കൊല്ലം: ആത്മസമര്‍പ്പണത്തോട ഭക്തര്‍ നാളെ പട്ടാഴിദേവിക്ക് പൊങ്കാല സമര്‍പ്പിക്കും. രാവിലെ 6.30ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഡി.ശ്രീകുമാര്‍ ഭദ്രദീപം തെളിയിക്കുന്നതോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകുമെന്ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് എ.ആര്‍.അരുണ്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍.കമ്മചന്ദ്രന്‍പിള്ള, ഹര്‍ഷന്‍ പട്ടാഴി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രസാദ വിതരണോദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും. ആദ്യപ്രസാദം റൂറല്‍ എസ്പി ശശികുമാര്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും സ്വീകരിക്കും. പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ കൂപ്പണുകളുടെ വിതരണം പൊങ്കാല ദിവസം രാവിലെ 6.30വരെ ക്ഷേത്രത്തിലെ കൗണ്ടറുകളില്‍ നിന്നും ലഭിക്കും. ഭക്തജനങ്ങളുടെ യാത്രസൗകര്യത്തിനായി കെഎസ്ആര്‍ടിസിയുടെ കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം, പത്തനംത്തിട്ട, അടൂര്‍ എന്നീ ഡിപ്പോകളില്‍ നിന്നും സപ്‌ഷെല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷസംവിധാനങ്ങള്‍ ഒരുക്കുവാന്‍ വിപുലമായ രീതിയില്‍ പോലീസ് സന്നാഹവും ക്ഷേത്രപരിസരത്ത് വിന്യസിക്കും. ക്ഷേത്രസംരക്ഷണ സമിതിയുടെ നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ പൊങ്കാലയുടെ വിജയകരമായ നടത്തിപ്പിനായി രംഗത്തുണ്ട്.
















