മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് വിമുക്ത ഭടന്മാര് പ്രക്ഷോഭത്തിനൊരുങ്ങുന്നു. വിമുക്ത ഭടന്മാര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എട്ടിന് രാവിലെ 10 മണിക്ക് കലട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് എക്സ് സര്‍വീസ് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിമുക്ത ഭടന്മാരെ ദ്രോഹിക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. മുമ്പ് സ്ഥലപരിമിതികളില്ലാതെ വിമുക്തഭടനും വിധവകള്‍ക്കും വീട് നികുതി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ 2013ല്‍ തറവിസ്തീര്‍ണം 2000 ചതുരശ്ര അടിയായി പരിമിതപ്പെടുത്തി പുതിയ ഉത്തരവിറക്കിയിക്കുകയാണ്. അതുപോലെ സൈനിക കാന്റീനുകളില്‍ ലഭിക്കുന്ന സാധനങ്ങളുടെ വാറ്റ് നികുതി പൂര്‍ണ്ണമായി ഒഴിവാക്കണം. കാന്റീന് മുഖാന്തിരം ലഭിച്ചുകൊണ്ടിരുന്ന ഗൃഹോപകരണങ്ങള്‍ സര്‍ക്കാരിന്റെ അവഗണനമൂലം ഇപ്പോള്‍ ലഭിക്കുന്നുമില്ല. ഇത് ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തി ല്‍ റിട്ട.കേണല്‍ ടി.കെ.രവീന്ദ്രനാഥ്, ക്യാപ്റ്റന്‍ സി.എന്‍.രാമനുണ്ണി, പി.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: