തിരുവനന്തപുരം: കുരങ്ങ് പനി ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം രണ്ട് ലക്ഷം രൂപയില്‍നിന്നും മൂന്ന് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചതായി പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ചികില്‍സയില്‍ കഴിയുന്നവര്‍ക്കുള്ള ധനസഹായം പതിനായിരം രൂപയില്‍നിന്ന് 20,000 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചതായി മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ പടര്‍ന്നുപിടിച്ച കുരങ്ങുപനി ബാധിച്ച് (കെ.എഫ്.ടി. പനി) മരിച്ച എല്ലാവരുടെയും ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നേരത്തെ നല്‍കിയിരുന്നു. പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് തുക അനുവദിക്കുന്നത്.
ഒരു ലക്ഷം രൂപ വീതം മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യമായതിനെ തുടര്‍ന്നാണ് ആദ്യം രണ്ട് ലക്ഷം രൂപയായും ഇപ്പോള്‍ അത് മൂന്ന് ലക്ഷം രൂപയായും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
കുരങ്ങ് പനി ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന 50 പേര്‍ക്ക് ചികില്‍സാ ധനസഹായമായി പതിനായിരം രൂപ വീതവും നല്‍കിയിരുന്നു.
പൂതാടി ചീയമ്പം കോളനിയിലെ മാധവന്, കുള്ളന്‍, ബൊമ്മന്, ദേവര്‍ഗദ്ദ കോളനിയിലെ ഓമന എന്നിവരുടെ ആശ്രിതര്‍ക്കാണ് രണ്ട് ലക്ഷം രൂപ വീതം നല്‍കിയിരുന്നു.
പ്രതിരോധ പ്രവര്‍ത്തനത്തിനായി ആരോഗ്യ വകുപ്പിന് അഞ്ചുലക്ഷം രൂപയും മൃഗസംരക്ഷണ വകുപ്പിന് നാല് ലക്ഷം രൂപയും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കിയിരുന്നു. രോഗബാധിത മേഖലയില്‍ 450 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്തു. പ്രദേശത്തേക്ക് കൂടുതല്‍ ട്രൈബല്‍ പ്രമോട്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
രോഗബാധിതര്‍ക്ക് പോഷകാഹാരം നല്‍കിയിരുന്നു. ആശുപത്രിയില്‍ കഴിയുന്നവരുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് 200 രൂപ വീതം നല്‍കിവരുന്നുണ്ട്.
പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും വയനാട് ജില്ലയിലെ 73 പേര്‍ക്കായി 15 ലക്ഷം രൂപയുടെ ചികില്‍സാധനസഹായം അനുവദിച്ചതായും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: