ്വാസവും, സഹായവും പിന്തുണയും ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതികള്‍ ഊരുകളില്‍ നടപ്പിലാക്കുക. പഞ്ചായത്ത് തലത്തില്‍ തദ്ദേശ സ്വയം ഭരണ അധ്യക്ഷന്‍ ചെയര്‍മാനും, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കണ്‍വീനറും, വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും, എ.ഡി.എസ്. പ്രസിഡന്റ് കണ്‍വീനറുമായ കമ്മിറ്റിയാണ് ഊരുത്സവ പദ്ധതികള്‍ക്കും, പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത്. പരിശീലനം നേടിയ എസ്.ടി പ്രമോട്ടര്‍മാര്‍, ആനിമേറ്റര്‍മാര്‍ ഓരോ പ്രദേശത്തെയും ഊരുകളിലെത്തി പദ്ധതിയുടെ ഭാഗമായിയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു ഊരുത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളിലെ പരിശീലകരും,പരിശീലനം നേടിയവരും ഊരുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസ്സുകള്‍, കോളനി ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സുകള്‍, നിര്‍ഭയ, പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കൂട്ടുകൃഷി രൂപീകരണം, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അയല്‍ക്കൂട്ടം, ബാലസഭ, ജാഗ്രതാ സമിതി, സംരംഭങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഊരുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമാക്കല്‍, റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ് അംഗത്വം, ക്ഷേമ പെന്‍ഷനുകള്‍, ബാങ്ക് അക്കൗണ്ട് സൗകര്യം, വിവിധ തരം കാര്‍ഡുകള്‍,മെച്ചപ്പെട്ട ചികില്‍സ ക്യാമ്പ് ,വിവിധ തരം സര് ട്ടിഫിക്കറ്റുകള്, വിവിധ തരം ആനുകുല്ല്യങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഊരുത്സവത്തോടനുബന്ധിച്ച് തുടര്‍പഠന പദ്ധതിയായ വിദ്യാശ്രീ രജിസ്ട്രേഷനും നടന്നു വരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പട്ടിക വര്‍ഗ്ഗ വികസനം, കുടുംബശ്രീ, സാമൂഹ്യ നീതി, ആരോഗ്യം, വിദ്യാഭ്യാസം, പോലീസ്, എക്സൈസ്, റവന്യു, കൃഷി, ഫോറസ്റ്റ്, സിവില്‍ സപ്ലൈ, ധനകാര്യ സ്ഥാപനങ്ങള്‍, സാക്ഷരത, തൊഴിലുറപ്പ്, അക്ഷയ തുടങ്ങിയ വകുപ്പുകളിലെ വിദഗ്ദര്‍ ക്ലാസ്സെടുക്കാനും ഗോത്ര വിഭാഗങ്ങളുടെ പരാതി കേള്‍ക്കാനും സഹായങ്ങള്‍ നേരിട്ട് നല്‍കാനും ഊരിലെത്തുന്നു. ഊരുത്സവത്തോടനുബന്ധിച്ച് പട്ടിക വര്‍ഗ്ഗ ഊരുകളില്‍ അയല്‍ക്കുട്ടം, ബാലസഭ, ജാഗ്രതാ സമിതി, നിര്‍ഭയ രൂപീകരിക്കും. അയല്‍ക്കൂട്ടങ്ങളിലൂടെ ശാക്തീകരണവും വിവിധ പദ്ധതികളുടെ നടത്തിപ്പും ഉറപ്പാക്കും. പട്ടിക വര്‍ഗ്ഗ അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 10,000/- രൂപ കോര്‍പസ് ഫണ്ട് കുടുംബശ്രീ നിക്ഷേപിക്കും. രജിസ്റ്റര്‍, പാസ്ബുക്ക്,മിനുട്സ് മറ്റ് അനുബന്ധ രേഖകളും സൗജന്യമായി നല്‍കും. എസ്.ടി അയല്‍ക്കൂട്ട ഭാരവാഹികള്‍ക്ക് കണക്കെഴുത്ത് പരിശീലനം പ്രത്യേകമായി നല്‍കും. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വള്ളിപ്പറ്റ, കല്ലുവയല്‍, ചീക്കല്ലൂര്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ മംഗലശ്ശേരി, കരിങ്ങാരി, പൊഴുതന ഗ്രാമ പഞ്ചായത്തിലെ ഇടിയം വയല്‍, നൂല്പഴ ഗ്രാമ പഞ്ചായത്തിലെ തിരുവണ്ണൂര്‍, മണ്ണുര്കുന്ന്, എന്നീ ഊരുകളില്‍ ഊരുല്‍സവം പൂര്‍ത്തിയായി ഫെബ്രുവരി 8 നെന്മേനി ഗ്രാമ പഞ്ചായത്തിലെ വരിക്കേരി ഊരിലും ഫെബ്രുവരി 13 ന് മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ ജയ്ഹിന്ദ് ഊരിലും ഊരുല്‍സവം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: