കാസര്‍കോട്: മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 54,530 രൂപ പിടിച്ചെടുത്ത സംഭവത്തില്‍ തുടര്‍ നടപടികള്‍ പൂഴ്ത്തി വെച്ചതായി ആരോപണം. നടപടികളെല്ലാം കടലാസില്‍ മാത്രം ഒചുക്കിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
റെയ്ഡിനിടേ എക്സൈസ് ഓഫിസില്‍ നിന്ന് ഓടിരക്ഷപ്പെട്ട രണ്ട് ജീവനക്കാര്‍ക്കെതിരേ ഒരു നടപടിയെടുക്കാന്‍ സംഭവം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും ജീവനക്കാര്‍ ജോലിയില്‍ തുടരുകയാണ്. ഇവരുടെ താമസ സ്ഥലത്തു നിന്ന് 22230 രൂപയും രണ്ടുമൊബൈല്‍ ഫോണുമാണ് വിജിലന്‍സ് കണ്ടെടുത്തത്. പരിശോധനയ്ക്ക് വിജിലന്‍സെത്തിയപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഹൊസങ്കടി, വാമഞ്ചൂര്‍ എന്നിവിടങ്ങളിലെ വാണിജ്യനികുതി, വില്പന നികുതി, ആര്‍ടിഎ, എക്സൈസ്, വനം വകുപ്പ് ചെക്ക്പോസ്റ്റുകളില്‍ കാസര്‍കോട് വിജിലന്‍സ് വിഭാഗം റെയ്ഡ്നടത്തിയത് ഉദ്യോഗസ്ഥരുടെ താമസസ്ഥലത്ത് നിന്നാണ് പണം പിടിച്ചെടുത്തത്. വില്പന നികുതി ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തുനിന്ന് 32300 രൂപയുമാണ് കണ്ടെടുത്തത്. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായിരുന്നു റെയ്ഡ്.
ചെക്ക്പോസ്റ്റില്‍ വ്യാപകമായി പണപ്പിരിവും അഴിമതിയും നടക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ട്. വില്പന നികുതി ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തെ കക്കൂസില്‍ കൈക്കൂലിയായി പിരിച്ച പണം വിതറിയ നിലയില്‍ കണ്ടെത്തി. വിജിലന്‍സ് സംഘം വരുന്നതറിഞ്ഞ് ഉദ്യോഗസ്ഥര്‍ പണം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കക്കൂസ് പരിശോധിക്കില്ലെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നു.
കൈക്കൂലി സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടറോട് ശുപാര്‍ശ ചെയ്യാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ഇതുവരെ മറുപടി കിട്ടിയില്ലെന്നുമാണ് റെയ്ഡിന് നേതൃത്വം നല്കിയ ഡിവൈഎസ്പി കെ വി രഘുരാമന് പറയുന്നത്. സിഐമാരായ ഡോ. വി ബാലകൃഷ്ണന്, ടി ബാലകൃഷ്ണന് നായര്‍ എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കിയിരുന്നു. സാധാരണ രീതിയില്‍ ഒരുമാസത്തിനുള്ളില്‍ തന്നെ നടപടിയെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കേണ്ടതാണ്. അതേ സമയം കേസ് അട്ടിമറിക്കാനുള്ള ഉന്നത തല ശ്രമം നടക്കുന്നതായും സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്. ജില്ലയിലെ പല വിജിലന്‍സ് അന്വേഷണത്തിലും ഭരണ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഇതേ അവസ്ഥയാണെന്ന് ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: